ADVERTISEMENT

റാവൽപിണ്ടി∙ പാക്കിസ്ഥാൻ ഒരുക്കിയ സുരക്ഷാ സംവിധാനങ്ങളിൽ പൂർണ സംത‍ൃപ്തി പ്രകടിപ്പിച്ച ന്യൂസീലൻഡ് ക്രിക്കറ്റ് ടീം, ഒന്നാം ഏകദിനത്തിനു മിനിറ്റുകൾക്കു മുൻപ് പരമ്പര റദ്ദാക്കിയതിന്റെ ഞെട്ടലിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). സുരക്ഷാ പ്രശ്നങ്ങൾ നിമിത്തം പാക്കിസ്ഥാനിലേക്കു വരാൻ വിദേശ ടീമുകൾ മടി കാട്ടുന്നതിനിടെയാണ് പ്രശ്നങ്ങളില്ലെന്ന് ബോധ്യപ്പെടുത്താൻ പാക്ക് സർക്കാർ മുൻകയ്യെടുത്ത് വിവിധ പര്യടനങ്ങൾക്ക് പദ്ധതിയിട്ടത്. പാക്ക് പര്യടനത്തിന് തയാറായ ടീമുകൾക്കായി അതീവ സുരക്ഷ ഒരുക്കുകയും ചെയ്തു. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നേരിട്ട് ന്യൂസീലൻഡ് പ്രധാനമന്ത്രിയെ വിളിച്ചാണ് സുരക്ഷാ കാര്യത്തിൽ ഉറപ്പു നൽകിയത്.

എന്നിട്ടും ന്യൂസീലൻഡ് പര്യടനം ഉപേക്ഷിച്ചതിന്റെ കാരണം തിരയുകയാണ് അവർ. പര്യടനം റദ്ദാക്കുന്നതായി ന്യൂസീലൻഡ് അറിയിച്ചതിനു പിന്നാലെ പിസിബി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പുകളിലും നിറഞ്ഞുനിന്നത് ഇത്തരമൊരു തിരിച്ചടിയുടെ വേദനയായിരുന്നു. ന്യൂസീലൻഡ് ടീമിനായി ഒരുക്കിയ സുരക്ഷാ ക്രമീകരണങ്ങളിൽ സമ്പൂർണ തൃപ്തി രേഖപ്പെടുത്തിയിട്ടും അവസാന നിമിഷം പിൻമാറിയതിന്റെ അതൃപ്തി പാക്ക് ബോർഡിന്റെ ട്വീറ്റുകളിൽ തെളിഞ്ഞുനിൽക്കുന്നു. പിസിബിയുടെ ട്വീറ്റുകളിലൂടെ:

‘ഇന്ന് രാവിലെ ചില സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് മുന്നറിയിപ്പു ലഭിച്ചതായി ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് ഞങ്ങളെ അറിയിച്ചിരുന്നു. ഇതനുസരിച്ച് ഇരു ബോർഡുകളും ഒന്നുചേർന്ന് പരമ്പര നീട്ടിവയ്ക്കാൻ തീരുമാനിച്ചു. പാക്കിസ്ഥാനിൽ പര്യടനം നടത്തുന്ന ടീമുകൾക്കായി പാക്കിസ്ഥാൻ സർക്കാരും പാക്ക് ക്രിക്കറ്റ് ബോർഡും വിട്ടുവീഴ്ചയില്ലാത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡിനും സമാനമായ ഉറപ്പാണ് ഞങ്ങൾ നൽകിയിരുന്നത്. പാക്കിസ്ഥാൻ പ്രധാനമന്ത്രി നേരിട്ട് ഇതേക്കുറിച്ച് ന്യൂസീലൻഡ് പ്രധാനമന്ത്രിയുമായി സംസാരിക്കുകയും, ലോകത്തെ തന്നെ ഏറ്റവും മികച്ച ഇന്റലിജൻസ് സംവിധാനമാണ് ഞങ്ങൾക്കുള്ളതെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തതാണ്. ഇവിടെ സന്ദർശനം നടത്തുന്ന ടീമുകൾക്ക് യാതൊരുവിധ സുരക്ഷാ ഭീഷണിയുമില്ലെന്നും ഉറപ്പുനൽകിയിരുന്നു.

ന്യൂസീലൻഡ് ടീം ഇവിടെയെത്തിയതു മുതൽ അവർക്കായി പാക്കിസ്ഥാൻ സർക്കാർ ഒരുക്കിയ സുരക്ഷാ ക്രമീകരണങ്ങളിൽ ടീമിനൊപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ പൂർണ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തതാണ്.

പരമ്പരയിലെ മത്സരങ്ങൾ മുൻനിശ്ചയിച്ചപ്രകാരം നടത്താൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ‍് തയാറാണ്. എന്നിരുന്നാലും ഈ അവസാനഘട്ട പിൻമാറ്റത്തിൽ പാക്കിസ്ഥാനിലെയും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെയും ക്രിക്കറ്റ് ആരാധകർ നിരാശരാണ്’ – പിസിബി കുറിച്ചു.

English Summary: Pakistan Cricket Board (PCB) reacts to New Zealand Cricket Board's Withdrawal from Pakistan Series

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com