ADVERTISEMENT

ലണ്ടൻ∙ ലോകമെമ്പാടുമുള്ള ആരാധകരെ വിസ്മയിപ്പിച്ച് കൗണ്ടി ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അംലയുടെ മാരത്തൺ ഇന്നിങ്സ്. തോൽവിയുടെ വക്കിലായിരുന്ന സ്വന്തം ടീമിനെ രക്ഷിക്കാൻ ക്രീസിലുറച്ചുനിന്ന് പൊരുതിയ അംല ആകെ നേടിയത് 37 റൺസ്. ഇതിനിടെ നേരിട്ടതോ, 278 പന്തുകൾ! കൗണ്ടി ക്രിക്കറ്റിൽ സറെയും ഹാംഷയറും തമ്മിലുള്ള മത്സരത്തിലാണ് അംലയുടെ മാരത്തൺ ഇന്നിങ്സ് ആരാധകരുടെ മനസ്സ് കീഴടക്കിയത്. 278 പന്തിൽ വെറും അഞ്ച് ഫോറുകൾ സഹിതം 37 റൺസുമായി പുറത്താകാതെ നിന്ന അംല ടീമിന് വിജയത്തോളം പോന്നൊരു സമനിലയും സമ്മാനിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 40 റൺസിൽ കുറവ് സ്കോർ ചെയ്യാൻ കൂടുതൽ പന്തുകൾ നേരിട്ട താരമെന്ന റെക്കോർഡ‍് ഇനി അംലയ്ക്കു സ്വന്തം.

മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഹാംഷയർ 488 റൺസാണ് നേടിയത്. തകർപ്പൻ സെഞ്ചുറിയുമായി കളം നിറഞ്ഞ ന്യൂസീലൻഡ് താരം കോളിൻ ഡി ഗ്രാൻഡ്ഹോമിന്റെ ഇന്നിങ്സാണ് ഹാംഷയറിന് കരുത്തായത്. 213 പന്തുകൾ നേരിട്ട ഗ്രാൻഡ്ഹോം 17 ഫോറും മൂന്നു സിക്സും സഹിതം 174 റൺസുമായി പുറത്താകാതെ നിന്നു. ഓപ്പണർ ഇയാൻ ഹോളണ്ട് (126 പന്തിൽ 58), ഫെലിക്സ് ഓർഗൻ (102 പന്തിൽ 67) എന്നിവർ അർധസെഞ്ചുറിയും നേടി.

മറുപടി ബാറ്റിങ്ങിൽ കൂട്ടത്തോടെ തകർന്ന സറെ ഒന്നാം ഇന്നിങ്സിൽ 31.4 ഓവറിൽ വെറും 72 റൺസിന് പുറത്തായി. 65 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 29 റൺസെടുത്ത അംലയായിരുന്നു സറെയുടെ ടോപ് സ്കോറർ. അംലയ്ക്കു പുറമെ സറെ നിരയിൽ രണ്ടക്കം കണ്ടത് റയാൻ പട്ടേൽ (39 പന്തിൽ 11) മാത്രം. 14 ഓവറിൽ 24 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത കെയ്ത് ബാർകറാണ് സറെയെ തകർത്തത്. കൈൽ ആബട്ട് മൂന്നും ബ്രാഡ് വീൽ രണ്ടും വിക്കറ്റ് വീഴ്ത്തി.

ഫോളോ ഓൺ ചെയ്ത് രണ്ടാം ഇന്നിങ്സ് ആരംഭിച്ച സറെയ്ക്ക് ഇത്തവണയും അടിപതറി. ഒൻപത് റൺസിനിടെ മൂന്നു 30 റൺസിനിടെ നാലും വിക്കറ്റ് നഷ്ടമാക്കി പതറിയ സറെയെ രക്ഷിക്കാനാണ് നാലാമനായി ഇറങ്ങിയ അംല മാരത്തൺ ഇന്നിങ്സ് പുറത്തെടുത്തത്. മത്സരത്തിന്റെ അവസാന ദിനം രണ്ടു വിക്കറ്റ് നഷ്ടത്തിൽ ആറു റൺസുമായാണ് സറെ ബാറ്റിങ് പുനരാരംഭിച്ചത്. ഒരു വശത്ത് വിക്കറ്റുകൾ കൊഴിയുമ്പോഴും മറുവശത്ത് അക്ഷോഭ്യനായി നിന്ന അംല ഹാംഷയർ ബോളർമാരെ വിജയകരമായി പ്രതിരോധിച്ചു.

അംലയുടെ നേതൃത്വത്തിൽ 104.5 ഓവറുകളാണ് സറെ ബാറ്റ്സ്മാൻ പിടിച്ചുനിന്നത്. ഒടുവിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് എന്ന നിലയിൽ നിൽക്കെ മത്സരം സമനിലയിൽ അവസാനിച്ചു. റയാൻ പട്ടേൽ (86 പന്തിൽ 16), ജാമി സ്മിത്ത് (60 പന്തിൽ 14), ബെൻ ജെഡെസ് (54 പന്തിൽ 15) തുടങ്ങിയവരെല്ലാം അംലയ്ക്ക് ഉറച്ച പിന്തുണ നൽകി. ഒൻപതാം വിക്കറ്റിൽ റിക്കി ക്ലാർക്കിനൊപ്പം 55 പന്തുകളാണ് അംല വിക്കറ്റ് കളയാതെ പിടിച്ചുനിന്നത്. ക്ലാർക്ക് 26 പന്തിൽ രണ്ടു റൺസുമായി പുറത്താകാതെ നിന്നു.

English Summary: Hashim Amla scores 37* off 278 balls for Surrey in County cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com