ADVERTISEMENT

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റ് ഓവൽ ഗ്രൗണ്ടിൽ പുരോഗമിക്കുകയാണ്. രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ഇന്ത്യൻ ടീമിന് 21 റൺസിന്റെ ലീഡേയുള്ളൂ. ക്രിസ് വോക്സിനെതിരെ ചേതേശ്വർ പൂജാര ഒരു കവർ ഡ്രൈവ് കളിച്ചു. പൂജാരയുടെ ഷോട്ട് ഫീൽഡർ തടുത്തുവെങ്കിലും ഇന്ത്യയ്ക്ക് രണ്ട് റൺസ് ഓടിയെടുക്കാനുള്ള അവസരമുണ്ടായിരുന്നു. പക്ഷേ പൂജാര ഒറ്റ റൺ കൊണ്ടു തൃപ്തിപ്പെട്ടു. പുജാരയുടെ പങ്കാളിയായ രോഹിത് ശർമ രണ്ടാമത്തെ റണ്ണിനുവേണ്ടി പകുതിയോളം ദൂരം ഓടിക്കഴിഞ്ഞിരുന്നു! പുജാരയ്ക്ക് എക്സ്ട്രാ റണ്ണിൽ താത്പര്യമില്ല എന്ന് മനസ്സിലായപ്പോൾ രോഹിത് ബാറ്റിങ് ക്രീസിലേയ്ക്ക് മടങ്ങി. രോഹിത് അമർഷത്തോടെ എന്തൊക്കെയോ മുറുമുറുക്കുന്നുണ്ടായിരുന്നു.

വോക്സിന്റെ അടുത്ത പന്ത് രോഹിത് പ്രതിരോധിച്ചു. അതേ ഓവറിൽത്തന്നെ കവർ ഡ്രൈവിലൂടെ ബൗണ്ടറിയും നേടി. അപ്പോഴും നഷ്ടമായ ആ റണ്ണിനെക്കുറിച്ച് രോഹിത് പരിഭവിക്കുന്നത് കാണാമായിരുന്നു!

വോക്സ് തന്ത്രം മാറ്റി. ഡീപ് ഫൈൻലെഗ്ഗിൽ ഫീൽഡറെ നിർത്തിയതിനുശേഷം ഷോർട്ട്ബോൾ എറിഞ്ഞു. പുൾഷോട്ടുകളിലൂടെ സിക്സറുകൾ പായിക്കാൻ ഇഷ്ടപ്പെടുന്ന രോഹിത് ആ കെണിയിൽ വീഴും എന്നായിരുന്നു വോക്സിന്റെ പ്രതീക്ഷ. എന്നാൽ രോഹിത് ഗ്രൗണ്ട് ഷോട്ട് കളിച്ച് സിംഗിളെടുത്തു.

rohit-sharma

അതിനുപിന്നാലെ ഭാഗ്യത്തിന്റെ അകമ്പടിയോടെ രോഹിതിന് നാലു റൺസ് ലഭിച്ചു. റോബിൻസണിന്റെ പന്ത് രോഹിതിന്റെ ബാറ്റിന്റെ ഇൻസൈഡ് എഡ്ജിൽ തട്ടിയതിനുശേഷം ബൗണ്ടറിയിലെത്തി. അപ്പോൾ രോഹിതിന്റെ മുഖത്ത് പുഞ്ചിരി വിടർന്നു. ഏകദിന ക്രിക്കറ്റിൽ മൂന്ന് ഡബിൾ സെഞ്ചുറികൾ നേടിയിട്ടുള്ള രോഹിത് ഓരോ റണ്ണും അധ്വാനിച്ച് സമ്പാദിക്കുകയായിരുന്നു! വീണുകിട്ടുന്ന ബൗണ്ടറികളെ അയാൾ ആഘോഷമാക്കുകയായിരുന്നു! മിതമായ ഭാഷയിൽ പറഞ്ഞാൽ അവിശ്വസനീയമായിരുന്നു അത്!

