ADVERTISEMENT

കൊളംബോ∙ ടീമിനുള്ളിൽ കോവിഡ് കേസ് സ്ഥിരീകരിച്ചതോടെ ‘മൂന്നാം നിര’ ടീമുമായി കളത്തിലിറങ്ങിയ ഇന്ത്യയ്ക്ക്, ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ തോൽവി. ശ്രീലങ്കയുടെ വിജയം അവസാന ഓവർ വരെ വൈകിക്കാനായെങ്കിലും തടയാനാകാതെ പോയ ഇന്ത്യ, നാലു വിക്കറ്റിനാണ് തോൽവി വഴങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 132 റൺസ്. മറുപടി ബാറ്റിങ്ങിൽ ശ്രീലങ്ക രണ്ടു പന്തു ബാക്കിനിൽക്കെ ആറു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും ഓരോ മത്സരം ജയിച്ചു. പരമ്പരയിലെ നിർണായക മത്സരം വ്യാഴാഴ്ച ഇതേ വേദിയിൽ നടക്കും.

34 പന്തിൽ ഓരോ ഫോറും സിക്സും സഹിതം 40 റൺസുമായി പുറത്താകാതെ നിന്ന ധനഞ്ജയ ഡിസിൽവയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. 31 പന്തിൽ നാലു ഫോറുകളോടെ 36 റൺസെടുത്ത ഓപ്പണർ മിനോദ് ഭാനുകയുടെ ഇന്നിങ്സും നിർണായകമായി. ഇവർക്കു പുറമെ ശ്രീലങ്കൻ നിരയിൽ രണ്ടക്കത്തിലെത്തിയത് ആവിഷ് ഫെർണാണ്ടോ (13 പന്തിൽ 11), വാനിന്ദു ഹസരംഗ (11 പന്തിൽ 15), ചാമിക കരുണരത്നെ (ആറു പന്തിൽ പുറത്താകാതെ 12) എന്നിവർ മാത്രം. സദീര സമരവിക്രമ (12 പന്തിൽ എട്ട്), ദസൂൺ ഷാനക (ആറു പന്തിൽ മൂന്ന്), രമേഷ് മെൻഡിസ് (അഞ്ച് പന്തിൽ രണ്ട്) എന്നിവർ തീർത്തും നിരാശപ്പെടുത്തി.

ഇന്ത്യയ്ക്കായി കുൽദീപ് യാദവ് നാല് ഓവറിൽ 30 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. നാല് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത വരുൺ ചക്രവർത്തി, നാല് ഓവറിൽ 21 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത ഭുവനേശ്വർ കുമാർ എന്നിവരുടെ പ്രകടനവും ശ്രദ്ധേയമായി. അരങ്ങേറ്റ മത്സരം കളിച്ച ചേതൻ സാകരി 3.4 ഓവറിൽ 34 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. രാഹുൽ ചാഹർ നാല് ഓവറിൽ 27 റൺസ് വഴങ്ങിയും ഒരു വിക്കറ്റെടുത്തു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയെ ശ്രീലങ്കൻ സ്പിന്നർമാർ ‘കറക്കി വീഴ്ത്തുകയായിരുന്നു’. 42 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 40 റൺസെടുത്ത ക്യാപ്റ്റൻ ശിഖർ ധവാനാണ് ഇന്ത്യൻ നിരയിലെ ടോപ്സ്കോറർ. അരങ്ങേറ്റ മത്സരം കളിച്ച മലയാളി താരം ദേവ്ദത്ത് പടിക്കൽ 23 പന്തിൽ ഓരോ ഫോറും സിക്സും സഹിതം 29 റൺസും ഓപ്പണര്‍ ഋതുരാജ് ഗെയ്‍ക്‌വാദ് 18 പന്തിൽ ഒരു ഫോർ സഹിതം 21 റൺസുമെടുത്തു പുറത്തായി. സഞ്ജു സാംസണ് ഈ മത്സരത്തിൽ തിളങ്ങാനായില്ല. 13 പന്തിൽ ഏഴ് റൺസ് മാത്രമെടുത്ത് സഞ്ജു പുറത്തായി. നിതീഷ് റാണയും (12 പന്തിൽ ഒൻപത്) നിരാശപ്പെടുത്തി. ഭുവനേശ്വർ കുമാർ (11 പന്തിൽ 13), നവ്ദീപ് സെയ്നി (ഒന്ന്) എന്നിവർ പുറത്താകാതെ നിന്നു.

ശ്രീലങ്കയ്ക്കായി എട്ടു പേർ ചേർന്നാണ് 20 ഓവർ ബോൾ ചെയ്തത്. കൂട്ടത്തിൽ ഏറ്റവും തിളങ്ങിയത് നാല് ഓവറിൽ 29 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത അഖില ധനഞ്ജയ. ദുഷ്മന്ത ചമീര നാല് ഓവറിൽ 23 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. വാനിന്ദു ഹസരംഗ, ദസൂൺ ഷാനക എന്നിവർക്കും ഓരോ വിക്കറ്റ് ലഭിച്ചു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ താരങ്ങൾ ഐസലേഷനിലായതോടെ, അഞ്ച് സ്പെഷലിസ്റ്റ് ബാറ്റ്സ്മാൻമാർ മാത്രമാണ് ഇന്ത്യൻ നിരയിൽ ഉണ്ടായിരുന്നത്. അതിൽ കാര്യമായ മത്സര പരിചയമുണ്ടായിരുന്നത് ക്യാപ്റ്റൻ ശിഖർ ധവാനു മാത്രം. ഇന്ത്യയുടെ പരിചയക്കുറവും ബാറ്റ്സ്മാൻമാരുടെ കുറവും മുതലെടുത്ത് ശ്രീലങ്ക ഇന്ത്യയെ 132 റൺസിൽ ഒതുക്കുകയായിരുന്നു.

ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും മധ്യ ഓവറുകളിൽ കാര്യമായ രീതിയിൽ റൺസ് കണ്ടെത്താൻ സാധിക്കാതെ പോയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. രാജ്യാന്തര വേദിയിൽ 20 ഓവറും ബാറ്റു ചെയ്ത മത്സരത്തിൽ ഇന്ത്യൻ താരങ്ങൾ ഏറ്റവും കുറവു ബൗണ്ടറികൾ കണ്ടെത്തിയ മത്സരത്തിൽ, നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 132 റൺസെടുത്തത്. മത്സരത്തിൽ ആകെ എട്ടു ബൗണ്ടറികളാണ് ഇന്ത്യൻ താരങ്ങൾ നേടിയത്. ഇതിനു മുൻപ് 2009ലെ ട്വന്റി20 ലോകകപ്പിൽ ട്രെന്റ് ബ്രിജിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയ 10 ബൗണ്ടറികളായിരുന്നു ഏറ്റവും കുറവ്.

English Summary: India vs Sri lanka Second T20

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com