ADVERTISEMENT

കൊളംബോ ∙ തോൽവി ഉറപ്പിച്ച ഏകദിന മത്സരം എങ്ങനെ തിരിച്ചുപിടിക്കാമെന്നതിന്റെ പ്രാക്ടിക്കൽ ക്ലാസ് വേണ്ടവർക്ക് സധൈര്യം ഇന്ത്യ–ശ്രീലങ്ക രണ്ടാം ഏകദിനത്തിന്റെ ഹൈലൈറ്റ്സ് കാണാം. തോറ്റുവെന്ന് ഉറച്ച ആരാധകർ പോലും വിശ്വസിച്ചുപോയ മത്സരം ദീപക് ചാഹർ എന്ന പോരാളിയുടെ കന്നി അർധസെഞ്ചുറിക്കരുത്തിൽ (82 പന്തിൽ 69*), അദ്ദേഹത്തിന് ഭുവനേശ്വർ കുമാർ എന്ന ബോളിങ് പങ്കാളി നൽകിയ പിന്തുണയുടെ കരുത്തിൽ ഇന്ത്യ തിരിച്ചുപിടിച്ചു; തികച്ചും അപ്രതീക്ഷിതമായി, അതിലേറെ അവിശ്വസനീയമായി. ദീപക് ചാഹർ – ഭുവനേശ്വർ കുമാർ സഖ്യത്തിന്റെ ‘വണ്ടർ കൂട്ടുകെട്ടി’ന്റെ മികവിൽ തുടർച്ചയായ രണ്ടാം ഏകദിനത്തിലും ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യൻ യുവനിര ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയും ഉറപ്പാക്കി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 275 റൺസ്. മറുപടി ബാറ്റിങ്ങിൽ ഏഴിന് 193 റൺസ് എന്ന നിലയിൽ തകർന്ന ഇന്ത്യ, ചാഹർ – ഭുവി കൂട്ടുകെട്ടിന്റെ ബലത്തിൽ പിന്നീട് ഒരു വിക്കറ്റ് പോലും നഷ്ടമാക്കാതെ ലക്ഷ്യത്തിലെത്തി. അതും അഞ്ച് പന്തുകൾ ബാക്കിനിർത്തി. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2–0ന് മുന്നിലെത്തി. മുൻനിര ബാറ്റ്സ്മാൻമാർ പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ പോയ മത്സരത്തിലാണ് ബോളർമാരുടെ ബാറ്റിങ് മികവിൽ ഇന്ത്യ ജയിച്ചുകയറിയത്. അർധസെഞ്ചുറിക്കു പുറമേ രണ്ടു വിക്കറ്റുകളും പിഴുത ദീപക് ചാഹറാണ് കളിയിലെ കേമൻ. പരമ്പരയിലെ മൂന്നാം മത്സരം വെള്ളിയാഴ്ച നടക്കും.

ഇന്ത്യൻ പേസ് ബോളിങ്ങിന്റെ കുന്തമുനയാകുമെന്ന് പ്രതീക്ഷിച്ചവർ ബാറ്റിങ്ങിലെ മുൻനിര പോരാളികളായി മാറിയ ആവേശപ്പോരാട്ടത്തിൽ, ഏകദിനത്തിലെ കന്നി അർധസെഞ്ചുറി കുറിച്ച ദീപക് ചാഹർ പുറത്താകാതെ ‌69 റൺസെടുത്ത് ഇന്ത്യയുടെ ടോപ് സ്കോററായി. 82 പന്തിൽ ഏഴു ഫോറും ഒരു സിക്സും ഉൾപ്പെടുന്നതാണ് ചഹാറിന്റെ ഇന്നിങ്സ്. ഇതിനു മുൻപ് ചാഹറിന്റെ ഉയർന്ന സ്കോർ വെറും 12 റൺസ് മാത്രം. അതി സമ്മർദ്ദം നിറഞ്ഞ നിമിഷങ്ങളെ അതി സുന്ദരമായി മറികടന്നാണ് ചാഹർ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ചഹാറിന് ഉറച്ച പിന്തുണയുമായി ഭുവനേശ്വർ കുമാർ 28 പന്തിൽ രണ്ടു ഫോറുകൾ സഹിതം 19 റൺസുമായി പുറത്താകെ നിന്നു. പിരിയാത്ത എട്ടാം വിക്കറ്റിൽ 84 പന്തിൽ ഇരുവരും കൂട്ടിച്ചേർത്തത് 84 റൺസ്!