രോഹിതിന് രണ്ട് ലക്ഷ്യങ്ങളാണ് ഉണ്ടായിരുന്നത്. തോൽവിയുടെ വക്കിൽനിൽക്കുന്ന സ്വന്തം ടീമിനെ വിജയത്തിലേക്ക് കൈപിടിച്ചുയർത്തണം. വിദേശമണ്ണിലെ ടെസ്റ്റ് സെഞ്ചുറിയ്ക്കു വേണ്ടിയുള്ള 14 വർഷത്തെ കാത്തിരിപ്പിന് വിരാമമിടണം.

rohit-pujara

ഓഫ്സ്പിന്നറായ മോയിൻ അലി പന്തെറിയാനെത്തിയപ്പോൾ രോഹിത് ഗെയിം പ്ലാനിൽ ചെറിയ മാറ്റം വരുത്തി. അറ്റാക്കിങ്ങ് ഷോട്ടുകൾ പുറത്തുവന്നു. രോഹിത് തൊണ്ണൂറുകളിലെത്തിയപ്പോൾ തുറുപ്പുചീട്ടായ ജിമ്മി ആൻഡേഴ്സനെ ഇംഗ്ലണ്ട് രംഗത്തിറക്കി. പക്ഷേ ആൻഡേഴ്സന്റെ പന്ത് മിഡ്-വിക്കറ്റിനു മുകളിലൂടെ അപ്രത്യക്ഷമായി. 

അലിയ്ക്കെതിരെ സ്റ്റെപ്പൗട്ട് ചെയ്ത് സിക്സറടിച്ചാണ് രോഹിത് സെഞ്ചുറി പൂർത്തിയാക്കിയത്. എല്ലാ അർത്ഥത്തിലും ധീരമായ ഷോട്ടായിരുന്നു അത്. കാരണം അലിയുടെ ചില പന്തുകൾ നന്നായി ടേൺ ചെയ്തിരുന്നു. 

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ഉൾപ്പടെ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന സകലരും എഴുന്നേറ്റുനിന്ന് കൈയ്യടിച്ചു. രോഹിത് കളിച്ച ഇന്നിംഗ്സിന്റെ മൂല്യം അത്ര വലുതായിരുന്നു. അപ്പോഴേക്കും ഇന്ത്യയുടെ ലീഡ് നൂറു റൺസിനോടടുത്തിരുന്നു.

രോഹിത് സെഞ്ചുറി കൊണ്ട് തൃപ്തിപ്പെടാൻ ഒരുക്കമായിരുന്നില്ല. അയാൾ അതീവ ശ്രദ്ധയോടെ ബാറ്റിങ്ങ് തുടർന്നു. ജോ റൂട്ടിന്റെ നിരുപദ്രവകരമായ പന്തുകളെപ്പോലും ബഹുമാനിച്ചു. ഇന്ത്യൻ ടീമിന്റെ വിജയം ഉറപ്പാകുന്നതുവരെ ബാറ്റ് ചെയ്യണം എന്ന നിശ്ചയദാർഢ്യമാണ് ഹിറ്റ്മാനെ നയിച്ചിരുന്നത്.

പക്ഷേ നിർഭാഗ്യം രോഹിത്തിനെ വേട്ടയാടി. ഇംഗ്ലണ്ട് പുതിയ പന്തെടുത്തതിനുപിന്നാലെ രോഹിത് (127) പുറത്തായി. അങ്ങേയറ്റം നിരാശയോടെ രോഹിത് തിരിഞ്ഞുനടന്നു. അതേ ഓവറിലെ അവസാന പന്തിൽ പൂജാര 61) കൂടി വീണതോടെ രോഹിതിന്റെ സങ്കടം ഇരട്ടിച്ചു. ഇംഗ്ലണ്ടിന് മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യതയാണ് അവിടെ സൃഷ്ടിക്കപ്പെട്ടത്. വിരാട് കോലിയും (22) രവീന്ദ്ര ജഡേജയും (9) ചേർന്ന് കൂടുതൽ നഷ്ടങ്ങളില്ലാതെ 270/3 എന്ന സ്കോറിൽ മൂന്നാം ദിനം അവസാനിപ്പിച്ചപ്പോൾ രോഹിത് ആശ്വസിച്ചിട്ടുണ്ടാവണം.

