ADVERTISEMENT

ലണ്ടൻ∙ പാക്കിസ്ഥാൻ ക്രിക്കറ്റിന് കനത്ത തിരിച്ചടിയായി ന്യൂസീലൻഡിനു പിന്നാലെ ഇംഗ്ലണ്ടും പാക്കിസ്ഥാൻ പര്യടനത്തിൽനിന്ന് പിന്‍മാറി. പാക്കിസ്ഥാനിലെത്തിയ ശേഷം ആദ്യ മത്സരത്തിനു തൊട്ടുമുൻപാണ് സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ന്യൂസീലൻഡ് പിൻമാറിയതെങ്കിൽ, ഒക്ടോബറിൽ പാക്കിസ്ഥാനിൽ പര്യടനം നടത്താനുള്ള തീരുമാനമാണ് ഇംഗ്ലണ്ട് റദ്ദാക്കിയത്. ട്വന്റി20 ലോകകപ്പിനു മുന്നോടിയായി ഇവിടെ പര്യടനം നടത്താനായിരുന്നു ഇംഗ്ലണ്ടിന്റെ ആദ്യ തീരുമാനം. പുരുഷ ടീമിനു പുറമേ ഇതേ സമയത്ത് നടത്താൻ ഉദ്ദേശിച്ചിരുന്ന വനിതാ ടീമിന്റെ പാക്കിസ്ഥാൻ പര്യടനവും ഉപേക്ഷിച്ചു.

‘ട്വന്റി20 ലോകകപ്പിനു മുന്നോടിയായി ഒക്ടോബറിൽ പാക്കിസ്ഥാനിൽ ചെന്ന് രണ്ട് ട്വന്റി20 മത്സരങ്ങൾ കളിക്കാമെന്ന് ഈ വർഷം ആദ്യം ഞങ്ങൾ സമ്മതിച്ചിരുന്നു. ഇതിനൊപ്പം വനിതാ ടീമിന്റെ പാക്കിസ്ഥാൻ പര്യടനത്തിനും പദ്ധതിയിട്ടിരുന്നു. ഈ പര്യടനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം ഞങ്ങൾ യോഗം ചേർന്നു. അവിടെ ഉരുത്തിരിഞ്ഞ തീരുമാനപ്രകാരം പുരുഷ, വനിതാ ടീമുകളുടെ പാക്ക് പര്യടനത്തിൽനിന്ന് ഞങ്ങൾ പിൻമാറുകയാണ്’ – ഇംഗ്ലിഷ് ക്രിക്കറ്റ് ബോർഡ് പ്രസ്താവനയിൽ അറിയിച്ചു.

സുരക്ഷാ പ്രശ്നങ്ങളെത്തുടർന്ന് ന്യൂസീലൻഡ് പാക്കിസ്ഥാൻ പര്യടനം അവസാന നിമിഷം റദ്ദാക്കിയതിനു പിന്നാലെയാണ് ഇംഗ്ലണ്ട് ടീമും പാക്ക് പര്യടനത്തെക്കുറിച്ച് പുനർവിചിന്തനം നടത്തിയത്. കോവിഡ് കാലത്തെ ബയോ സെക്യുർ ബബ്ളിലെ ജീവിതത്തിലൂടെ കടുത്ത വെല്ലുവിളി നേരിടുന്ന താരങ്ങളുടെ ശാരീരിക, മാനസിക സുരക്ഷയ്ക്കായി പര്യടനം ഉപേക്ഷിക്കാൻ ഇംഗ്ലിഷ് ബോർഡ് തീരുമാനിക്കുകയായിരുന്നു.

‘താരങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഇംഗ്ലിഷ് ബോർഡ് എക്കാലവും പ്രാധാന്യം നൽകാറുണ്ട്. ഈ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിൽ മേൽപ്പറഞ്ഞ ഘടകങ്ങൾ മുൻപത്തേതിലും പ്രധാനപ്പെട്ടതാണ്. പാക്കിസ്ഥാനിൽ പര്യടനം നടത്തുന്നതിനേക്കുറിച്ച് ഇപ്പോൾ കടുത്ത ആശങ്ക ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ അവിടേക്കു പോകുന്നത് താരങ്ങൾക്ക് കടുത്ത സമ്മർദ്ദം സൃഷ്ടിക്കുമെന്ന് ബോർഡ് മനസ്സിലാക്കുന്നു. കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ നിമിത്തം ബുദ്ധിമുട്ടുന്ന ടീമംഗങ്ങൾക്ക് അതുകൂടി സഹിക്കാനാകണമെന്നില്ല’ – ഇസിബി വ്യക്തമാക്കി.

ഒക്ടോബർ 14ന് യുഎഇയിൽ ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പിനു മുന്നോടിയായി പാക്കിസ്ഥാൻ പര്യടനത്തിനു തുനിയുന്നത് അഭികാമ്യമല്ലെന്ന വിലയിരുത്തലും ബോർഡിന്റെ ഭാഗത്തുനിന്നുണ്ട്.

‘പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ‍ിനെ സംബന്ധിച്ച് ഞങ്ങളുടെ ഈ തീരുമാനം കനത്ത നിരാശയ്ക്കിടയാക്കുമെന്ന് അറിയാം. അവിടേക്ക് രാജ്യാന്തര ക്രിക്കറ്റിനെ തിരികെയെത്തിക്കാൻ അവർ നടത്തുന്ന ആത്മാർഥമായ ശ്രമങ്ങളേയും തിരിച്ചറിയുന്നു. കഴിഞ്ഞ രണ്ടു സീസണുകളായി അവരുമായുള്ള സഹകരണം ഇംഗ്ലിഷ് ക്രിക്കറ്റ് ബോർഡിനെ സംബന്ധിച്ചിടത്തോളം ഏറ്റവും സൗഹാർദ്ദപരമായിരുന്നു. ഞങ്ങളുടെ ഈ തീരുമാനംകൊണ്ട് പാക്കിസ്ഥാൻ ക്രിക്കറ്റിന് ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് ക്ഷമ ചോദിക്കുന്നു. 2022ലേക്കായി നമ്മൾ പദ്ധതിയിട്ടിരിക്കുന്ന മുഴുനീള പര്യടനവുമായി മുന്നോട്ടുപോകുമെന്നും അറിയിക്കുന്നു’ – ഇസിബി വ്യക്തമാക്കി.

English Summary: England pull out of Pakistan tour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com