ADVERTISEMENT

ലണ്ടൻ∙ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ചരിത്ര വിജയം ആഘോഷിക്കുന്നതിനിടെ, തന്നോട് പന്തു ചോദിച്ചുവാങ്ങി ഇംഗ്ലണ്ടിനെ ‘എറിഞ്ഞുവീഴ്ത്തിയ’ ജസ്പ്രീത് ബുമ്രയുടെ ആവേശം വിവരിച്ച് ക്യാപ്റ്റൻ വിരാട് കോലി. അര നൂറ്റാണ്ടിനുശേഷം ഓവലിൽ ടെസ്റ്റ് ജയിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുമ്പോഴാണ്, ബുമ്ര തന്റെ കയ്യിൽനിന്ന് പന്ത് ചോദിച്ചുവാങ്ങി ബോൾ ചെയ്ത കാര്യം കോലി വിവരിച്ചത്. ഓവൽ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ 22 ഓവറിൽ ഒൻപത് മെയ്ഡൻ അടക്കം 27 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് പിഴുത ബുമ്രയുടെ പ്രകടനം ഇന്ത്യൻ വിജയത്തിൽ നിർണായകമായിരുന്നു. ഒന്നാം ഇന്നിങ്സിലെ ടോപ് സ്കോറർ ഒലീ പോപ്പ്, ജോണി ബെയർസ്റ്റോ എന്നിവരെ നിലയുറപ്പിക്കും മുൻപേ ബുമ്ര ക്ലീൻ ബൗൾഡാക്കിയിരുന്നു.

‘മത്സരത്തിനിടെ പന്തിന് റിവേഴ്സ് സ്വിങ് ലഭിക്കാൻ തുടങ്ങിയപ്പോൾത്തന്നെ ബുമ്ര എന്റെ അടുത്തുവന്ന് ബോളിങ് ചോദിച്ചുവാങ്ങി. അവസാന ദിനത്തിലെ രണ്ടാം സെഷനിൽ അദ്ദേഹം ചോദിച്ചുവാങ്ങി ബോൾ ചെയ്ത സ്പെല്ലാണ് മത്സരം നമുക്ക് അനുകൂലമാക്കിയത്. നിർണായകമായ വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. ഇത്തരമൊരു പിച്ചിൽ 22 ഓവറിൽ 27 റൺസ് മാത്രം വഴങ്ങുന്നതിന് എന്തുമാത്രം അധ്വാനം വേണ്ടിവരുമെന്ന് അറിയാമല്ലോ’ – കോലി പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെ രണ്ടാം ഇന്നിങ്സിൽ രണ്ടു വിക്കറ്റ് വീഴ്ത്തിയതോടെ ബുമ്ര ടെസ്റ്റ് കരിയറിൽ 100 വിക്കറ്റ് നേട്ടവും പിന്നിട്ടു. 24–ാം ടെസ്റ്റ് മാത്രം കളിക്കുന്ന ബുമ്ര ഇതോടെ ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് തികയ്ക്കുന്ന ഇന്ത്യൻ പേസ് ബോളറായി. പിന്നിലാക്കിയത് കപിൽ ദേവിനെ. കപിൽ 25 മത്സരങ്ങളിൽനിന്നാണ് 100 വിക്കറ്റ് തികച്ചത്.

ഇംഗ്ലിഷ് മണ്ണിൽ കപിൽ ദേവിനുശേഷം ഒരേ പരമ്പരയിൽ രണ്ട് ടെസ്റ്റ് വിജയങ്ങൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ നായകനെന്ന നേട്ടം വിരാട് കോലിയും സ്വന്തമാക്കി. 1986ലാണ് കപിൽ ദേവിനു കീഴിൽ ഒരേ പരമ്പരയിൽ ഇന്ത്യ രണ്ടു ടെസ്റ്റുകൾ ജയിച്ചത്. സമാനമായ പ്രകടനം ആവർത്തിച്ച തന്റെ ടീമിനെക്കുറിച്ച് കോലിയുടെ വാക്കുകൾ ഇങ്ങനെ:

‘ഈ ടെസ്റ്റിൽ ഇന്ത്യൻ ടീം പുലർത്തിയ മനോഭാവം അഭിനന്ദനീയമാണ്. ഒന്നാം ഇന്നിങ്സിൽ 100 റൺസിന്റെ ലീഡ് വഴങ്ങേണ്ടി വന്നിട്ടും തിരിച്ചടിക്കാനും തിരിച്ചുവരാനും വിജയം നേടാനും ടീമിനു കഴിഞ്ഞു. മുൻപ് ലോർഡ്സിൽ പറഞ്ഞതുതന്നെ ഞാൻ ആവർത്തിക്കുന്നു; ഈ ടീമിന്റെ ശൈലി എന്നെ സന്തോഷവാനാക്കുന്നു. ഇന്ത്യൻ ടീമിന്റെ നായകനെന്ന നിലയിൽ ഞാൻ കണ്ട ഏറ്റവും മികച്ച മൂന്നു ബോളിങ് പ്രകടനങ്ങളിൽ ഒന്നാണിത്’ – കോലി പറഞ്ഞു.

‘തികച്ചും ഫ്ലാറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന വിക്കറ്റാണ് ഓവലിലേത്. ആദ്യ മൂന്നു ദിവസത്തെയത്രപോലും ഫീൽഡിൽ നനവും ഉണ്ടായിരുന്നില്ല. ഇവിടെ റിവേഴ്സ് സ്വിങ് ഫലപ്രദമായി ഉപയോഗിക്കാൻ നമ്മുടെ ബോളർമാർക്ക് സാധിച്ചു. 10 വിക്കറ്റും നേടാനാകുമെന്ന് ടീമെന്ന നിലയിൽ ഞങ്ങൾ വിശ്വസിച്ചിരുന്നു’ – കോലി പറഞ്ഞു.

ഇന്ത്യയ്‌ക്കെതിരെ 368 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിനെ, 210 റണ്‍സിൽ വിരാട് കോലിയും സംഘവും എറിഞ്ഞിടുകയായിരുന്നു. 92.2 ഓവർ ഇന്ത്യൻ ബോളിങ് ആക്രമണത്തെ ചെറുത്തുനിന്നെങ്കിലും അവസാന സെഷനിൽ ഇംഗ്ലണ്ട് കീഴടങ്ങുകയായിരുന്നു. ബുമ്രയ്ക്കു പുറമെ 18.2 ഓവറിൽ 60 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവ്, 30 ഓവറിൽ 50 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജ, എട്ട് ഓവറിൽ 22 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ശാർദൂൽ ഠാക്കൂർ എന്നിവരും ഇന്ത്യയ്ക്കായി തിളങ്ങി.

English Summary: Jasprit Bumrah said 'give me the ball': Virat Kohli after Oval win

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com