sections
MORE

കളിക്കുന്നതിൽ ടീം ‍ഇന്ത്യയ്ക്ക് വിയോജിപ്പ്; ഇംഗ്ലണ്ടിനെതിരായ 5–ാം ടെസ്റ്റ് റദ്ദാക്കി

root-kohli
ജോ റൂട്ടും വിരാട് കോലിയും ടോസിങ്ങിനിടെ (ട്വിറ്റർ ചിത്രം)
SHARE

മാഞ്ചസ്റ്റർ ∙ ഇന്ത്യൻ ടീമിൽ മുഖ്യ പരിശീലകൻ രവി ശാസ്ത്രി ഉൾപ്പെടെ പരിശീലക സംഘാംഗങ്ങൾക്ക് കോവിഡ് ബാധിച്ച സാഹചര്യത്തിൽ ഇന്ത്യ–ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് അനിശ്ചിത കാലത്തേക്ക് റദ്ദാക്കി. ഇന്നു മുതൽ 14 വരെ മാഞ്ചസ്റ്ററിൽ നടക്കേണ്ടിയിരുന്ന ടെസ്റ്റ് മത്സരമാണ് റദ്ദാക്കിയത്. ഇക്കാര്യം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് സ്ഥിരീകരിച്ചു. അഞ്ചാം ടെസ്റ്റിൽ കളിക്കുന്നതിൽ വിമുഖത വ്യക്തമാക്കി ഇന്ത്യൻ ടീമംഗങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് (ബിസിസിഐ) കത്തെഴുതിയിരുന്നതായും റിപ്പോർട്ടുണ്ട്. ഇതിനിടെ, ഇന്ന് മത്സരം നടക്കില്ലെന്ന് വ്യക്തമാക്കി നിലവിൽ കമന്റേറ്റർ കൂടിയായ ദിനേഷ് കാർത്തിക് ട്വീറ്റ് ചെയ്തിരുന്നു.

മത്സരം നീട്ടിവച്ചതായി ആദ്യം അഭ്യൂഹങ്ങൾ പ്രചരിച്ചെങ്കിലും റദ്ദാക്കിയതായി ഇംഗ്ലിഷ് ക്രിക്കറ്റ് ബോർഡ് ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. മത്സരം ഇംഗ്ലണ്ട് ജയിച്ചതായി കണക്കാക്കുമെന്ന് ഇംഗ്ലിഷ് ബോർഡ് ആദ്യം പ്രസ്താവനയിൽ സൂചിപ്പിച്ചിരുന്നെങ്കിലും പിന്നീട് ആ ഭാഗം നീക്കി. ടീമിൽ കോവിഡ് പടർന്നുപിടിക്കുമെന്ന ആശങ്ക നിമിത്തം ടീമിനെ കളത്തിലിറക്കാൻ ഇന്ത്യയ്ക്ക് കഴിയില്ലെന്ന് ഇംഗ്ലിഷ് ബോർഡ് വിശദീകരിച്ചു. ഇതിനു പിന്നാലെ, പിന്നീട് സൗകര്യപ്രദമായ സമയത്ത് അഞ്ചാം ടെസ്റ്റ് കളിക്കാൻ ഇംഗ്ലിഷ് ബോർഡിനെ സന്നദ്ധത അറിയിച്ചതായി ബിസിസിഐ പ്രസ്താവനയിൽ വ്യക്തമാക്കി. നിലവിലെ സാഹചര്യം മനസ്സിലാക്കി സഹകരിച്ച ഇംഗ്ലണ്ടിന് ബിസിസിഐയും നന്ദിയും അറിയിച്ചു. നിലവിൽ രണ്ടു ടെസ്റ്റുകൾ ജയിച്ച ഇന്ത്യ പരമ്പരയിൽ 2–1ന് മുന്നിലാണ്.

മത്സരം നീട്ടിവച്ചാൽ അടുത്തയാഴ്ച ആരംഭിക്കേണ്ട ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) രണ്ടാം ഘട്ടത്തിനുള്ള ഒരുക്കങ്ങളെ ബാധിക്കുമായിരുന്നു. ഐപിഎൽ ടീമുകൾ ആഴ്ചകൾക്കു മുൻപുതന്നെ യുഎഇയിലെത്തി ഒരുക്കം ആരംഭിച്ചതാണ്. ഇന്ത്യ–ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ കളിക്കുന്ന ഐപിഎൽ താരങ്ങൾ ടൂർണമെന്റിനുശേഷം യുഎഇയിലെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ടെസ്റ്റ് നീട്ടുവച്ചാൽ ഐപിഎലിനെയും തൊട്ടുപിന്നാലെ ആരംഭിക്കേണ്ട ട്വന്റി20 ലോകകപ്പിനെയും ബാധിക്കുമെന്നതിനാലാണ് മത്സരം റദ്ദാക്കിയത്.

