ADVERTISEMENT

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റിൽ വിദേശ പരിശീലകർക്ക് പ്രാധാന്യം നൽകുന്നതിനെതിരെ ശബ്ദമുയർത്തി ഇന്ത്യയുടെ മുൻ പേസ് ബോളർ വെങ്കടേഷ് പ്രസാദ് രംഗത്ത്. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ തകർപ്പൻ പ്രകടനവുമായി കയ്യടി വാങ്ങിയ ദീപക് ചാഹറിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് വിദേശ പരിശീലകരെ ആശ്രയിക്കുന്നതിനു പകരം ഇന്ത്യക്കാരായ പ്രതിഭകൾക്ക് അവസരം നൽകാൻ പ്രസാദ് ആവശ്യപ്പെട്ടത്. മുൻപ് രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷനിൽവച്ച് ‘വേറെ പണി നോക്കാൻ ഓസ്ട്രേലിയയുടെ മുൻ താരവും ഇന്ത്യൻ പരിശീലകനുമായിരുന്ന ഗ്രെഗ് ചാപ്പൽ ഉപദേശിച്ച വ്യക്തിയാണ് ദീപക് ചാഹറെ’ന്ന് പ്രസാദ് വെളിപ്പെടുത്തി. ട്വിറ്ററിലൂടെയാണ് പ്രസാദിന്റെ വെളിപ്പെടുത്തൽ.

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ തോൽവി ഉറപ്പിച്ച ഇന്ത്യയെ, ഭുവനേശ്വർ കുമാറിനെ കൂട്ടുപിടിച്ച് അവിശ്വസനീയ ബാറ്റിങ് പ്രകടനത്തിലൂടെയാണ് ചാഹർ വിജയത്തിലെത്തിച്ചത്. ഭുവിക്കൊപ്പം പിരിയാത്ത എട്ടാം വിക്കറ്റിൽ 84 പന്തിൽ 84 റൺസ് കൂട്ടിച്ചേർത്ത ചാഹർ, 69 റൺസുമായി പുറത്താകാതെ നിന്നു. രണ്ടു വിക്കറ്റ് കൂടി നേടിയതോടെ കളിയിലെ കേമനായതും ചാഹർ തന്നെ. ഇതിനു പിന്നാലെയാണ് ചാഹറുമായി ബന്ധപ്പെട്ട് പ്രസാദിന്റെ വെളിപ്പെടുത്തൽ.

‘ഉയരത്തിന്റെ പ്രശ്നം പറഞ്ഞ് രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷനിൽവച്ച് മുൻ പരിശീലകൻ ഗ്രെഗ് ചാപ്പൽ തള്ളിക്കളഞ്ഞ താരമാണ് ദീപക് ചാഹർ. വേറെ ജോലി നോക്കാനും അദ്ദേഹം അന്ന് ചാഹറിനെ ഉപദേശിച്ചിരുന്നു. ബോളറായിട്ടു പോലും ഇന്ന് ബാറ്റിങ്ങിലെ തകർപ്പൻ പ്രകടനത്തിലൂടെ ദീപക് ചാഹർ ഇന്ത്യയെ വിജയത്തിലെത്തിച്ചിരിക്കുന്നു. ഇതിൽനിന്ന് നാം പഠിക്കേണ്ടത് ഇതാണ്: സ്വന്തം കഴിവിൽ വിശ്വസിക്കുക, വിദേശ പരിശീലകരെ അമിതമായി ആശ്രയിക്കാതിരിക്കുക’ – പ്രസാദ് കുറിച്ചു.

അതേസമയം, ഈ പറഞ്ഞതിൽനിന്ന് വ്യത്യസ്തരായ ആളുകളും ഉണ്ടാകാമെന്ന് പ്രസാദ് പറഞ്ഞു. എങ്കിൽക്കൂടി, ആഭ്യന്തര ലീഗുകളിലെ ടീമുകളും ഇന്ത്യയുടെ സീനിയർ ടീമും ഇന്ത്യൻ പരിശീലകർക്കാകണം പ്രാധാന്യം നൽകേണ്ടതെന്ന് പ്രസാദ് അഭിപ്രായപ്പെട്ടു.

‘ഇക്കാര്യത്തിൽ വ്യത്യസ്തായ ചിലരുണ്ടാകാം. പക്ഷേ, ഇന്ത്യയിൽ ഇത്രയേറെ പ്രതിഭാധനരായ ആളുകൾ ഉള്ളപ്പോൾ ഇന്ത്യയിലെ ടീമുകളും പരമാവധി ഇന്ത്യക്കാരായ പരിശീലകരെയും മെന്റർമാരെയും നിയമിക്കുന്നതാണ് നല്ലത്’ – പ്രസാദ് പറഞ്ഞു.

English Summary: Venkatesh Prasad recalls how Chappell rejected Deepak Chahar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com