ADVERTISEMENT

കൊളംബോ∙ ശ്രീലങ്കൻ ബാറ്റിങ്ങിന് ‘മൂക്കുകയറിട്ട’ ബോളിങ് പ്രകടനത്തോടെ ഒന്നാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. 38 റൺസിനാണ് ഇന്ത്യ ശ്രീലങ്കയെ തകർത്തത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 164 റൺസ്. ശ്രീലങ്കയുടെ മറുപടി 18.3 ഓവറിൽ 126 റൺസിൽ അവസാനിച്ചു. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി. 3.3 ഓവറിൽ 22 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് പിഴുത ഭുവനേശ്വർ കുമാറാണ് ഇന്ത്യയുടെ വിജയശിൽപി. ഭുവനേശ്വർ കുമാറാണ് കളിയിലെ കേമൻ. പരമ്പരയിലെ രണ്ടാം മത്സരം ചൊവ്വാഴ്ച നടക്കും.

26 പന്തിൽ മൂന്നു വീതം സിക്സും ഫോറും സഹിതം 44 റൺസെടുത്ത ചാരിത് അസലങ്കയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. അസലങ്കയ്ക്കു പുറമേ ശ്രീലങ്കൻ നിരയിൽ രണ്ടക്കം കണ്ടത് മൂന്നു പേർ മാത്രം. ഓപ്പണർ ആവിഷ്ക ഫെർണാണ്ടോ (23 പന്തിൽ 26), മിനോദ് ഭാനുക (ഏഴു പന്തിൽ 10), ക്യാപ്റ്റൻ ദസൂൺ ഷാനക (14 പന്തിൽ 16) എന്നിവരാണ് രണ്ടക്കം കണ്ടവർ. ധനഞ്ജയ ഡിസിൽവ (10 പന്തിൽ 9), ആഷൻ ബണ്ഡാര (19 പന്തിൽ 9), വാനിന്ദു ഹസരംഗ (0), ചാമിക കരുണരത്‌നെ (3), ഇസൂരു ഉഡാന (1), ദുഷ്മന്ത ചമീര (1) എന്നിവർ നിരാശപ്പെടുത്തി. 

ഭുവനേശ്വർ കുമാറിനു പുറമെ ശ്രീലങ്കൻ നിരയിൽ തകർപ്പൻ ഫോമിലായിരുന്ന ചാരിത് അസലങ്കയെയും തൊട്ടുപിന്നാലെ വാനിന്ദു ഹസരംഗയേയും ഒരേ ഓവറിൽ പുറത്താക്കിയ ദീപക് ചാഹറിന്റെ പ്രകടനവും എടുത്തുപറയണം. മൂന്ന് ഓവറിൽ 24 റൺസ് വഴങ്ങി ചാഹർ രണ്ടു വിക്കറ്റെടുത്തു. ക്രുണാൽ പാണ്ഡ്യ, വരുൺ ചക്രവർത്തി, യുസ്‌വേന്ദ്ര ചെഹൽ, ഹാർദിക് പാണ്ഡ്യ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു. ഇതിൽ നാല് ഓവറിൽ 19 റൺസ് മാത്രം വിട്ടുകൊടുത്ത ചെഹലിന്റെ പ്രകടനം ശ്രദ്ധേയമായി.

∙ സൂര്യ, ധവാൻ, സഞ്ജു ഷോ

നേരത്തെ, ശ്രീലങ്കൻ ബോളർമാർ തകർപ്പൻ ബോളിങ് കാഴ്ചവച്ചതോടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെങ്കിലും ഒന്നാം ട്വന്റി20യിൽ ഇന്ത്യ ഭേദപ്പെട്ട സ്കോർ കണ്ടെത്തി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു. അർധസെഞ്ചുറി നേടിയ സൂര്യകുമാർ യാദവാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 34 പന്തുകൾ നേരിട്ട യാദവ് അഞ്ച് ഫോറും രണ്ടു സിക്സും സഹിതം 50 റണ്‍സെടുത്ത് പുറത്തായി. ക്യാപ്റ്റൻ ശിഖർ ധവാൻ അർധസെഞ്ചുറിക്ക് അരികെ പുറത്തായി. 36 പന്തുകൾ നേരിട്ട ധവാൻ, നാലു ഫോറും ഒരു സിക്സും സഹിതം 46 റൺസെടുത്തു. 