മത്സരം നടത്തുന്ന കാര്യത്തിൽ ഇന്നലെ മുതൽ ബിസിസിഐയും ഇംഗ്ലിഷ് ക്രിക്കറ്റ് ബോർഡും നിരന്തര ചർച്ചയിലായിരുന്നു. ഇന്നലെ അർധരാത്രി വരെ നീണ്ട ചർച്ച ഇന്നു രാവിലെ പുനരാരംഭിച്ചതിനു പിന്നാലെ ബിസിസിഐ മത്സരം നടത്തുന്നതിനെക്കുറിച്ച് താരങ്ങളുടെ അഭിപ്രായം തേടിയിരുന്നു. സീനിയർ താരങ്ങളിൽ ചിലർ കളിക്കുന്നതിൽ വിമുഖത പ്രകടിപ്പിച്ചതോടെയാണ് മത്സരം നീട്ടിവയ്ക്കാൻ തീരുമാനിച്ചത്. താരങ്ങളുടെ സുരക്ഷയ്ക്കാകണം പ്രാമുഖ്യമെന്ന നിലപാടാണ് ബിസിസിഐ കൈക്കൊണ്ടത്.

ഇന്ത്യൻ ടീമിന്റെ സപ്പോ‍ർട്ടിങ് സ്റ്റാഫിൽ ഒരാൾകൂടി കോവിഡ് ബാധിതനായതോടെയാണ് ഇന്ന് ആരംഭിക്കേണ്ട ഇന്ത്യ–ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് അനിശ്ചിതത്വത്തിലായത്. ഇന്ത്യൻ ടീമിലെ ജൂനിയർ ഫിസിയോ യോഗേഷ് പർമാർ കോവിഡ് പോസിറ്റീവായതോടെ ഇന്നലത്തെ പരിശീലനം ഇന്ത്യൻ ടീം ഉപേക്ഷിച്ചിരുന്നു.

ഹോട്ടൽ മുറിക്കുള്ളിൽ തുടർന്ന താരങ്ങളെയെല്ലാം പിന്നീടു കോവിഡ് പരിശോധനയ്ക്കു വിധേയരാക്കിയെങ്കിലും എല്ലാവരും നെഗറ്റീവായി. ഇതോടെ മണിക്കൂറുകൾ നീണ്ട ആശങ്ക ഒഴിവായതോടെ മത്സരം മുൻനിശ്ചയ പ്രകാരം മത്സരം നടത്താനുള്ള നടപടികൾ രാത്രി വൈകി പുനരാരംഭിച്ചിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് മത്സരം ആരംഭിക്കാനാകുമെന്നാണു പ്രതീക്ഷയെന്നു ഇംഗ്ലിഷ് ക്രിക്കറ്റ് ബോർഡും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ടെസ്റ്റ് നീട്ടിവയ്ക്കാൻ തീരുമാനിച്ചതായി വാർത്തകൾ പ്രചരിച്ചത്.

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രിക്കു നാലാം ടെസ്റ്റിനിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ശാസ്ത്രിയും അദ്ദേഹവുമായി സമ്പർക്കം പുലർത്തിയ 4 സപ്പോർട്ടിങ് സ്റ്റാഫ് അംഗങ്ങളും ലണ്ടനിൽ ഐസലേഷനിൽ കഴിയുകയാണ്. മുഖ്യ ഫിസിയോ നിതിൻ പട്ടേലും ശാസ്ത്രിക്കൊപ്പം ഐസലേഷനിൽ പ്രവേശിച്ചതോടെയാണ് നാലാം ടെസ്റ്റ് മുതൽ ജൂനിയർ ഫിസിയോ യോഗേഷ് ചുമതലയേറ്റെടുത്തത്. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ ടീമംഗങ്ങൾ ഇദ്ദേഹവുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്നുവെന്നതാണ് ആശങ്ക വർധിപ്പിച്ചത്.

English Summary: Day one of the fifth and final Test in Manchester postponed by two days

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA