ADVERTISEMENT

ലണ്ടൻ∙ ടെസ്റ്റ് ക്രിക്കറ്റിലെ ലോക ഒന്നാം നമ്പർ ബാറ്റ്സ്മാൻ. ഏകദിന ക്രിക്കറ്റിൽ ലോക റാങ്കിങ്ങിൽ 12–ാം സ്ഥാനത്ത്. ഇംഗ്ലണ്ടിനായി ഏകദിന ലോകകപ്പ്. ബാറ്റിങ്ങിൽ എണ്ണിയാൽ ഒടുങ്ങാത്ത റെക്കോർഡുകൾക്ക് ഉടമ. ഇതൊക്കെയാണെങ്കിലും ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റൻ ജോ റൂട്ട് ഇതുവരെ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) അരങ്ങേറിയിട്ടില്ല!

ഐപിഎൽ അരങ്ങേറ്റത്തിന് ഒരിക്കൽ മാത്രമാണു റൂട്ട് ശ്രമിച്ചിട്ടുള്ളതും. 2018ലെ ഐപിഎല്ലിലായിരുന്നു ഇത്. 1.5 കോടി അടിസ്ഥാന വിലയായി നിശ്ചയിച്ചാണു റൂട്ട് താരലേലത്തിൽ പങ്കെടുത്തത്. മാർക്വി താരങ്ങൾ മിക്കവരും 2 കോടി രൂപയെങ്കിലും അടിസ്ഥാന വിലയായി നിശ്ചയിച്ചാണു ലേലത്തിൽ പങ്കെടുത്തിരുന്നത്. എന്നാൽ അടിസ്ഥാന വില കുറയ്ക്കാനായിരുന്നു റൂട്ടിന്റെ തീരുമാനം. 

2016 ട്വന്റി20 ലോകകപ്പിൽ 146.57 സ്ട്രൈക് റേറ്റിൽ 249 റൺസ് നേടിയ റൂട്ടിനെ ഏതെങ്കിലും ടീമുകൾ സ്വന്തമാക്കുമെന്നാണ് ആരാധകരും കരുതിയിരുന്നത്. എന്നാൽ ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സിനായി രാജസ്ഥാൻ റോയൽസ് 12.5 കോടി മുടക്കിയ അതേ ഐപിഎൽ സീസണിൽ റൂട്ടിനെ ഒരു ടീമും വാങ്ങിയില്ല. 

തുടർന്നുള്ള വർഷങ്ങളിലാകട്ടെ റൂട്ട് ഐപിഎൽ താരലേലത്തിൽ പങ്കെടുത്തതുമില്ല. ‘ഐപിഎല്ലിൽനിന്നു വിട്ടുനിൽക്കുക എന്ന തീരുമാനം ബുദ്ധിമുട്ടേറിയതാണ്. ഒട്ടേറെ ഐപിഎൽ സീസണുകൾ കളിക്കണമെന്നാണ് ആഗ്രഹം’– ഈ വർഷത്തെ ഐപിഎൽ താരലേലത്തിൽ പങ്കെടുക്കുന്നില്ലെന്നു പ്രഖ്യാപിച്ച റൂട്ട് കഴിഞ്ഞ ഫെബ്രുവരിയിൽ പ്രതികരിച്ചത് ഇങ്ങനെ. 

രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയിട്ട് 9 വർഷം പിന്നിട്ട റൂട്ട് ട്വന്റി20യിൽ ഇപ്പോൾ ഇംഗ്ലണ്ടിന്റെ അവിഭാജ്യ ഘടകമല്ല. 2019നു ശേഷം റൂട്ട് രാജ്യാന്തര ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുമില്ല. അടുത്ത മാസം തുടങ്ങുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിലും ജോ റൂട്ടിനെ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിലും ഏകദിനത്തിലും ഇതല്ല സ്ഥിതി. 2017 മുതൽ ഇംഗ്ലണ്ടിനെ നയിക്കുന്ന റൂട്ടാണ് രാജ്യത്തിന് ഏറ്റവും അധികം ടെസ്റ്റ് ജയങ്ങൾ (55 കളികളിൽ 27 ജയം) സമ്മാനിച്ചിട്ടുള്ളത്. 

English Summary: When England skipper Joe Root, who had a base price of Rs 1.5 crore, went unsold in IPL auction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com