ADVERTISEMENT

കൊളംബോ∙ ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിൽ ശിഖർ ധവാനും സംഘവും ആധികാരിക വിജയം നേടിയതോടെ, ഇന്ത്യയ്‌ക്കെതിരെ നടത്തിയ പ്രസ്താവനയുടെ പേരിൽ പരിഹാസപാത്രമായി ശ്രീലങ്കയുടെ മുൻ താരം അർജുന രണതുംഗ. ഇംഗ്ലണ്ടിലേക്ക് ഒന്നാം നമ്പർ ടീമിനെ അയച്ച ഇന്ത്യ, ശ്രീലങ്കൻ പര്യടനത്തിനായി രണ്ടാം നിര ടീമിനെ അയച്ച് ശ്രീലങ്കൻ ക്രിക്കറ്റിനെ അപമാനിച്ചുവെന്നായിരുന്നു രണതുംഗയുടെ ആക്ഷേപം. ഒന്നാം ഏകദിനത്തിൽ ശ്രീലങ്കയെ അനായാസം തോൽപ്പിച്ച് ഇന്ത്യ പരമ്പരയിൽ ലീഡു നേടിയതിനു പിന്നാലെയാണ് രണതുംഗയ്‌ക്കെതിരെ രൂക്ഷ പരിഹാസം ഉയർന്നത്.

ഇന്ത്യയുടെ മുൻ താരങ്ങളായ വീരേന്ദർ  സേവാഗ്, വെങ്കടേഷ് പ്രസാദ്, കമന്റേറ്റർ കൂടിയായ ആകാശ് ചോപ്ര തുടങ്ങിയവരാണ് രണതുംഗയെ പരിഹസിച്ചും വിമർശിച്ചും രംഗത്തെത്തിയത്. ഇന്ത്യയുടെ യുവതാരങ്ങൾ ഒന്നാം ഏകദിനത്തിൽ പുറത്തെടുത്ത തകർപ്പൻ പ്രകടനത്തോടെ, അന്ന് പറഞ്ഞ വാക്കുകൾ വിഴുങ്ങേണ്ട സ്ഥിതിയിലാണ് രണതുംഗയെന്ന് ഇവർ പരിഹസിച്ചു. ഇന്ത്യൻ ടീം ശ്രീലങ്കയിലെത്തിയതിനു പിന്നാലെയാണ്, രണ്ടാം നിര ടീമിനെ അയച്ച് ശ്രീലങ്കൻ ക്രിക്കറ്റിനെ ഇന്ത്യ അപമാനിച്ചുവെന്ന് രണതുംഗ ആക്ഷേപിച്ചത്.

‘രണതുംഗ അങ്ങനെയൊരു പരാമർശം നടത്തിയത് കടുത്തുപോയി. ഇത് ഇന്ത്യയുടെ ബി ടീമാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചു കാണും. ഏതു രാജ്യത്തേക്കും തുല്യ ശക്തിയുള്ള മറ്റൊരു ടീമിനേക്കൂടി അയയ്ക്കാനുള്ള കരുത്ത് നിലവിൽ ഇന്ത്യയ്‌ക്കുണ്ടെന്നുള്ളതാണ് വാസ്തവം. ഒരുപക്ഷേ, ഐപിഎൽ വഴി നമുക്കു ലഭിച്ച ഒരു ഗുണമായിരിക്കാം ഇത്. ഒരു ടീമിൽ ഒതുക്കാന്‍ സാധിക്കാത്തത്ര പ്രതിഭയുള്ള താരങ്ങൾ നമുക്കുണ്ട്. ഈ ടീമും പ്രതിഭയുടെ കാര്യത്തിൽ തുല്യരാണ്’  – സേവാഗ് ചൂണ്ടിക്കാട്ടി.

‘ഈ ടീമിനെ ബി ടീം എന്നു വിളിച്ചാൽ നാം എങ്ങനെ അംഗീകരിക്കും? ഇപ്പോഴത്തെ ഇംഗ്ലണ്ട് ടീമിനെതിരെ മത്സരിച്ചാൽ പോലും ജയിക്കാനുള്ള മികവ് ഈ ടീമിനുണ്ട്. ഈ ടീമിനെ ഒരു തരത്തിലും ബി ടീമായി കാണാനാകില്ല. ഈ പ്രതിസന്ധി ഘട്ടത്തിൽ ശ്രീലങ്കയിലേക്ക് ടീമിനെ അയച്ച ബിസിസിഐയോട് അവർ നന്ദി പറയുകയാണ് വേണ്ടത്. ശ്രീലങ്കയിലേക്ക് ടീമിനെ അയയ്ക്കാൻ നിർവാഹമില്ലെന്ന് അവർക്ക് തീർച്ചയായും പറയാമായിരുന്നു’ – സേവാഗ് ചൂണ്ടിക്കാട്ടി.

രണതുംഗ പറഞ്ഞ വാക്കുകൾ ഇന്ത്യൻ ടീം ഗൗരവത്തിലെടുത്തു എന്നായിരുന്നു ആകാശ് ചോപ്രയുടെ വിലയിരുത്തൽ. ‘ഇന്ത്യൻ ടീം അത് (രണതുംഗയുടെ വാക്കുകൾ) ഗൗരവത്തിലെടുത്തെന്ന് തോന്നുന്നു. ഇന്ത്യ രണ്ടാം നിര ടീമിനെയാണ് അയച്ചതെന്നും ഇത് അപമാനകരമാണെന്നും രണതുംഗ പറഞ്ഞിരുന്നു. 15 ഓവറും ഏഴു വിക്കറ്റും ബാക്കിയാക്കി ജയിക്കാൻ മാത്രം ചെറിയ സ്കോറൊന്നുമായിരുന്നില്ല 262 റൺസ്’ – ചോപ്ര ചൂണ്ടിക്കാട്ടി.

‘ആതിഥേയരെ എങ്ങനെയാണ് നിശബ്ദരാക്കേണ്ടതെന്ന് ഇന്ത്യയുടെ യുവനിര കാണിച്ചുതന്നു. ഇപ്പോൾ സാഹചര്യങ്ങൾ മാറിയിട്ടുണ്ട്. എതിരാളികളെ തച്ചുതകർത്ത് നേടിയ വിജയമാണിത്’ – ചോപ്ര ചൂണ്ടിക്കാട്ടി.

‘ഇന്ത്യ ബി. ബി ഫോർ ബ്രില്യന്റ്. തകർപ്പൻ വിജയം. ശരിക്കും ആസ്വദിച്ചു’ – എന്നായിരുന്നു ട്വിറ്ററിലൂടെ വെങ്കടേഷ് പ്രസാദിന്റെ പ്രതികരണം.

English Summary: ‘We’ve so much talent we can’t accumulate in single team’: Sehwag on Ranatunga's 'rude' 'second-string team' remark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com