sections
MORE

ടെസ്റ്റ് പരമ്പര കസറി (2–1): ഇനി ലക്ഷ്യം ട്വന്റി20 ‘വെടിക്കെട്ട്; ‘ഇന്ത്യയെ ഭയക്കണം’!

team-india
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ
SHARE

മാഞ്ചസ്റ്ററിലെ ‘കോവിഡ് ടെസ്റ്റിനും’ കോലാഹലങ്ങൾക്കും പിന്നാലെ ക്രിക്കറ്റ് ലോകം ട്വന്റി20 മൂഡിലേക്കു കൂടുമാറുകയാണ്. ഇനി അൽപകാലം ഇന്ത്യൻ പ്രിമിയർ ലീഗിന്റെയും ട്വന്റി20 ലോകകപ്പിന്റെയുമൊക്കെ വെടിക്കെട്ടു കാണാം. അവസാന ഘട്ടത്തിൽ കോവിഡ് കലമുടച്ചെങ്കിലും ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഉജ്വല പ്രകടനം നടത്തിയ ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പോരാട്ടം വരുന്ന ഡിസംബറിലും ജനുവരിയിലുമായി ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവരുടെ നാട്ടിലാണ്. ആ പരമ്പരയിലേക്ക് ഇന്ത്യ എന്തു വിസ്മയമാണ് കരുതിവിച്ചിരിക്കുന്നതെന്ന് ഇപ്പോൾ പറയാനാകില്ലെങ്കിലും വിദഗ്ധരിൽ പലരും ചില സൂചനകളുമായി ഇപ്പോഴേ രംഗത്തുണ്ട്. 

∙ പെർഫക്ട് ഓക്കെ...

ഓസ്ട്രേലിയയുടെ ഇതിഹാസ താരങ്ങളായിരുന്ന ഇയാൻ ചാപ്പലിന്റെയും ഷെയ്ൻ വോണിന്റെയും നിരീക്ഷണങ്ങളാണ് ഇക്കൂട്ടത്തിൽ ഏറെ ശ്രദ്ധേയമായത്. നിലവിൽ ലോകത്തെ ഏറ്റവും മികച്ച ടെസ്റ്റ് ടീം ഇന്ത്യയുടേതാണെന്ന് വോൺ അടിവരയിടുമ്പോൾ ചാപ്പൽ ഒരു പടി കൂടി കടന്നു ചിന്തിക്കുന്നു. ഏറ്റവും മികച്ച ടീമിനെ ഇറക്കാതിരുന്നിട്ടും ശ്രദ്ധേയമായ വിജയങ്ങൾ ഓസ്ട്രേലിയയ്ക്കെതിരെയും ഇംഗ്ലണ്ടിനെതിരെയും നേടിയ ടീം ഇന്ത്യയെ ഭയക്കണമെന്ന് മുൻ ഓസീസ് നായകൻ മറ്റു ടീമുകൾക്കു മുന്നറിയിപ്പു നൽകുന്നു. 

ലോകത്തെ ഏറ്റവും മികച്ച കൂട്ടത്തിലുള്ള പേസ് ബോളിങ് നിരയുടെ മിടുക്കാണ് ഇന്ത്യയുടെ വിജയരഹസ്യമെന്ന് വോൺ പറയുന്നു. അതേസമയം, സച്ചിൻ തെൻഡുൽക്കർ, രാഹുൽ ദ്രാവിഡ്, വി.വി.എസ്. ലക്ഷ്മൺ, സൗരവ് ഗാംഗുലി തുടങ്ങിയവർ ഒരുമിച്ച കാലത്തെ ബാറ്റിങ് മികവ് ഈ ടീമിനില്ലെന്നും വോൺ തുറന്നടിക്കുന്നു.

∙ചാപ്പലിന്റെ ഹോപ്

ചാപ്പൽ ചിന്തിക്കുന്നത് അതുക്കും മേലെ മികവു കാട്ടാൻ ശേഷിയുള്ള പടക്കപ്പലിനെക്കുറിച്ചാണ്. ഇംഗ്ലണ്ടിൽ ഇന്ത്യ ഒരു മത്സരത്തിൽ പോലും അവസരം നൽകാതിരുന്ന ആർ. അശ്വിൻ കൂടി ഉൾപ്പെടുന്ന മധ്യനിരയാണ് അദ്ദേഹത്തിന്റെ സങ്കൽപത്തിൽ. നാലാം നമ്പറിൽ ക്യാപ്റ്റൻ വിരാട് കോലിക്കു പിന്നാലെ, രവീന്ദ്ര ജഡേജ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, ആർ. അശ്വിൻ എന്നിവരടങ്ങുന്ന സംഘമാണെങ്കിൽ സംഗതി പൊളിക്കില്ലേ! 

shardul-thakur-team-india

പാണ്ഡ്യ പൂർണ കായികക്ഷമത വീണ്ടെടുക്കാത്ത പ്രശ്നമുണ്ടെങ്കിൽ ഷാർദുൽ ഠാക്കൂർ എന്തിനും പോന്ന പകരക്കാരനാണ്. ഇവർക്കു ശേഷം ജസ്പ്രിത് ബുമ്രയുടെ നേതൃത്വത്തിൽ ഏറ്റവും മികച്ച 3 പേസ് ബോളർമാരെ ഉൾപ്പെടുത്തിയാൽ ലോകത്തെ ഏതു ടീമും ഇന്ത്യയെ ഭയക്കേണ്ടി വരുമെന്നാണ് ചാപ്പൽ ഉറപ്പിച്ചു പറയുന്നത്. അഞ്ചാം നമ്പറിൽ ജഡേജയെയോ പന്തിനെയോ യുക്തി പോലെ ഉപയോഗിക്കാമെന്നതാണ് ഈ ഇലവന്റെ സവിശേഷത. 

