sections
MORE

‘ഒരേസമയം 24 ഇന്ത്യൻ താരങ്ങൾ കളിക്കുന്നു (2 പേർ എതിർ ടീമിൽ); കോലിയുൾപ്പെടെ പുറത്തും’

indian-cricket-teams
ശ്രീലങ്കയ്‌ക്കെതിരെ കളിക്കുന്ന ഇന്ത്യൻ ഏകദിന ടീം, ഇംഗ്ലണ്ടിൽ പരിശീലന മത്സരം കളിക്കുന്ന ടെസ്റ്റ് ടീം.
SHARE

മുംബൈ∙ ‘ഇന്ത്യൻ ക്രിക്കറ്റ് ടീം ആരാധകർക്ക് ഇതിലും നല്ലൊരു സുവർണ കാലം സ്വപ്നങ്ങളിൽ മാത്രം’ – പറയുന്നത് ടീം ഇന്ത്യയുടെ മുൻ താരവും ആഭ്യന്തര ക്രിക്കറ്റിലെ മിന്നും താരവുമായിരുന്ന വസിം ജാഫർ. ഇന്ത്യയുടെ രണ്ട് വ്യത്യസ്ത ടീമുകൾ രണ്ട് രാജ്യങ്ങളിൽ പര്യടനം നടത്തുന്ന സാഹചര്യത്തിലാണ് ട്വിറ്ററിലൂടെ വസിം ജാഫർ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഇന്ത്യൻ ക്രിക്കറ്റിൽ പ്രതിഭാധനരായ താരങ്ങളുടെ ധാരാളിത്തം സൂചിപ്പിക്കുന്നതാണ് ട്വിറ്ററിലെ പുത്തൻ താരോദയമായ വസിം ജാഫറിന്റെ ട്വീറ്റ്.

കഴിഞ്ഞ ദിവസം ഇന്ത്യ–ശ്രീലങ്ക രണ്ടാം ഏകദിനം കൊളംബോയിലെ ആർ.പ്രേമദാസ സ്റ്റേഡിയത്തിൽ പുരോഗമിക്കുമ്പോൾ, അതേ സമയത്തുതന്നെ ഇന്ത്യയുടെ ടെസ്റ്റ് ടീം അങ്ങകലെ ഇംഗ്ലണ്ടിൽ കൗണ്ടി സിലക്ട് ഇലവനെതിരെ പരിശീലന മത്സരം കളിക്കാനിറങ്ങിയിരുന്നു. ഇതിനു പുറമെ രണ്ട് ഇന്ത്യൻ താരങ്ങൾ പരിശീലന മത്സരത്തിൽ എതിർ ടീമിനായും കളത്തിലിറങ്ങി. ഇതോടെ രാജ്യാന്തര വേദിയിൽ ഒരേസമയം കളത്തിലുണ്ടായിരുന്നത് 24 ഇന്ത്യൻ താരങ്ങളെന്ന അപൂർവതയും കണ്ടു.

കൗതുകകരമായ മറ്റൊന്നു കൂടിയുണ്ട്. 24 ഇന്ത്യൻ താരങ്ങൾ ഒരേസമയം കളത്തിലുണ്ടായിരുന്ന സമയത്ത്, ഇന്ത്യൻ ടീമിലെ സ്ഥിരം മുഖങ്ങളായ ക്യാപ്റ്റൻ വിരാട് കോലി, വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെ, രവിചന്ദ്രൻ അശ്വിൻ, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി തുടങ്ങിയവർ വിശ്രമത്തിലുമായിരുന്നു! ഈ സാഹചര്യത്തിലാണ് വസിം ജാഫറിന്റെ രസകരമായ ട്വീറ്റിന്റെ പിറവി.

‘ഇന്ത്യൻ ക്രിക്കറ്റ് ആരാധകനായിരിക്കാൻ ഇതിലും ഉചിതമായ സമയമില്ല. നിലവിൽ ഒരേസമയം 24 താരങ്ങളാണ് ഇന്ത്യയ്ക്കായി ഏകദിന, ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിക്കുന്നത്. വിരാട് കോലി, അജിൻക്യ രഹാനെ, ഋഷഭ് പന്ത്, വൃദ്ധിമാൻ സാഹ, ആർ.അശ്വിൻ, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി തുടങ്ങിയവർ ആ 24ൽ ഇല്ല താനും. എന്തൊരു ടീമാണിത്! വാൽക്കഷ്ണം: രണ്ട് താരങ്ങളെ എതിർ ടീമിനും കൊടുക്കാൻ മാത്രം താരങ്ങൾ നമുക്കുണ്ട്.’

എതിർ ടീമിനായി കളിക്കുന്ന ഇന്ത്യൻ താരങ്ങൾ ആരൊക്കെയാണ് എന്നല്ലേ? ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമംഗങ്ങളായ വാഷിങ്ടൻ സുന്ദർ, ആവേഷ് ഖാൻ എന്നിവരാണ് പരിശീലന മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ കൗണ്ടി സിലക്ട് ഇലവനായി കളിക്കുന്നത്. കൗണ്ടി സിലക്ട് ഇലവൻ ടീമിലെ താരങ്ങൾക്ക് കോവിഡ് ബാധിക്കുകയും ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇവർ എതിർ ടീമിനായി കളിക്കുന്നതെന്നാണ് കമന്റേറ്റർമാർ നൽകുന്ന സൂചന.

ശ്രീലങ്കയ്‌ക്കെതിരെ കളിച്ച ഇന്ത്യൻ ടീം: ശിഖർ ധവാൻ (ക്യാപ്റ്റൻ), പൃഥ്വി ഷാ, ഇഷൻ കിഷൻ (വിക്കറ്റ് കീപ്പർ), മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, ക്രുണാൽ പാണ്ഡ്യ, ദീപക് ചാഹർ, ഭുവനേശ്വർ കുമാർ, യുസ്‌വേന്ദ്ര ചെഹൽ, കുൽദീപ് യാദവ്

പരിശീലന മത്സരം കളിക്കുന്ന ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), മയാങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, ഹനുമ വിഹാരി, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, ഷാർദുൽ ഠാക്കൂർ, ഉമേഷ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്

എതിർ ടീമിനായി കളിക്കുന്നവർ: വാഷിങ്ടൻ സുന്ദർ, ആവേഷ് ഖാൻ

English Summary: "We have so many players that two are even playing for the opposition" - Wasim Jaffer praises Indian squad's depth

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA