ADVERTISEMENT

കാബൂൾ∙ മതവിരുദ്ധമായ ഘടകങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണ്‍ രണ്ടാം ഘട്ടത്തിലെ മത്സരങ്ങൾക്ക് അഫ്‍ഗാനിസ്ഥാനിൽ സംപ്രേഷണ വിലക്ക്. കോവിഡ് വ്യാപനം മൂലം ഇന്ത്യയിൽനിന്ന് യുഎഇയിലേക്ക് മാറ്റിയ ഐപിഎൽ 14–ാം സീസണിലെ മത്സരങ്ങൾക്ക് യുഎഇയിൽ തുടക്കമായതിനു പിന്നാലെയാണ് ഐപിഎൽ മത്സരങ്ങൾ അഫ്ഗാനിസ്ഥാനിൽ സംപ്രേഷണം ചെയ്യില്ലെന്ന് താലിബാൻ വ്യക്തമാക്കിയത്. ഐപിഎലിനിടെ വനിതകളുടെ നൃത്തം ഉൾപ്പെടെയുള്ള മത വിരുദ്ധമായ ദൃശ്യങ്ങളും സംപ്രേക്ഷണം ചെയ്യുന്ന സാഹചര്യത്തിലാണ് ഈ നീക്കം. മാത്രമല്ല, വനിതകൾ തലമുടി മറയ്ക്കാത്തതും പ്രശ്നമാണെന്ന് താലിബാൻ വ്യക്തമാക്കി.

താലിബാൻ ഭരണം പിടിക്കുന്നതിനു മുൻപ് അഫ്ഗാനിസ്ഥാനിൽ ഐപിഎൽ മത്സരങ്ങൾ സംപ്രേഷണം ചെയ്തിരുന്നു. ഈ പതിവ് അവസാനിപ്പിച്ചാണ് ഇത്തവണ താലിബാന്റെ വിലക്ക്. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ മുൻ മിഡിയ ചെയർമാനും മാധ്യമപ്രവർത്തകനുമായ എം. ഇബ്രാഹിം മൊമാൻദാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

ക്രിക്കറ്റ് ഉൾപ്പെടെയുള്ള കായികയിനങ്ങളിൽ വനിതകൾ പങ്കെടുക്കുന്നതിന് താലിബാൻ മുൻപേ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ, പുരുഷ ക്രിക്കറ്റിന് നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിരുന്നില്ല. ഇതിനിടെയാണ് ഐപിഎലിൽ മത വിരുദ്ധമായ ഘടകങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ട് സംപ്രേഷണ വിലക്ക്. അതിനിടെ, വനിതകൾക്ക് ക്രിക്കറ്റിൽനിന്ന് വിലക്കേർപ്പെടുത്തിയാൽ അഫ്ഗാനിസ്ഥാനുമായി നിശ്ചയിച്ചിരിക്കുന്ന പുരുഷൻമാരുടെ ടീമിന്റെ ടെസ്റ്റ് പരമ്പരയിൽനിന്ന് പിൻമാറുമെന്ന് ഏതാനും ദിവസം മുൻപ് ഓസ്ട്രേലിയ വ്യക്തമാക്കിയിരുന്നു. ഇത്തരം സമ്മർദ്ദ ഘടകങ്ങളും ഫലിക്കുന്നില്ലെന്ന് തെളിയിച്ചാണ് ഐപിഎലിനും രാജ്യത്ത് വിലക്ക് ഏർപ്പെടുത്തിയത്.

അതേസമയം, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഒരുപിടി താരങ്ങൾ ഇത്തവണയും ഐപിഎലിൽ വിവിധ ടീമുകൾക്കായി കളിക്കുന്നുണ്ട്. സൺറൈസേഴ്സ് താരങ്ങളായ റാഷിദ് ഖാൻ, മുഹമ്മദ് നബി, പഞ്ചാബ് കിങ്സിന്റെ മുജീബുർ റഹ്മാൻ തുടങ്ങിയവർ ഇത്തവണ ഐപിഎലിലെ അഫ്ഗാൻ സാന്നിധ്യങ്ങളാണ്.

English Summary: IPL 2021 Broadcast Banned in Afghanistan Due to Possible Anti-Islam Content

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com