എട്ടാം നമ്പറിലിറങ്ങുന്ന അശ്വിൻ വരെ ബാറ്റിങ്ങിലും മികവുള്ളവരായതിനാൽ ഭേദപ്പെട്ട സ്കോർ നേടാം. പാണ്ഡ്യയോ ശാർദുലോ അടക്കം 4 പേസർമാരും 2 സ്പിന്നർമാരും ചേരുന്ന ബോളിങ് നിരയ്ക്ക് ഏതു രാജ്യത്തും 20 വിക്കറ്റുകൾ വീഴ്ത്താനുള്ള ശേഷിയുമുണ്ട്. അവസരം കിട്ടിയാൽ അതിവേഗം സ്കോർ ചെയ്യാൻ പന്തിനും പാണ്ഡ്യയ്ക്കും ജഡേജയ്ക്കമുള്ള മിടുക്കും ഇന്ത്യയുടെ സാധ്യത വർധിപ്പിക്കുമത്രെ. 

∙ സോറി, രഹാനെ!

നിലവിൽ വൈസ് ക്യാപ്റ്റനായ അജിങ്ക്യ രഹാനെ ഈ ഇലവനിൽ ഉൾപ്പെടുന്നില്ലെന്നതു ശ്രദ്ധേയമാണ്. തന്ത്രപരമായി മികവു കാട്ടുന്ന രഹാനെയുടെ അസാന്നിധ്യം നഷ്ടമാണെങ്കിലും ക്യാപ്റ്റനെന്ന നിലയിൽ ഇതിനകം പല കുറി മികവു കാട്ടിയ രോഹിത് ടെസ്റ്റിലും കൂടി ഉപനായക സ്ഥാനത്തു വന്നാൽ ആ പ്രശ്നത്തിനും പരിഹാരമാകുമെന്നാണ് ചാപ്പലിന്റെ അഭിപ്രായം. 

മൈതാനത്ത് മികവു കാട്ടുന്നതു പോലെ തന്നെ പ്രധാനമാണ് മികച്ച ടീമിനെ തിരഞ്ഞെടുക്കുന്നതെന്ന് അദ്ദേഹം സമർഥിക്കുന്നു. മുൻനിരയിൽ രോഹിത് ശർമ, കെ.എൽ. രാഹുൽ, ചേതേശ്വർ പൂജാര, വിരാട് കോലി എന്നിവർക്കു ശേഷമുള്ള താരങ്ങളുടെ കൂട്ടത്തിൽ രഹാനെ ഉൾപ്പെടുന്നില്ലെങ്കിലും ടീമിന് കാര്യമായ പ്രശ്നങ്ങളുണ്ടാകില്ലെന്നാണ് ചാപ്പലിന്റെ പക്ഷം.

team-india-suryakumar-yadav

∙ ടീം റെഡി! കോലിയോ?

കഴിഞ്ഞ ടെസ്റ്റ് ചാംപ്യൻഷിപ് കിരീടം കയ്യെത്തും ദൂരത്ത് നഷ്ടമായ ഇന്ത്യയ്ക്ക് ഇക്കുറി അതു തിരിച്ചുപിടിക്കണമെങ്കിൽ ഇനിയുള്ള പരമ്പരകളിലും വിജയങ്ങൾ അനിവാര്യമാണ്. കോവിഡ് മൂലം തൽക്കാലം ഉപേക്ഷിച്ച മാഞ്ചസ്റ്റർ ടെസ്റ്റിന്റെ വിധി ഇനി രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ കൈകളിലാണ്. 

ഐസിസിയുടെ വിധി ഇംഗ്ലണ്ടിന് അനുകൂലമായാൽ ടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റ് പട്ടികയിൽ ഇന്ത്യയ്ക്കു നഷ്ടം നേരിടേണ്ടി വരും. അപ്പോൾ ബാക്കിയുള്ള പരമ്പരകളെല്ലാം ജയിക്കുകയെന്നതാകും വെല്ലുവിളി. അതിനു വേണ്ട ഇലവൻ കൺമുന്നിൽ തന്നെയുണ്ട്. കോലിയുടെയും ടീം മാനേജ്മെന്റിന്റെയും ശ്രദ്ധ ഇക്കാര്യത്തിലേക്കു തിരിയുമോ എന്നാണ് ഇനി അറിയാനുള്ളത്.

English Summary: Team India all seat to switch gears to Twenty20 world cup

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചിരിയുടെ കാൽനൂറ്റാണ്ട് | Salim Kumar | 25 Years of Acting

MORE VIDEOS
FROM ONMANORAMA