രാജ്യാന്തര കരിയറിലെ രണ്ടാമത്തെ മാത്രം ഏകദിനം കളിക്കുന്ന സൂര്യകുമാർ യാദവിന്റെ അർധസെഞ്ചുറിയാണ് ഇന്ത്യൻ ഇന്നിങ്സിലെ മറ്റൊരു ഹൈലൈറ്റ്. 44 പന്തുകൾ നേരിട്ട സൂര്യ, ആറു ഫോറുകൾ സഹിതം 53 റൺസെടുത്തു. ക്യാപ്റ്റൻ ശിഖർ ധവാൻ (38 പന്തിൽ 29), മനീഷ് പാണ്ഡെ (31 പന്തിൽ 37), ക്രുണാൽ പാണ്ഡ്യ (54 പന്തിൽ 35) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അതേസമയം, കഴിഞ്ഞ മത്സരത്തിൽ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയ ഓപ്പണർ പൃഥ്വി ഷാ (11 പന്തിൽ 13), അർധസെഞ്ചുറി നേടി അരങ്ങേറ്റം ഗംഭീരമാക്കിയ ഇഷൻ കിഷൻ (നാലു പന്തിൽ ഒന്ന്), ഹാർദിക് പാണ്ഡ്യ (0) എന്നിവർ നിരാശപ്പെടുത്തി. ശ്രീലങ്കയ്ക്കായി വാനിന്ദു ഹസരംഗ 10 ഓവറിൽ 37 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. കസൂണ്‍ രജിത, ലക്ഷൻ സന്ദാകൻ, ദസൂൺ ഷാനക എന്നിവർക്ക് ഓരോ വിക്കറ്റും ലഭിച്ചു.

∙ കരുത്തുകാട്ടി ശ്രീലങ്ക

നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് 275 റൺസ് എടുത്തത്. മധ്യനിര ബാറ്റ്സ്മാൻ ചാരിത് അസലങ്ക (68 പന്തിൽ 65), ഓപ്പണർ ആവിഷ്ക ഫെർണാണ്ടോ (50) എന്നിവർ ലങ്കയ്ക്കായി തിളങ്ങി. ഇന്ത്യയ്ക്കായി യുസ്‌വേന്ദ്ര ചെഹൽ, ഭുവനേശ്വർ കുമാർ എന്നിവർ 3 വിക്കറ്റ് വീതം വീഴ്ത്തി. 194 റൺസിനിടെ 6 വിക്കറ്റ് നഷ്ടമായ ലങ്കയെ അസലങ്കയുടെ ഇന്നിങ്സും വാലറ്റത്തു ചാമിക കരുണരത്നെയുടെ പോരാട്ടവുമാണു (33 പന്തിൽ 44 നോട്ടൗട്ട്) ഭേദപ്പെട്ട ടോട്ടലിൽ എത്തിച്ചത്. 10 ഓവറിൽ 50 റൺസ് വഴങ്ങിയാണു ചെഹൽ 3 വിക്കറ്റെടുത്തത്. 10 ഓവറിൽ 54 രൺസ് വഴങ്ങിയാണു ഭുവനേശ്വറിന്റെ 3 വിക്കറ്റ് പ്രകടനം. ദീപക് ചാഹർ 2 വിക്കറ്റെടുത്തു.

ഓപ്പണർ മിനോദ് ഭാനുക (42 പന്തിൽ ആറു ഫോറുകൾ സഹിതം 36), ഭാനുക രജപക്ഷ (0), ധനഞ്ജയ ഡിസിൽവ (45 പന്തിൽ ഒരു ഫോർ സഹിതം 32), ക്യാപ്റ്റൻ ദസൂൺ ഷാനക (24 പന്തിൽ ഒരു ഫോർ സഹിതം 16), വാനിന്ദു ഹസാരങ്ക (11 പന്തിൽ 8), ദുഷ്യന്ത ചമീര (5 പന്തിൽ 2), ലക്ഷാൻ സന്ദാകൻ (0) എന്നിവരാണ് പുറത്തായ ശ്രീലങ്കൻ താരങ്ങൾ. ശ്രീലങ്കയ്ക്കായി ഓപ്പണിങ് വിക്കറ്റിൽ ഫെർണാണ്ടോ – മിനോദ് സഖ്യം 80 പന്തിൽ 77 റൺസും മൂന്നാം വിക്കറ്റിൽ ഫെർണാണ്ടോ – ധനഞ്ജയ സഖ്യം 69 പന്തിൽ 47 റൺസും കൂട്ടിച്ചേർത്തു.

