ഭാര്യ ശാസിച്ചു, അമ്മയും: ‘അയൽവാസിയുടെ ഭാര്യ’ പരാമർശത്തിൽ ഖേദിച്ച് കാർത്തിക്

dinesh-karthik
ദിനേഷ് കാർത്തിക് (താരം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രം)
SHARE

ലണ്ടൻ∙ ക്രിക്കറ്റ് കമന്റേറ്ററായുള്ള അരങ്ങേറ്റത്തിന്റെ ആവേശം തീരും മുൻപ് വിവാദത്തിൽ ചാടിയ ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേഷ് കാർത്തിക്, ഖേദപ്രകടനവുമായി രംഗത്ത്. ഇംഗ്ലണ്ട് – ശ്രീലങ്ക രണ്ടാം ഏകദിനത്തിനിടെ കമന്ററി ബോക്സിൽ നടത്തിയ ലൈംഗിക ചുവയുള്ള പരാമർശമാണ് കാർത്തിക്കിന് വിനയായത്. ‘ബാറ്റുകൾ അയൽവാസിയുടെ ഭാര്യയേപ്പോലെ’യാണ് എന്നായിരുന്നു കാർത്തിക്കിന്റെ കമന്റ്. ഈ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ഒട്ടേറെ ആരാധകരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. കാർത്തിക്കിന്റെ പരാമർശം അതിരുകടന്നതാണെന്ന വിമർശനം ശക്തമായ സാഹചര്യത്തിലാണ് തൊട്ടടുത്ത മത്സരത്തിൽ കമന്ററ്റി ബോക്സിൽവച്ചു തന്നെ കാർത്തിക് ഖേദപ്രകടനം നടത്തിയത്.

ഇംഗ്ലണ്ട് – ശ്രീലങ്ക മൂന്നാം ഏകദിനത്തിനിടെ കമന്ററി ബോക്സിൽവച്ചു തന്നെ കാർത്തിക് ഈ വിഷയത്തിൽ പ്രതികരിച്ചു. തന്റെ പരാമർശത്തിന്റെ പേരിൽ ഭാര്യയും അമ്മയും പോലും ശാസിച്ചതായി കാർത്തിക് വെളിപ്പെടുത്തി.

‘കഴിഞ്ഞ മത്സരത്തിൽ സംഭവിച്ച കാര്യങ്ങളിൽ ഖേദം പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ഉദ്ദേശിച്ചതുപോലെയല്ല കാര്യങ്ങൾ സംഭവിച്ചത്. പറഞ്ഞുവന്നത് തെറ്റിപ്പോയി. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. പറയാൻ പാടില്ലാത്തതാണ് എന്റെ വായിൽനിന്ന് വന്നത്. ആ പരാമർശത്തിന്റെ പേരിൽ ഭാര്യയും അമ്മയും ഉൾപ്പെടെ എന്നെ ശാസിച്ചു’ – കാർത്തിക് പറഞ്ഞു.

കമന്റേറ്ററായുള്ള അരങ്ങേറ്റത്തിലെ തകർപ്പൻ പ്രകടനത്തിന് ആരാധകരുടെ കയ്യടി വാങ്ങി ഒരാഴ്ച പിന്നിട്ടപ്പോഴാണ് വാവിട്ട പ്രയോഗത്തിന്റെ പേരിൽ ദിനേഷ് കാർത്തിക് വിവാദത്തിൽ ചാടിയത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനുള്ള രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) കമന്റേറ്റർമാരുടെ പാനലിൽ ഇടംപിടിച്ച ദിനേഷ് കാർത്തിക്ക്, ‘അരങ്ങേറ്റ’ത്തിൽ ആരാധകരുടെ കയ്യടി നേടിയിരുന്നു. മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ പലപ്പോഴും മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ, കാലാവസ്ഥയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ ആരാധകരിൽ എത്തിച്ച് ‘വെതർമാൻ’ എന്ന പേരും സ്വന്തമാക്കി.

ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിൽ നടക്കുന്ന പരമ്പരയിൽ സ്കൈ സ്പോർട്സിന്റെ കമന്റേറ്റർമാരുടെ പാനലിൽ അംഗമാണ് കാർത്തിക്. മത്സരത്തിനിടെ കാർത്തിക് നടത്തിയൊരു വിശകലനമാണ് വിവാദത്തിലേക്ക് വാതിൽ തുറന്നത്. മിക്ക ബാറ്റ്സ്മാൻമാർക്കും സ്വന്തം ബാറ്റിനേക്കാൾ ഉപയോഗിക്കാൻ ഇഷ്ടം മറ്റുള്ളവരുടെ ബാറ്റുകളാണെന്ന ‘കണ്ടെത്തൽ’ വിശദീകരിക്കാനാണ് കാർത്തിക് വിവാദ‌ം സൃഷ്ടിച്ച ഉപമ അവതരിപ്പിച്ചത്.

‘ബാറ്റ്സ്മാൻമാരിൽ ഏറിയ പങ്കിനും അവരുടെ സ്വന്തം ബാറ്റിനോട് അത്ര മമതയില്ല. അവർക്ക് കൂടുതൽ താൽപര്യം മറ്റുള്ളവരുടെ ബാറ്റുകളാണ്. ബാറ്റുകൾ അയൽക്കാരന്റെ ഭാര്യയേപ്പോലെയാണ്. അവരാണ് കൂടുതൽ നല്ലതെന്ന് എപ്പോഴും തോന്നിക്കൊണ്ടിരിക്കും’ – ഇതായിരുന്നു കാർത്തിക്കിന്റെ പരാമർശം.

English Summary: Dinesh Karthik issues apology after unpleasant 'neighbour's wife' remark

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA