ADVERTISEMENT

ലണ്ടൻ∙ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായുള്ള പരിശീലന മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി വിക്കറ്റ് കീപ്പർ കെ.എൽ. രാഹുൽ. ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് കോവിഡ് ബാധിതനാകുകയും രണ്ടാം നമ്പർ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ ഐസലേഷനിലേക്കു മാറുകയും ചെയ്തതോടെ വിക്കറ്റ് കാക്കാനുള്ള ചുമതല ലഭിച്ച രാഹുൽ, 150 പന്തിൽ 11 ഫോറും ഒരു സിക്സും സഹിതം 101 റൺസെടുത്ത് ഡിക്ലയർ ചെയ്തു. രാഹുലിനു പിന്നാലെ രവീന്ദ്ര ജഡേജയും അർധസെഞ്ചുറി നേടിയതോടെ കൗണ്ടി സെലക്ട് ഇലവനെതിരായ മത്സരത്തിൽ ഒന്നാം ദിനം കളി നിർത്തുമ്പോൾ 90 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 306 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ജസ്പ്രീത് ബുമ്ര മൂന്നു റൺസോടെയും മുഹമ്മദ് സിറാജ് ഒരു റണ്ണോടെയും ക്രീസിൽ.

രവീന്ദ്ര ജഡേജ 146 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 75 റൺസെടുത്ത് പുറത്തായി. അഞ്ചാം വിക്കറ്റിൽ രാഹുൽ – ജഡേജ സഖ്യം കൂട്ടിച്ചേർത്ത 127 റൺസാണ് ഇന്ത്യൻ ഇന്നിങ്സിലെ മികച്ച കൂട്ടുകെട്ട്.

വിരാട് കോലിയുടെ അഭാവത്തിൽ ഇന്ത്യയെ നയിക്കുന്ന രോഹിത് ശർമ (33 പന്തിൽ ഒൻപത്), മായങ്ക് അഗർവാൾ (35 പന്തിൽ 28), ചേതേശ്വർ പൂജാര (47 പന്തിൽ 21), ഹനുമ വിഹാരി (71 പന്തിൽ 24), ഷാർദുൽ ഠാക്കൂർ (28 പന്തിൽ 20), അക്സർ പട്ടേൽ (0), ഉമേഷ് യാദവ് (14 പന്തിൽ 12) എന്നിവരാണ് പുറത്തായത്. കൗണ്ടി സെലക്ട് ഇലവനായി ക്രെയ്ഗ് മൈൽസ് മൂന്നും ലിൻഡൻ ജയിംസ്, ലിയാം പാറ്റേഴ്സൻ വൈറ്റ് എന്നിവർ രണ്ടു വിക്കറ്റു വീതവും വീഴ്ത്തി. ജാക്ക് കാർസന് ഒരു വിക്കറ്റ് ലഭിച്ചു.

ക്യാപ്റ്റൻ വിരാട് കോലിക്കു പുറമെ വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെയും കളിക്കാതിരുന്നതോടെയാണ് പരിശീലന മത്സരത്തിൽ ടീമിനെ നയിക്കാനുള്ള നിയോഗം രോഹിത് ശർമയ്ക്ക് ലഭിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തെങ്കിലും ഓപ്പണറായെത്തിയ രോഹിത്തിന് ശോഭിക്കാനായില്ല. ശുഭ്മൻ ഗില്ലിനു പകരം ഓപ്പണറായെത്തിയ മയാങ്ക് അഗർവാളിനു മികച്ച തുടക്കം ലഭിച്ചെങ്കിലും അതു മുതലാക്കാനുമായില്ല. 35 പന്തിൽ ആറു ഫോറുകളോടെ 28 റൺസെടുത്ത അഗർവാളിനെ ലിൻഡൻ ജയിംസ് ബൗൾഡാക്കി.

ചേതേശ്വർ പൂജാര, ഹനുമ വിഹാരി എന്നിവർക്കും മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മികച്ച സ്കോറിലേക്ക് എത്തിക്കാനായില്ല. 47 പന്തിൽ രണ്ടു ഫോറുകൾ സഹിതം 21 റൺസെടുത്ത പൂജാരയെ ജാക്ക് കാർസന്റെ പന്തിൽ വിക്കറ്റ് കീപ്പർ സ്റ്റംപ് ചെയ്തു പുറത്താക്കി. ഹനുമ വിഹാരിയെ പാറ്റേഴ്സൻ വൈറ്റിന്റെ പന്തിൽ ക്രെയ്ഗ് മൈൽസ് ക്യാച്ചെടുത്ത് പുറത്താക്കി.

പിന്നീട് അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന രാഹുൽ – ജഡേജ സഖ്യമാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിൽ എത്തിച്ചത്. ഇരുവരും കൂട്ടിച്ചേർത്തത് 127 റൺസ്. സെഞ്ചുറി തികച്ചതിനു പിന്നാലെ രാഹുൽ തിരികെ കയറിയെങ്കിലും പിന്നാലെ രവീന്ദ്ര ജഡേജ അർധസെഞ്ചുറി നേടി. 146 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 75 റൺസെടുത്ത ജഡേജയെ ക്രെയ്ഗ് മൈൽസ് പുറത്താക്കി. ജെയ്ക് ലിബ്ബി ക്യാച്ചെടുത്തു. ഷാർദുൽ ഠാക്കൂർ 28 പന്തിൽ രണ്ടു ഫോറുകളോടെ 20 റൺസെടുത്ത് മൈൽസിനു തന്നെ വിക്കറ്റ് സമ്മാനിച്ചു. അക്സർ പട്ടേലിനെ മൈൽസ് ഡക്കാക്കി. ഉമേഷ് യാദവ് ഓരോ സിക്സും ഫോറും കണ്ടെത്തിയെങ്കിലും 14 പന്തിൽ 12 റൺസുമായി പാറ്റേഴ്സൻ വൈറ്റിന് വിക്കറ്റ് സമ്മാനിച്ചു.

English Summary: County Select XI vs Indians, 3-day warm-up match - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com