രോഹിതിന്റെ ഇപ്പോഴത്തെ രൂപാന്തരം അതിശയിപ്പിക്കുന്നതാണ്. ടെസ്റ്റ് ക്രിക്കറ്റിന് കൊള്ളാത്തവൻ എന്ന പഴി അയാൾ നിരന്തരം കേട്ടിരുന്നു. രോഹിതിന്റെ പ്രതിഭയെക്കുറിച്ച് ഉത്തമ ബോധ്യമുണ്ടായിരുന്ന ടീം മാനേജ്മെന്റ് അയാൾക്ക് മധ്യനിരയിലെ പല ബാറ്റിങ്ങ് പൊസിഷനുകളും നൽകി നോക്കിയിരുന്നു. പക്ഷേ അവ മുതലെടുക്കുന്നതിൽ രോഹിത് പരാജയപ്പെട്ടു.

rohitsharma

ഒടുവിൽ രോഹിത്  ഇന്നിങ്സ് ഒാപ്പൺ ചെയ്യാൻ നിയോഗിക്കപ്പെട്ടു. അയാളെ സംബന്ധിച്ചിടത്തോളം അത് അവസാന അവസരമായിരുന്നു. ടെസ്റ്റ് ഓപ്പണിങ് കഠിനമായ ജോലിയാണ്. പുതിയ പന്തിന്റെ എല്ലാ അപകടങ്ങളെയും അതിജീവിക്കേണ്ടിവരും. പലപ്പോഴും തയ്യാറെടുപ്പിനുള്ള സമയം കിട്ടാതെ ബാറ്റിങ്ങിനിറങ്ങേണ്ടിവരും.

ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ഓപ്പണറായ സുനിൽ ഗാവസ്കർ ഒരിക്കൽ അഭിപ്രായപ്പെടുകയുണ്ടായി:

‘ടെസ്റ്റ് ഒാപ്പണിങ് ഒരു നന്ദികെട്ട ദൗത്യമാണ്. മിഡിൽ ഓർഡർ ബാറ്റ്സ്മാൻമാരെ സംരക്ഷിക്കാൻ നൈറ്റ് വാച്ച്മാനെ ഏർപ്പാടാക്കുന്ന രീതി ക്രിക്കറ്റിലുണ്ട്. എന്നാൽ ഓപ്പണർമാർക്ക് ആ വക ആനുകൂല്യങ്ങളൊന്നുമില്ല....!’

rohit-sharma-sad

രോഹിതിന്റെ മുൻപിലുണ്ടായിരുന്ന വെല്ലുവിളി നിസ്സാരമായിരുന്നില്ല എന്നത് വ്യക്തം. ഇന്ത്യയിൽ റണ്ണുകൾ വാരിക്കൂട്ടിയപ്പോഴും വിമർശകർ അയാളെ അംഗീകരിച്ചിരുന്നില്ല. വിദേശത്ത് കഴിവ് തെളിയിക്കണം എന്നതായിരുന്നു അവരുടെ ആവശ്യം. ഇപ്പോൾ ആ കടമ്പയും പിന്നിട്ടിരിക്കുന്നു.

ആദ്യ വിദേശ ടെസ്റ്റ് സെഞ്ചുറി നേടുമ്പോൾ രോഹിത് അമിതമായ ആഹ്ലാദപ്രകടനങ്ങൾ നടത്തും എന്നാണ് വിചാരിച്ചിരുന്നത്. അത്രയേറെ കുത്തുവാക്കുകൾ അയാൾ കേട്ടിരുന്നു.

പക്ഷേ സെഞ്ചുറി പൂർത്തിയാക്കിയപ്പോൾ രോഹിത് തികച്ചും ശാന്തനായിരുന്നു. അയാൾ ഹെൽമറ്റ് പോലും അഴിച്ചില്ല. ഒരു ചെറുചിരിയോടെ ബാറ്റ് ഉയർത്തി ഗാലറിയെ അഭിവാദ്യം ചെയ്തു. അത്രമാത്രം! ടീമിന്റെ വിജയം മാത്രമായിരുന്നു അയാളുടെ ഉന്നം.

നിങ്ങൾ ഒരു മജീഷ്യനാണ് രോഹിത്. വിരോധികളെ ആരാധകരാക്കിമാറ്റുന്ന മഹാമാന്ത്രികൻ...!

English Summary: Rohit Sharma, The Real Hero!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com