ADVERTISEMENT

ഇസ്‍ലാബാദ്∙ സുരക്ഷാ പ്രശ്നം പറഞ്ഞ് പരമ്പര റദ്ദാക്കി രാജ്യം വിട്ട ന്യൂസീലൻഡ് ക്രിക്കറ്റ് ടീമിനെതിരെ ‘കലിപ്പടങ്ങാതെ’ വീണ്ടും കടുത്ത പ്രതികരണവുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസ്. രാജ്യം വിടാനായി വിമാനത്താവളത്തിലേക്ക് പോകുമ്പോൾ ഭീഷണിയൊന്നുമുണ്ടായിരുന്നില്ലേ എന്നായിരുന്നു പരിഹാസം കലർന്ന ഹഫീസിന്റെ ചോദ്യം. ‘അതേ വഴിയും സുരക്ഷയ്ക്ക് അതേ ഉദ്യോഗസ്ഥരുമായിരുന്നിട്ടും’ ഇത്തവണ ഭീഷണിയൊന്നുമില്ലാത്തത് അദ്ഭുതമായിപ്പോയെന്ന് ഹഫീസ് പരിഹസിച്ചു.

പരമ്പര റദ്ദാക്കിയ ന്യൂസീലൻഡ് ക്രിക്കറ്റ് ടീം വിമാനത്താവളത്തിൽ പ്രവേശിക്കുന്ന ചിത്രം സഹിതമാണ് ഹഫീസിന്റെ പരിഹാസം.

‘യാതൊരു പ്രശ്നങ്ങളും കൂടാതെ ന്യൂസീലൻഡ് ടീമിന് വിമാനത്താവളത്തിലെത്താൻ വഴിയൊരുക്കിയ പാക്കിസ്ഥാന്റെ സുരക്ഷാ സേനയ്ക്ക് നന്ദി. അതേ വഴിയും അതേ സുരക്ഷയുമായിട്ടും ഇത്തവണ ഭീഷണിയൊന്നുമുണ്ടാകാത്തത് വിസ്മയിപ്പിക്കുന്നു’ – ഹഫീസ് ട്വീറ്ററിൽ കുറിച്ചു.

അതിനിടെ, ഹഫീസിന്റെ പരിഹാസത്തിന് മറുപടി കുറിച്ച ന്യൂസീലൻഡ് താരം മിച്ചൽ മക്‌ലീനഗൻ തൊട്ടുപിന്നാലെ തന്റെ മറുപടി ട്വീറ്റ് ഡിലീറ്റ് ചെയ്തു. പരമ്പര റദ്ദാക്കി നാട്ടിലേക്കു മടങ്ങിയതിന് ന്യൂസീലൻഡ് താരങ്ങളെ കുറപ്പെടുത്തരുതെന്ന അഭ്യർഥനയായിരുന്നു മക്‌ലീനഗന്റെ ട്വീറ്റിൽ. അദ്ദേഹം കുറിച്ചതിങ്ങനെ:

‘ആ പറഞ്ഞതിൽ മോശം അർഥം ഉണ്ടെന്ന് മനസ്സിലായി. പരമ്പര റദ്ദാക്കിയതിന് താരങ്ങളെയോ അസോസിയേഷനേയോ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. പകരം സർക്കാരിനെ കുറ്റപ്പെടുത്തൂ. ലഭിച്ച നിർദ്ദേശം അനുസരിക്കുക മാത്രമാണ് അവർ ചെയ്തത്. പാക്ക് പര്യടനത്തിൽ കളിച്ചുതന്നെ കഴിവു തെളിയിക്കാൻ ആഗ്രഹിച്ചെത്തിയ ഒരു കൂട്ടം യുവാക്കളാണ് ടീമിലുണ്ടായിരുന്നതെന്ന് എനിക്ക് വ്യക്തമായി അറിയാം. തിരിച്ചുപോകുകയല്ലാതെ അവർക്കു മുന്നിൽ മറ്റു വഴികളൊന്നുമുണ്ടായിരുന്നില്ല’ – മക‌്‌ലീനഗൻ കുറിച്ചു.

ദീർഘകാലത്തെ ഇടവേളയ്ക്കുശേഷം പാക്കിസ്ഥാനിൽ പര്യടനത്തിന് എത്തിയ ന്യൂസീലൻഡ് ടീം ആദ്യ മത്സരത്തിന് ഇറങ്ങാനിരിക്കെയാണ് ടോസിനു തൊട്ടുമുൻപായി പര്യടനം തന്നെ ഉപേക്ഷിച്ചത്. മത്സരം മൂന്നു മണിക്ക് ആരംഭിക്കാനിരിക്കെ ന്യൂസീലൻഡ് താരങ്ങൾ കളത്തിലിറങ്ങാൻ വിസമ്മതിക്കുകയായിരുന്നു. ന്യൂസീലൻഡ് ടീമിലെ താരങ്ങളിൽ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചെന്നായിരുന്നു ആദ്യ റിപ്പോർട്ട്. എന്നാൽ, സുരക്ഷാ കാരണങ്ങളാൽ പരമ്പര തന്നെ റദ്ദാക്കുകയാണെന്ന് പിന്നാലെ ന്യൂസീലൻഡ് ബോർഡ് അറിയിച്ചു.

English Summary: "No Threat Today?" Asks Mohammad Hafeez In Dig At New Zealand Cricket Team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com