ADVERTISEMENT

ദുബായ്∙ പാക്കിസ്ഥാൻ പര്യടനത്തിൽനിന്ന് സുരക്ഷാ പ്രശ്നത്തിന്റെ പേരിൽ ന്യൂസീലൻഡ് ക്രിക്കറ്റ് ടീം പിൻമാറിയത് ദീർഘകാലം നീണ്ടുനിൽക്കുന്ന പ്രശ്നമാകില്ലെന്നാണ് പ്രതീക്ഷയെന്ന് ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ. ഇന്ത്യൻ പ്രിമിയർ ലീഗിനായി (ഐപിഎൽ) ദുബായിലുള്ള വില്യംസൻ, അവിടെനിന്നാണ് ഈ വിഷയത്തിൽ പ്രതികരണം അറിയിച്ചത്. കളിക്കാൻ ഉറച്ചുതന്നെയാണ് ന്യൂസീലൻഡ് ടീം പാക്കിസ്ഥാനിലേക്കു പോയതെന്നും പെട്ടെന്നുണ്ടായ ചില കാരണങ്ങളാണ് പിൻമാറ്റത്തിലേക്കു നയിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വില്യംസൻ ഉൾപ്പെടെയുള്ള സീനിയർ താരങ്ങൾക്ക് പാക്ക് പര്യടനത്തിൽ വിശ്രമം അനുവദിച്ചിരുന്നു.

‘കളിക്കാൻ ഉറച്ചുതന്നെയാണ് അവർ പാക്കിസ്ഥാനിലെത്തിയത്. അപ്രതീക്ഷിതമായി സംഭവിച്ച ചില കാര്യങ്ങളാണ് എല്ലാം അവതാളത്തിലാക്കിയത്. ഈ പ്രശ്നം ദീർഘകാലം നീണ്ടുനിൽക്കില്ലെന്നാണ് എന്റെ പ്രതീക്ഷ. കാരണം, ക്രിക്കറ്റിന് പ്രത്യേക ഇടമുള്ള സ്ഥലമാണ് പാക്കിസ്ഥാൻ. സുരക്ഷിതമായി പാക്കിസ്ഥാനിലേക്കു പോകാനും അവിടെ കളിക്കാനും കാത്തിരിക്കുന്നു. അവിടെ ഒരുപാടു കളികൾ നാം കണ്ടിട്ടുണ്ട്. ഇനിയും കൂടുതൽ കളികൾ അവിടെ നടക്കട്ടെ’ – വില്യംസൻ പറഞ്ഞു.

‘പ്രഫഷനൽ താരമെന്ന നിലയിൽ ഏതു രാജ്യത്തും ക്രിക്കറ്റ് കളിക്കാൻ തയാറായിരിക്കണം. ഇതൊരു രാജ്യാന്തര മത്സരയിനമാണ്. അതിന് ലോകവ്യാപകമായി ഒട്ടേറെ ആരാധകരുണ്ട്. പ്രത്യേകിച്ചും പാക്കിസ്ഥാനിൽ. ദീർഘനാളുകൾക്കുശേഷം അവിടെ കളിക്കാൻ പോകുന്നതിന്റെ ആവേശം താരങ്ങൾക്കുണ്ടായിരുന്നു. പക്ഷേ, താരങ്ങളുടെ സുരക്ഷയും പ്രധാനമാണ്. ഇത്തരമൊരു നിർദ്ദേശം സർക്കാൽ തലത്തിൽ ലഭിക്കുമ്പോൾ അതിനു മുകളിലൊന്നും ചെയ്യാൻ താരങ്ങൾക്ക് കഴിയില്ല’ – വില്യംസൻ ചൂണ്ടിക്കാട്ടി.

‘പരമ്പര റദ്ദാക്കിയതിന്റെ കൂടുതൽ വിശദാംശങ്ങൾ എനിക്കറിയില്ല. എല്ലാം വളരെ പെട്ടെന്നാണ് സംഭവിച്ചത്. തീർച്ചയായും അതു നാണക്കേടുമാണ്. ക്രിക്കറ്റിന് പാക്കിസ്ഥാനിൽ കടുത്ത ആരാധകരുണ്ട്. മികച്ച പിന്തുണയുമുണ്ട്. പരമ്പര പൂർത്തിയാക്കാതെ മടങ്ങിയതിൽ കളിക്കാർ‌ക്ക് തീർച്ചയായും വിഷമമുണ്ടാകും. ഞാൻ ഐപിഎലിനായി ദുബായിലായതിനാൽ ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ അറിയില്ല. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ’ – വില്യംസൻ പറഞ്ഞു.

English Summary: Hope New Zealand Pullout Won't Have Lasting Impact in Pakistan: Kane Williamson

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com