ADVERTISEMENT

മഡ്രിഡ്∙ രാജ്യാന്തര ട്വന്റി20യിൽ ഏഴു വിക്കറ്റുകളെന്ന സ്വപ്ന നേട്ടത്തിലേക്ക് പന്തെറിയുന്ന ആദ്യ താരമെന്ന റെക്കോർഡ് സ്വന്തമാക്കി ഹോളണ്ടിന്റെ ഫ്രഡറിക് ഓവർദെയ്ക്ക്! വ്യാഴാഴ്ച സ്പെയിനിൽ നടന്ന ഫ്രാൻസിനെതിരായ മത്സരത്തിലാണ് ഓവർദെയ്ക്ക് ചരിത്രനേട്ടം സ്വന്തമാക്കിയത്. മത്സരത്തിലാകെ നാല് ഓവർ ബോൾ ചെയ്ത ഓവർദെയ്ക്ക്, മൂന്നു റൺസ് മാത്രം വഴങ്ങിയാണ് ഏഴു വിക്കറ്റ് വീഴ്ത്തിയത്. ഓവർദെയ്ക്കിന്റെ ബോളിങ് പ്രകടനത്തിന്റെ ചുരുക്കം ഇങ്ങനെ: 4–2-3-7 ! രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) സംഘടിപ്പിക്കുന്ന വനിതകളുടെ ട്വന്റി20 ലോകകപ്പ് യൂറോപ്യൻ യോഗ്യതാ റൗണ്ടിലാണ് ഓവർദെയ്ക്കിന്റെ റെക്കോർഡ് പ്രകടനം. മത്സരം ഹോളണ്ട് ഒൻപത് വിക്കറ്റിന് ജയിച്ചു. ഓവർദെയ്ക്കിന്റെ ഏഴു വിക്കറ്റുകളിൽ ആറും ബൗൾഡാണ്. ഒരെണ്ണം എൽബിയും. 

പുരുഷ, വനിതാ ക്രിക്കറ്റിലായി ഒരു ട്വന്റി20 മത്സരത്തിൽ ഏഴു വിക്കറ്റെടുക്കുന്ന ആദ്യ ബോളറാണ് ഓവർദെയ്ക്ക്. 2019ൽ മാലദ്വീപിനെതിരെ ഒറ്റ റണ്ണും വിട്ടുകൊടുക്കാതെ ആറു വിക്കറ്റ് വീഴ്ത്തിയ നേപ്പാൾ താരം അഞ്ജലി ചന്ദിന്റെ റെക്കോർഡാണ് ഓവർദെയ്ക്ക് തകർത്തത്. ഇരുപതുകാരിയായ ഓവർദെയ്ക്കിന്റെ എട്ടാമത്തെ മാത്രം രാജ്യാന്തര ട്വന്റി20 മത്സരമായിരുന്നു ഇത്. ഇതുവരെ ആകെ സമ്പാദ്യം 11 വിക്കറ്റുകൾ. വനിതകളുടെ ട്വന്റി20യിൽ ഇതുവരെ ആറു പേർ ഒരു ഇന്നിങ്സിൽ ആറു വിക്കറ്റിലധികം വീഴ്ത്തിയിട്ടുണ്ട്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഫ്രഞ്ച് വനിതകളെ ഓവർദെയ്ക്കിന്റെ നേതൃത്വത്തിൽ ഡച്ച് വനിതകൾ വെറും 33 റൺസിനാണ് എറിഞ്ഞിട്ടത്. 17.3 ഓവർ ബാറ്റു ചെയ്താണ് ഡച്ച് വനിതകൾ 33 റൺസ് നേടിയത്. ഡച്ച് നിരയിൽ ഒരാൾക്കു പോലും രണ്ടക്കം കടക്കാനായില്ല. ക്യാപ്റ്റനും ഓപ്പണറുമായ താരാ ബ്രിട്ടൺ (29 പന്തിൽ അഞ്ച്), പോപ്പി മക്ഗിയോൺ (21 പന്തിൽ എട്ട്), ടിയ ഗ്രഹാം (0), എമ്മാനുവേല ബ്രെലിവെറ്റ് (ഒന്ന്), ട്രെയ്സി റോഡ്രിഗസ് (0), എമ്മ ചാൻസ് (0), മയേലി കാർഗൗട്ട് (0) എന്നിവരെയാണ് ഓവർദെയ്ക്ക് പുറത്താക്കിയത്. ശേഷിക്കുന്ന വിക്കറ്റുകൾ മാർലോസ് ബ്രാറ്റ്, ഈവാ ലിഞ്ച്, സിൽവർ സീജേഴ്സ് എന്നിവർ പങ്കിട്ടു.

