ADVERTISEMENT

ദുബായ്∙ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സ്ഥാനം ലഭിച്ചില്ലെങ്കിലും ഐപിഎല്ലിലെ ബാറ്റിങ് ഫോമിനു കൈമോശം വന്നിട്ടില്ലെന്നു ശിഖർ ധവാനും ശ്രേയസ് അയ്യരും തെളിയിച്ച മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 8 വിക്കറ്റ് ജയം. സ്കോർ– ഹൈദരാബാദ്: 20 ഓവറിൽ 134–9; ഡൽഹി 17.5 ഓവറിൽ 139–2. ഹൈദരാബാദിനായിരുന്നു ടോസ്.

ശ്രേയസ് അയ്യർ (41 പന്തിൽ 2 വീതം ഫോറും സിക്സും അടക്കം പുറത്താകാതെ 47) ഓപ്പണർ ശിഖർ ധവാൻ (37 പന്തിൽ 6 ഫോറും ഒരു സിക്സുമടക്കം 42) എന്നിവരുടെ ഇന്നിങ്സുകൾ ഡൽഹി ജയം അനായാസമാക്കി. 21 പന്തിൽ 3 ഫോറും 2 സിക്സുമടക്കം പുറത്താകാതെ 35 റൺസടിച്ച ക്യാപ്റ്റൻ ഋഷഭ് പന്തും കയ്യടി വാങ്ങി. 

മത്സരത്തിനിടെ, ഐപിഎൽ സീസണിലെ റൺ വേട്ടക്കാരിലും (422 റൺസ്) ധവാൻ ഒന്നാമതെത്തി. പഞ്ചാബ് നായകൻ കെ.എൽ. രാഹുലിനെയാണു (380) പിന്തള്ളിയത്. 9 കളികളിൽ 7–ാം ജയം സ്വന്തമാക്കിയ ഡൽഹി 14 പോയിന്റോടെ ചെന്നൈയെ മറികടന്ന് (12) പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. 8 മത്സരങ്ങളിൽ ഒരു ജയം മാത്രം നേടാനായ ഹൈദരാബാദ് അവസാന സ്ഥാനത്തു തുടരുകയാണ്. 

ഓപ്പണർ പൃഥ്വി ഷായെ (8 പന്തിൽ 11) ഹൈദരാബാദ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ തകർപ്പൻ ക്യാച്ചിലൂടെ മടക്കിയെങ്കിലും 2–ാം വിക്കറ്റിൽ 52 റൺസ് ചേർത്ത ധവാൻ– അയ്യർ സഖ്യം ഡൽഹിയെ വിജയതീരത്തെത്തിച്ചു. അർധ സെഞ്ചുറിയിലേക്കു കുതിച്ച ധവാനെ റാഷിദ് ഖാനാണു വീഴ്ത്തിയത്. 18–ാം ഓവറിലെ 5–ാം പന്തിൽ ജെയ്സൻ ഹോൾഡറെ സിക്സിനു പായിച്ച് ശ്രേയസ് അയ്യർ ഡൽഹിക്കായി വിജയ റൺ നേടി. 

ddipl
മനീഷ് പാണ്ഡെയെ പുറത്താക്കിയ കഗീസോ റബാദയെ (മധ്യത്തിൽ) അഭിനന്ദിക്കുന്ന ആൻറിച്ച് നോർട്യ, സ്റ്റീവ് സ്മിത്ത് എന്നിവർ (ചിത്രം– ഐപിഎൽ, ട്വിറ്റർ)

നേരത്തെ,  കണിശതയോടെ പന്തെറിഞ്ഞ ഡൽഹി ബോളർമാരാണു ഹൈദരാബാദിനെ ചെറിയ സ്കോറിൽ ഒതുക്കിയത്. മുൻനിര ബാറ്റ്സ്മാൻമാർ നിറം മങ്ങിയ മത്സരത്തിൽ യുവതാരം അബ്ദുൽ സമദാണ് (21 പന്തിൽ 28) ഹൈദരാബാദ് ടോപ് സ്കോറർ. റാഷിദ് ഖാൻ (19 പന്തിൽ 22) ഓപ്പണർ വ‍‍ൃദ്ധിമാൻ സാഹ (17 പന്തിൽ 18) ക്യാപ്റ്റൻ കെയ്ൻ വില്യംസൻ (26 പന്തിൽ 18), മനീഷ് പാണ്ഡെ (16 പന്തിൽ 17) എന്നിവരാണു മറ്റു പ്രധാന സ്കോറർമാർ.

ഡൽഹിക്കായി കഗീസോ റബാദ 4 ഓവറിൽ 37 റൺസ് വഴങ്ങി 3 വിക്കറ്റെടുത്തു. ആൻറിച്ച് നോർട്യ (4–0–12–2), അക്സർ പട്ടേൽ (4–0–21–2) എന്നിവരും തിളങ്ങി. അപടകകാരിയായ ഡേവിഡ് വാർണറെ (0) ആദ്യ ഓവറിൽത്തന്നെ പറഞ്ഞയച്ച നോർട്യ നൽകിയ ബ്രേക്ക് ഡൽഹി ശരിക്കും മുതലാക്കി. നോർട്യയെ ഫ്ലിക് ചെയ്യാനുള്ള ശ്രമത്തിനിടെ വാർണറുടെ ബാറ്റിൽ ഉരസിയ പന്ത് നേരെ അക്സർ പട്ടേലിന്റെ കൈകളിലാണ് എത്തിയത്.

രണ്ടാം വിക്കറ്റിൽ സാഹ– മനീഷ് പാണ്ഡെ സഖ്യം 29 റൺസ് ചേർത്തെങ്കിലും ഇരുവരെയും റബാദ പറഞ്ഞയച്ചു. പന്തു മിഡിൽ ചെയ്യാൻ നന്നേ വിഷമിച്ച വില്യംസനെ (26 പന്തിൽ 18) അക്സർ മടക്കി. ഷിമ്രോൺ ഹെറ്റ്മയറിനായിരുന്നു ക്യാച്ച്. 

കേദാർ ജാദവ് (8 പന്തിൽ 3), ജെയ്സൻ ഹോൾഡർ (9 പന്തിൽ 10) എന്നിവരുടെ ഇന്നിങ്സുകളും നീണ്ടില്ല. 90 റൺസിന‌ിടെ 6 വിക്കറ്റ് നഷ്ടമായ ഹൈദരാബാദിനെ സമദും റാഷിദ് ഖാനും ചേർന്നാണു പൊരുതാവുന്ന സ്കോറിലെത്തിച്ചത്. 

English Summary: Delhi Capitals vs Sunrisers Hyderabad, 33rd Match - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com