ഒരു ഘട്ടത്തിൽ വിക്കറ്റ് നഷ്ടം കൂടാതെ 77 റൺസ് എന്ന നിലയിലായിരുന്ന ശ്രീലങ്കയെ, ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 77 റൺസ് എന്ന നിലയിലേക്ക് തള്ളിവിട്ടിരുന്നു. തുടർച്ചയായ പന്തുകളിൽ വിക്കറ്റെടുത്ത സ്പിന്നർ യുസ്‌വേന്ദ്ര ചെഹലിന്റെ പ്രകടനമാണ് ഇന്ത്യൻ തിരിച്ചടിക്ക് ഇന്ധനമായത്. ശ്രീലങ്കൻ ഇന്നിങ്സിലെ 14–ാം ഓവറിലാണ് ചെഹൽ രണ്ട് ശ്രീലങ്കൻ താരങ്ങളെ തുടർച്ചയായ പന്തുകളിൽ വീഴ്ത്തിയത്. മികച്ച തുടക്കം ലഭിച്ചശേഷം വിക്കറ്റ് വലിച്ചെറിഞ്ഞ ഓപ്പണർ മിനോദ് ഭാനുകയുടെ അവസരമായിരുന്നു ആദ്യം. 42 പന്തിൽ ആറു ഫോറുകളോടെ 36 റൺസെടുത്ത മിനോദിനെ ചെഹലിന്റെ പന്തിൽ മനീഷ് പാണ്ഡെ ക്യാച്ചെടുത്ത് പുറത്താക്കി. ഓപ്പണിങ് വിക്കറ്റിൽ 80 പന്തിൽ ഫെർണാണ്ടോ – മിനോദ് സഖ്യം കൂട്ടിച്ചേർത്തത് 77 റൺസ്.

തൊട്ടടുത്ത പന്തിൽ കരിയറിലെ രണ്ടാം രാജ്യാന്തര ഏകദിനം കളിക്കുന്ന ഭാനുക രജപക്ഷയെയും ചെഹൽ വീഴ്ത്തി. കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ രജപക്ഷെ, ആദ്യ പന്തിൽ ഇഷൻ കിഷന് ക്യാച്ച് സമ്മാനിച്ച് ഗോൾഡൻ ഡക്കായി. മൂന്നാം വിക്കറ്റിൽ ധനഞ്ജയെ ഡിസിൽവയെ കൂട്ടുപിടിച്ച് ആവിഷ്ക ഫെർണാണ്ടോ മറ്റൊരു അർധസെഞ്ചുറി കൂട്ടുകെട്ടിലേക്കു നീങ്ങിയെങ്കിലും ഫെർണാണ്ടോയെ പുറത്താക്കി ഭുവനേശ്വർ കുമാർ അപകടം ഒഴിവാക്കി. 71 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 50 റൺസെടുത്ത ഫെർണാണ്ടോയെ, ഭുവനേശ്വർ കുമാറിന്റെ പന്തിൽ ക്രുണാൽ പാണ്ഡ്യ ക്യാച്ചെടുത്ത് പുറത്താക്കി.

സ്കോർ 134ൽ എത്തിയപ്പോൾ ധനഞ്ജയ ഡിസിൽവയും വീണു. 45 പന്തിൽ ഒരേയൊരു ഫോർ സഹിതം 32 റൺസെടുത്ത ഡിസിൽവയെ ദീപക് ചാഹറിന്റെ പന്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ശിഖർ ധവാൻ ക്യാച്ചെടുത്താണ് പുറത്താക്കിയത്. അധികം വൈകാതെ ക്യാപ്റ്റൻ ദസൂൺ ഷാനകയും കൂടാരം കയറി. 24 പന്തിൽ ഒരു ഫോറിന്റെ അകമ്പടിയോടെ 16 റൺസെടുത്ത ക്യാപ്റ്റൻ യുസ്‌വേന്ദ്ര ചെഹലിന്റെ പന്തിൽ ക്ലീൻ ബൗൾഡായാണ് പുറത്തായത്.

∙ ശ്രീലങ്കയ്ക്ക് ടോസ്, ബാറ്റിങ്

നേരത്തെ, തുടർച്ചയായ രണ്ടാം ഏകദിനത്തിലും ടോസ് നേടിയ ശ്രീലങ്കൻ നായകൻ ദസൂൺ ഷാനക ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യ ഏകദിനത്തിൽ ജയിച്ച ടീമിനെ ഇന്ത്യ അതേപടി നിലനിർത്തിയപ്പോൾ, ശ്രീലങ്കൻ നിരയിൽ ഒരു മാറ്റമുണ്ട്. ഫോമിലല്ലാത്ത ഇസൂരു ഉഡാനയ്ക്കു പകരം കസൂൺ രജിത ടീമിലെത്തി. ഇന്ത്യ ടീമിനെ നിലനിർത്തിയതോടെ ആദ്യ മത്സരത്തിൽ പരുക്കേറ്റു പുറത്തിരുന്ന മലയാളി താരം സഞ്ജു സാംസണിന് ടീമിലേക്ക് തിരിച്ചുവരാനുള്ള അവസരം നഷ്ടമായി.

English Summary: Sri Lanka vs India, 2nd ODI - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com