ADVERTISEMENT

ലണ്ടൻ∙ ന്യൂസീലൻഡ് പുരുഷ ടീം സുരക്ഷാ ഭീഷണിയെ തുടർന്ന് പാക്കിസ്ഥാൻ പര്യടനത്തിൽനിന്ന് പിൻമാറിയതിനു പിന്നാലെ, ന്യൂസീലൻഡിന്റെ വനിതാ ടീമിന് ബോംബ് ഭീഷണി. ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ന്യൂസീലൻഡ് വനിതാ ടീമിനാണ് അജ്ഞാതരുടെ ഭീഷണി സന്ദേശം ലഭിച്ചത്. ഇതേത്തുടർന്ന് ന്യൂസീലൻഡ് ടീമിനുള്ള സുരക്ഷ വർധിപ്പിച്ചു. ഭീഷണി സന്ദേശം ലഭിച്ചതായി ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ന്യൂസീലൻഡ് വനിതാ ടീം ഇന്ന് മൂന്നാം ഏകദിനത്തിൽ അവരെ നേരിടാനിരിക്കെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ന്യൂസീലൻഡ് ടീം താമസിക്കുന്ന ഹോട്ടലിൽ ബോംബ് സ്ഥാപിക്കുമെന്ന സന്ദേശമാണ് ലഭിച്ചതെന്നാണ് സൂചന. ന്യൂസീലൻഡ് ടീം നാട്ടിലേക്കു മടങ്ങുന്ന വിമാനത്തിൽ ബോംബ് വയ്ക്കുമെന്നും ഭീഷണിയുണ്ട്. ഇതോടെയാണ് സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചത്. അതേസമയം, ഇന്നു നടക്കേണ്ട മത്സരവുമായി മുന്നോട്ടുപോകുമെന്നും അറിയിച്ചിട്ടുണ്ട്.

‘ന്യൂസീലൻഡ് വനിതാ ടീം ലെസ്റ്ററിലെത്തിയിട്ടുണ്ട്. മുൻകരുതലെന്ന നിലയിൽ അവർക്കുള്ള സുരക്ഷ വർധിപ്പിച്ചു. ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് ടീമിന്റെ പരിശീലനം ഉപേക്ഷിച്ചെന്ന തരത്തിലുള്ള സന്ദേശങ്ങൾ വ്യാജമാണ്’ – ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് പ്രസ്താവനയിൽ അറിയിച്ചു.

‘യാത്രാക്ഷീണം നിമിത്തമാണ് അവർ തിങ്കളാഴ്ച പരിശീലനത്തിന് ഇറങ്ങാതിരുന്നത്. ഈ വിഷയത്തെക്കുറിച്ച് ന്യൂസീലൻഡ് ബോർഡ് ഇനിയും പ്രതികരിക്കുന്നതായിരിക്കില്ല’ – പ്രസ്താവനയിൽ പറയുന്നു.

English Summary: New Zealand women's cricket team receives bomb threat in Leicester

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com