ഫ്രാൻസ് ഉയർത്തിയ 34 റൺസ് വിജയലക്ഷ്യം ഡച്ച് വനിതകൾ വെറും 21 പന്തിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടന്നു. ഓപ്പണർ ബാബറ്റ് ഡി ലീഡ് എട്ടു പന്തിൽ 10 റൺസോടെയും റോബിൻ റിയ്ക് 12 പന്തിൽ 21 റൺസോടെയും പുറത്താകാതെ നിന്നു. പുറത്തായത് ഓപ്പണർ സിൽവർ സീജേഴ്സ് (0) മാത്രം. ടിയ ഗ്രഹാമിനാണ് വിക്കറ്റ്

∙ പുരുഷ വിഭാഗം റെക്കോർഡ് ഇന്ത്യൻ താരത്തിന്

പുരുഷൻമാരുടെ ട്വന്റി20 മത്സരങ്ങളിൽ ഏറ്റവും മികച്ച ബോളിങ് പ്രകടനം ഇന്ത്യൻ താരം ദീപക് ചാഹറിന്റെ പേരിലാണ്. 2019 നവംബറിൽ നാഗ്പുരിൽ ബംഗ്ലദേശിനെതിരെ നടന്ന മത്സരത്തിൽ 3.2 ഓവറിൽ ഏഴു റൺസ് വിട്ടുകൊടുത്ത് ആറു വിക്കറ്റ് പിഴുത പ്രകടനമാണ് ചാഹറിന് റെക്കോർഡ് നേടിക്കൊടുത്തത്. 13 ഓവറിൽ രണ്ടിന് 110 റൺസെന്ന നിലയിലായിരുന്ന ബംഗ്ലദേശ്, ഹാട്രിക് സഹിതം ചാഹർ ആറു വിക്കറ്റ് വീഴ്ത്തിയതോടെ 144 റൺസിന് ഓൾഔട്ടായി.

ശ്രീലങ്കയുടെ അജാന്ത മെൻഡിസ് പുരുഷ ട്വന്റി20യിൽ രണ്ടു തവണ ഒരു ഇന്നിങ്സിൽ ആറു വിക്കറ്റ് വീതം വീഴ്ത്തിയിട്ടുണ്ട്. സിംബാബ്‍വെ, ഓസ്ട്രേലിയ ടീമുകൾക്കെതിരെ ആയിരുന്നു ഇത്. സിംബാബ്‍വെയ്‌ക്കെതിരെ എട്ടു റൺസ് വഴങ്ങിയും ഓസീസിനെതിരെ 16 റൺസ് വഴങ്ങിയമാണ് ആറു വിക്കറ്റ് വീഴ്ത്തിയത്. ഇന്ത്യയുടെ യുസ്‌വേന്ദ്ര ചെഹൽ നാല് ഓവറിൽ 25 റൺസ് വഴങ്ങി ഇംഗ്ലണ്ടിനെതിരെ ബെംഗളൂരുവിലും ഓസീസ് താരം ആഷ്ടൺ ആഗർ ന്യൂസീലൻഡിനെതിരെ വെല്ലിങ്ടനിൽ നാല് ഓവറിൽ 30 റൺസ് വഴങ്ങിയും ആറു വിക്കറ്റ് പിഴുതിട്ടുണ്ട്.

English Summary: Netherlands’ Frederique Overdijk Becomes First Pacer to Scalp 7 Wickets in T20 Match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com