ADVERTISEMENT

കൊളംബോ∙ ശ്രീലങ്കയിൽ പര്യടനം നടത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) മുൻ താരം രാഹുൽ ദ്രാവിഡിനെ പ്രഖ്യാപിച്ചപ്പോൾ കയ്യടികളോടെയാണ് ആരാധകർ ആ വാർത്ത സ്വീകരിച്ചത്. ഇന്ത്യൻ ക്രിക്കറ്റിന് പ്രതിഭാധനരായ ഒരുകൂട്ടം താരങ്ങളുടെ ധാരാളിത്തം സമ്മാനിച്ച ദ്രാവിഡ് പരിശീലക ജോലിയിലേക്ക് വരുന്നത് ആരാധകർ നീണ്ട നാളായി സ്വപ്നം കാണുന്നതുമാണ്. ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായിരിക്കെ, സവിശേഷമായൊരു സാഹചര്യത്തിൽ ഇന്ത്യൻ ടീമിന്റെ പരിശീലകനായി എത്തിയ ദ്രാവിഡ്, ഇനി സീനിയർ ടീമിന്റെ പരിശീലകനായി തുടരുമോ? ആരാധകർ നിരന്തരം ചോദിക്കുന്ന ഈ ചോദ്യം കഴിഞ്ഞ ദിവസം ദ്രാവിഡിനു മുന്നിലും ഉയർന്നു.

ശ്രീലങ്കൻ പര്യടനത്തിനു  തൊട്ടുപിന്നാലെയാണ് ദേശീയ ടീം പരിശീലകനായി തുടരാൻ താൽപര്യമുണ്ടോ എന്ന ചോദ്യം ദ്രാവിഡിനു മുന്നിലെത്തിയത്. ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായ രവി ശാസ്ത്രി ടെസ്റ്റ് ടീമിനൊപ്പം ഇംഗ്ലണ്ടിലായതിനാൽ, ഏകദിന, ട്വന്റി20 ടീമുകളുടെ ചുമതല ലഭിച്ച ദ്രാവിഡ് വളരെ തന്ത്രപൂർവമാണ് ഇതിനു മറുപടി നൽകിയത്.

തുടരുമെന്നോ തുടരില്ലെന്നോ ദ്രാവിഡ് പറഞ്ഞില്ല. പറഞ്ഞത് ഇത്രമാത്രം:

‘ഇന്ത്യൻ സീനിയർ ടീമിന്റെ പരിശീലകനായുള്ള ഈ അവസരം ഞാൻ നല്ല രീതിയിൽ ആസ്വദിച്ചു. നോക്കൂ, അതല്ലeതെ ഭാവിയെക്കുറിച്ചൊന്നും ഞാൻ ചിന്തിച്ചിട്ടു പോലുമില്ല. ഒരു കാര്യം പറയാം. ഇപ്പോൾ ചെയ്യുന്ന ജോലിയിൽ ഞാൻ വളരെയധികം സംതൃപ്തനാണ്. ഈ പരമ്പരയെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും ആലോചിച്ചിട്ടില്ല’ – ദ്രാവി‍ഡ് പറഞ്ഞു.

ദ്രാവിഡിനു കീഴിൽ രണ്ടാം നിര ടീമുമായി ശ്രീലങ്കയിലെത്തിയ ഇന്ത്യൻ ടീം ഏകദിന പരമ്പര 2–1ന് സ്വന്തമാക്കിയിരുന്നു. ട്വന്റി20 പരമ്പരയിലും വിജയത്തുടക്കിട്ടെങ്കിലും ഒന്നാം ട്വന്റി20ക്കു പിന്നാലെ ക്രുണാൽ പാണ്ഡ്യയ്ക്കു കോവിഡ് ബാധിക്കുകയും, ടീമിലെ എട്ടു താരങ്ങൾ പാണ്ഡ്യയുമായുള്ള സമ്പർക്കത്തെ തുടർന്ന് പുറത്താകുകയും ചെയ്തതോടെ ശേഷിക്കുന്ന രണ്ടു മത്സരങ്ങൾ തോറ്റ് പരമ്പര കൈവിട്ടു.

English Summary: Enjoyed the experience, haven't given thought to anything else: Rahul Dravid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com