ആദ്യ പന്തിൽത്തന്നെ അരങ്ങേറ്റ താരം പൃഥ്വി ഷാ ഗോൾഡൻ ഡക്കാകുന്ന കാഴ്ചയോടെ തുടക്കമായ ഇന്ത്യൻ ഇന്നിങ്സിന് രണ്ടാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് സഞ്ജു സാംസൺ – ശിഖർ ധവാൻ സഖ്യവും മൂന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ടുമായി ശിഖർ ധവാൻ – സൂര്യകുമാർ യാദവും രക്ഷപ്പെടുത്തിയതാണ്. എന്നാൽ, ഡെത്ത് ഓവറുകളിൽ മുറുക്കത്തോടെ പന്തെറിഞ്ഞ ശ്രീലങ്കൻ ബോളർമാർ ഇന്ത്യയെ 164 റൺസിൽ ഒതുക്കി. അവസാന രണ്ട് ഓവറിൽ അഞ്ച് വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യയ്ക്ക് നേടാനായത് 17 റൺസ് മാത്രം.

രണ്ടാം വിക്കറ്റിൽ ധവാൻ – സഞ്ജു സഖ്യം 36 പന്തിൽ 51 റൺസും, മൂന്നാം വിക്കറ്റിൽ ധവാൻ – സൂര്യകുമാർ സഖ്യം 48 പന്തിൽ 62 റൺസും നേടി. മലയാളി താരം സഞ്ജു സാംസൺ 20 പന്തിൽ 27 റൺസെടുത്തു. ഒരിക്കൽക്കൂടി മികച്ച തുടക്കം മികച്ച സ്കോറാക്കി പരിവർത്തനപ്പെടുത്തുന്നതിൽ പരാജയപ്പെട്ട സഞ്ജു, രണ്ടു ഫോറും ഒരു സിക്സും നേടി.

അരങ്ങേറ്റ മത്സരം കളിച്ച യുവ ഓപ്പണർ പൃഥ്വി ഷാ ആദ്യ പന്തിൽത്തന്നെ ഗോൾഡൻ ഡക്കായി. മോശം ഫോമിലുള്ള ഹാർദിക് പാണ്ഡ്യയ്ക്കും മികവു കാട്ടാനായില്ല. 12 പന്തിൽ പാണ്ഡ്യയ്ക്ക് നേടായത് 10 റൺസ് മാത്രം. ഒരു ബൗണ്ടറി പോലും കണ്ടെത്താനുമായില്ല. ഇഷൻ കിഷൻ 14 പന്തിൽ ഒരു ഫോറും സിക്സും സഹിതം 20 റൺസുമായി പുറത്താകാതെ നിന്നു. ക്രുണാൽ പാണ്ഡ്യ മൂന്നു റൺസുമായി കൂട്ടുനിന്നു. അവസാന അഞ്ച് ഓവറിൽ ഇന്ത്യയ്ക്ക് നേടാനായത് രണ്ട് സിക്സും ഒരേയൊരു ഫോറും മാത്രമാണ്. ആകെ നേടിയത് 43 റൺസ് മാത്രം.

ശ്രീലങ്കയ്ക്കായി ദുഷ്മന്ത ചമീര നാല് ഓവറിൽ 24 റൺസ് വഴങ്ങിയും വാനിന്ദു ഹസരംഗ നാല് ഓവറിൽ 28 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ചാമിക കരുണരത്‌നെയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.

∙ ശ്രീലങ്കയ്ക്ക് ടോസ്, ഇന്ത്യയ്ക്ക് ബാറ്റിങ്

നേരത്തെ, ടോസ് നേടിയ ശ്രീലങ്കൻ നായകൻ ദസൂൺ ഷാനക ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ നിരയിൽ പൃഥ്വി ഷായ്ക്കു പുറമെ മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിയും ഇന്ന് അരങ്ങേറ്റം കുറിച്ചു. സഞ്ജു സാംസണാണ് വിക്കറ്റ് കീപ്പർ. ശ്രീലങ്കൻ നിരയിൽ മൂന്നാം ഏകദിനത്തിൽ കളിച്ച ടീമിൽ മൂന്നു മാറ്റങ്ങളുണ്ട്. ഇസൂര ഉഡാന ടീമിൽ തിരിച്ചെത്തി. ലങ്കൻ ടീമിലും ഇന്ന് രണ്ടു പേർ അരങ്ങേറ്റം കുറിച്ചു.

English Summary: Sri Lanka vs India, 1st T20I - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com