sections
MORE

ഗെയ്‌ലിന്റെ ബാറ്റ് എറിഞ്ഞൊടിച്ചു, അടുത്ത 4 പന്തിൽ 4,4,6,4; വൈറൽ വിഡിയോ

gayle-smith
ക്രിസ് ഗെയ്‌ൽ, ഒഡീൻ സ്മിത്ത്
SHARE

സെന്റ് കിറ്റ്സ്∙ ബോളർമാരെ പേസ്–സ്പിൻ വ്യത്യാസമില്ലാതെ തച്ചുതകർക്കുന്ന ക്രിസ് ഗെയ്‍ലിനെ നമുക്കറിയാം. സമകാലിക ക്രിക്കറ്റിലെ ഏറ്റവും വിനാശകാരിയായ അദ്ദേഹത്തിന്റെ ബാറ്റ് എറിഞ്ഞൊടിച്ച ഒരു ബോളറാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ചാവിഷയം. വെസ്റ്റിൻഡീസിന്റെ തന്നെ ഒഡ‍ീൻ സ്മിത്ത് എന്ന ഇരുപത്തിനാലുകാരനാണ് ഗെയ്‍ലിന്റെ ബാറ്റ് എറിഞ്ഞൊടിച്ചത്. കരീബിയൻ പ്രിമിയർ ലീഗ് (സിപിഎൽ) സെമിഫൈനൽ പോരാട്ടത്തിനിടെയാണ് വെസ്റ്റിൻഡീസ് സൂപ്പർതാരത്തിന്റെ ബാറ്റ് മറ്റൊരു വെസ്റ്റിൻഡീസുകാരനായ ഒഡീൻ സ്മിത്ത് എറിഞ്ഞൊടിച്ചത്!

സിപിഎൽ രണ്ടാം സെമി പോരാട്ടത്തിൽ ക്രിസ് ഗെയ്‍ൽ ഉൾപ്പെട്ട സെന്റ് കിറ്റ്സ് ആൻഡ് നെവിസ് പാട്രിയറ്റ്സും നിക്കോളാസ് പുരാൻ നയിക്കുന്ന ഗയാന ആമസോൺ വാരിയേഴ്സുമാണ് ഏറ്റുമുട്ടിയത്. മത്സരത്തിൽ ടോസ് നേടിയ സെന്റ് കിറ്റ്സ് തിരഞ്ഞെടുത്തത് ഫീൽഡിങ്. ആദ്യം ബാറ്റു ചെയ്ത ആമസോൺ വാരിയേഴ്സ് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 178 റൺസ്. ഷിമ്രോൺ ഹെറ്റ്മെയർ 20 പന്തിൽ രണ്ടു ഫോറും നാലു സിക്സും സഹിതം 45 റൺസുമായി ടോപ് സ്കോററായി.

മറുപടി ബാറ്റിങ്ങിൽ ക്രിസ് ഗെയ്‍ലും എവിൻ ലൂയിസും ചേർന്ന് സെന്റ് കിറ്റ്സിന് നൽകിയത് മിന്നുന്ന തുടക്കം. കെവിൻ സിൻക്ലയർ എറിഞ്ഞ ആദ്യ ഓവറിൽ മൂന്നു റൺസ് മാത്രമെടുത്ത് ക്ഷമയോടെ തുടക്കമിട്ട സഖ്യം, അടുത്ത ഓവറിൽ റൊമാരിയോ ഷെഫേർഡിനെതിരെ സിക്സർ നേടി നയം വ്യക്തമാക്കി. തൊട്ടടുത്ത ഓവറിൽ സിൻക്ലയറിനെതിരെ ആദ്യ സിക്സർ.

ആദ്യ ബോളിങ് മാറ്റമായെത്തിയ ഒഡീൻ സ്മിത്തിനെതിരെ അടുത്ത ഓവറിൽ നാലു ഫോറും ഒരു സിക്സും സഹിതം ഗെയ്‍ൽ അടിച്ചുകൂട്ടിയത് 23 റൺസ്! ഈ ഓവറിലെ രണ്ടാം പന്തിലാണ് സ്മിത്ത് ഗെയ്‍ലിന്റെ ബാറ്റ് എറിഞ്ഞൊടിച്ചത്. പന്തു നേരിട്ട ഗെയ്‍ലിന്റെ കയ്യിൽ പിന്നീട് ശേഷിച്ചത് ബാറ്റിന്റെ പിടി മാത്രം. ബാക്കി ഭാഗം പന്തുകൊണ്ട് തെറിച്ചുപോയി! ബാറ്റു മാറ്റിയെത്തിയ ഗെയ്‍ൽ ശേഷിച്ച നാലു പന്തിൽനിന്ന് മൂന്നു ഫോറും ഒരു സിക്സും സഹിതം 18 റൺസ് അടിച്ചുകൂട്ടി. അടുത്ത ഓവറിൽ ഇമ്രാൻ താഹിറിനെതിരെ ലൂയിസ് വക രണ്ട് സിക്സും ഒരു ഫോറും സഹിതം 18 റൺസ്. ഇരുവരും ചേർന്ന് ഏഴ് ഓവറിൽ 76 റൺസ് അടിച്ചുകൂട്ടിയതോടെ സെന്റ് കിറ്റ്സിന് വിജയത്തിലേക്കുള്ള വഴി എളുപ്പമായി.

ഗെയ്‍ൽ 27 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 42 റൺസെടുത്ത് പുറത്തായെങ്കിലും 39 പന്തിൽ മൂന്നു ഫോറും എട്ടു സിക്സും സഹിതം 77 റൺസുമായി പുറത്താകാതെ നിന്ന ലൂയിസ് സെന്റ് കിറ്റ്സിനെ വിജയത്തിലെത്തിച്ചു. ക്യാപ്റ്റൻ ഡ്വെയിൻ ബ്രാവോ 31 പന്തിൽ 34 റൺസെടുത്തു. 13 പന്തും ഏഴു വിക്കറ്റും ബാക്കിയാക്കി സെന്റ് കിറ്റ്സ് വിജയത്തിലെത്തി.

English Summary: Odean Smith bowls a ripper to break Chris Gayle's bat into two 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA