ADVERTISEMENT

സിഡ്നി ∙ അഫ്ഗാനിസ്ഥാനിൽ വനിതാ ക്രിക്കറ്റ് നിരോധിക്കുമെന്നും മറ്റു കായികയിനങ്ങളിൽ വനിതകൾ പങ്കെടുക്കുന്നതു വിലക്കുമെന്നും താലിബാൻ പ്രഖ്യാപിച്ചു. താലിബാൻ വക്താവ് അഹ്മദുല്ല വാസിഖിനെ ഉദ്ധരിച്ച് ഓസ്ട്രേലിയയിലെ എസ്ബിഎസ് ടിവിയാണ് ഈ വിവരം പുറത്തുവിട്ടത്. ഇത്തരത്തിൽ വിലക്കേർപ്പെടുത്തിയാൽ അഫ്ഗാനിസ്ഥാനുമായി നവംബർ 27നു നടക്കാനിരിക്കുന്ന ടെസ്റ്റ് മത്സരം റദ്ദാക്കുമെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് മുന്നറിയിപ്പു നൽകി.

‘സ്പോർട്സിൽ, പ്രത്യേകിച്ചു ക്രിക്കറ്റിൽ മത്സരിക്കാനിറങ്ങുന്ന വനിതകൾക്കു മുഖം മറയ്ക്കാനോ ശരീരം മുഴുവനായും മറയ്ക്കാനോ കഴിയില്ല. തന്നെയുമല്ല, അവരുടെ ചിത്രങ്ങളും വിഡിയോകളുമെല്ലാം മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്യും. അതിനാലാണു കായികയിനങ്ങളിൽ വനിതകൾ പങ്കെടുക്കുന്നതു വിലക്കാൻ തീരുമാനിച്ചത്’ – താലിബാൻ സാംസ്കാരിക കമ്മിഷൻ ഉപമേധാവി കൂടിയായ അഹ്മദുല്ല പറഞ്ഞു. പുരുഷ ക്രിക്കറ്റ് ടീമിനോ പുരുഷൻമാരുടെ മറ്റു കായികയിനങ്ങൾക്കോ വിലക്കില്ലെന്നു താലിബാൻ ഭരണകൂടം നേരത്തേ അറിയിച്ചിരുന്നു.

രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ഈ വിഷയത്തിൽ ഇടപെടണമെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടു. അഫ്ഗാൻ വനിതാ ഫുട്ബോൾ ടീമിലെ താരങ്ങൾക്ക് ഓസ്ട്രേലിയ അഭയം കൊടുത്തിരുന്നു. വനിതാ ക്രിക്കറ്റ് ടീമിലെ 3 കളിക്കാർ കാനഡയിലേക്കു പലായനം ചെയ്തിരിക്കുകയാണ്.

∙ ടെസ്റ്റ് പദവി നഷ്ടമാകും

2017 മുതൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിൽ (ഐസിസി) പൂർണ വോട്ടവകാശമുള്ള അംഗമാണ് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. അതോടെ ടെസ്റ്റ് പദവിയും കൈവന്നു. വനിതാ ക്രിക്കറ്റിനു വിലക്കേർപ്പെടുത്തിയ സാഹചര്യത്തിൽ അഫ്ഗാന്റെ ടെസ്റ്റ് പദവി ഉൾപ്പെടെയുള്ളവ എടുത്തു കളയാൻ ഐസിസിക്ക് അധികാരമുണ്ട്. ഇതുവരെ 6 ടെസ്റ്റുകളാണ് അഫ്ഗാൻ പുരുഷ ടീം കളിച്ചിട്ടുള്ളത്.

2018ൽ ഇന്ത്യയ്ക്കെതിരെ ചെന്നൈയിലായിരുന്നു പ്രഥമ ടെസ്റ്റ് പോരാട്ടം. ഇന്നിങ്സിനും 262 റൺസിനും ഇന്ത്യ ജയം നേടി. ടീമിന്റെ 2–ാം ടെസ്റ്റിനും വേദി ഇന്ത്യയായിരുന്നു. എതിരാളികൾ അയർലൻഡ്. 7 വിക്കറ്റിനു ജയം നേടി അഫ്ഗാനിസ്ഥാൻ ചരിത്രമെഴുതി. പിന്നീടു ബംഗ്ലദേശിനെയും തോൽപിച്ചു. വെസ്റ്റിൻഡീസിനെതിരെ തോൽവി. സിംബാബ്‌വെയ്ക്കെതിരായ പരമ്പരയിൽ ആദ്യ ടെസ്റ്റിൽ തോൽവി. രണ്ടാമത്തേതിൽ ജയം.

∙ റദ്ദാക്കലുകൾ മുൻപും

സിംബാബ്‌വെ മു‍ൻ പ്രസിഡന്റ് റോബർട്ട് മുഗാബെയുടെ ഏകാധിപത്യ ഭരണരീതിയിൽ പ്രതിഷേധിച്ച് 2007ൽ ഓസീസ് ബോർഡ് സിംബാബ്‌വെ പര്യടനം ഉപേക്ഷിച്ചിരുന്നു. വർണവിവേചനം നിലനിന്നിരുന്ന 1971 മുതൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മുഴുവൻ മത്സരങ്ങളും ഓസീസ് ടീം റദ്ദാക്കിയിരുന്നു.

English Summary: Women cricket banned in Afghanistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com