ADVERTISEMENT

ദുബായ്∙ ഇതിലും മികച്ചൊരു ലാസ്റ്റ് ഓവർ ബോളിങ് ഇതിനു മുൻപ് കണ്ടിട്ടുണ്ടോ? ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിൽ ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ പഞ്ചാബിനെതിരെ രാജസ്ഥാൻ റോയൽസ് ചരിത്രവിജയം നേടുമ്പോൾ, ക്രിക്കറ്റ് ലോകത്തെ ഗ്രസിച്ചുനിൽക്കുന്ന ചോദ്യമിതാണ്; ഇതിലും മികച്ച രീതിയിൽ ലാസ്റ്റ് ഓവർ എറിയാനാകുമോ? 19 ഓവറുകൾ നീണ്ട പഞ്ചാബിന്റെ അധ്വാനത്തെയാണ് ഒരൊറ്റ ഓവറിൽ കാർത്തിക് ത്യാഗിയെന്ന ഇരുപതു വയസ്സുകാരൻ നിഷ്ഫലമാക്കിയത്. താൻ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും മികച്ച അവസാന ഓവർ എന്ന് ത്യാഗിയുടെ ബോളിങ്ങിന് സർട്ടിഫിക്കറ്റ് നൽകിയത് മുൻ ഇംഗ്ലിഷ് താരം ഗ്രെയിം സ്വാനും!

കിങ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിന്റെ അവസാന ഓവർ ത്യാഗി എറിയാനെത്തുമ്പോൾ ജയം സ്വപ്നം കാണാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു രാജസ്ഥാൻ റോയൽസ്. അവസാന 6 പന്തിൽ പഞ്ചാബിനു ജയിക്കാൻ വേണ്ടിയിരുന്നത് വെറും 4 റൺസ്. മൂന്നു റൺസെടുത്താൽ മത്സരം ടൈ. കയ്യിൽ 8 വിക്കറ്റുകൾ ബാക്കി. ക്രീസിൽ 18 പന്തിൽ 25 റൺസുമായി എയ്ഡൻ മർക്രവും 21 പന്തിൽ 32 റൺസുമായി നിക്കോളാസ് പുരാനും. വെറും 36 പന്തിൽ 57 റൺസടിച്ചുകൂട്ടിയ സഖ്യത്തിന് ആറു പന്തിൽ നാലു റൺസെന്ന വിജയലക്ഷ്യം വെല്ലുവിളിയേ അല്ലെന്ന് അറിയാവുന്ന രാജസ്ഥാൻ ആരാധകരെല്ലാം തോൽവി ഉറപ്പിച്ചിരുന്നു.

പക്ഷേ പിന്നീട് നടന്നത് അതിനാടകീയമായ ക്ലൈമാക്സ്. നിർണായകമായ ഓവറിൽ ത്യാഗി വഴങ്ങിയത് ഒരേയൊരു റൺസ്. വീഴ്ത്തിയത് 2 വിക്കറ്റ്. എയ്ഡൻ മർക്രത്തിനെതിരെ ഓവറിലെ ആദ്യ പന്ത് ഡോട്ട് ബോളാക്കിയ ത്യാഗി, അടുത്ത പന്തിൽ ഒരു റൺ വഴങ്ങി. പഞ്ചാബിന് വിജയത്തിലേക്കു വേണ്ടത് നാലു പന്തിൽ മൂന്നു റൺസ്. അടുത്ത പന്തിൽ നിക്കോളാസ് പുരാനെ സഞ്ജു സാംസണിന്റെ കൈകളിലെത്തിച്ച് ത്യാഗി ഞെട്ടിച്ചു. അപ്പോഴും പഞ്ചാബിന് വിജയം ഉറപ്പായിരുന്നു. പുരാനു പകരമെത്തിയത് ദീപക് ഹൂഡ. നാലാം പന്തും ത്യാഗി ഡോട്ട് ബോളാക്കിയതോടെ പഞ്ചാബ് അപകടം മണത്തു. അടുത്ത പന്തിൽ ഹൂഡ പുറത്ത്. വീണ്ടും സഞ്ജുവിന് ക്യാച്ച്. പകരമെത്തിയ ഫാബിയൻ അലന് അവസാന പന്തിൽ റണ്ണെടുക്കാനാകാതെ പോയതോടെ രാജസ്ഥാന് രണ്ടു റൺസിന്റെ അവിശ്വസനീയ വിജയം! അവസാന 17 പന്തിൽ ജയിക്കാൻ 12 റൺസ് മാത്രം വേണ്ടിയിരുന്ന പഞ്ചാബ് അങ്ങനെ പടിക്കൽ കലമുടച്ചു.

186 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ പഞ്ചാബിനു ലഭിച്ചത് സ്വപ്നതുല്യമായ തുടക്കം. നായകൻ കെ.എൽ.രാഹുലും (49) മയാങ്ക് അഗർവാളും (67) ചേർന്ന് ഒന്നാംവിക്കറ്റിൽ 120 റൺസ് നേടി. പിന്നാലെയെത്തിയ ഏയ്ഡൻ മാക്രം (26 നോട്ടൗട്ട്) നിക്കോളാസ് പുരാൻ (32) എന്നിവർ അനായാസം മത്സരം അവസാനിപ്പിക്കുമെന്നു കരുതിയപ്പോഴാണ് അവസാന ഓവറുകളിലെ മികവിൽ രാജസ്ഥാൻ കളി കവർന്നത്. 19–ാം ഓവർ എറിഞ്ഞ മുസ്തഫിസുർ റഹ്മാൻ വഴങ്ങിയതും 4 റൺസ് മാത്രമാണ്.

ജോസ് ബട്‍ലർ, ബെൻ സ്റ്റോക്സ് തുടങ്ങിയ പ്രമുഖ താരങ്ങളുടെ അഭാവത്തിലും ബാറ്റിങ് വെടിക്കെട്ടിനു കുറവില്ലെന്നു തെളിയിക്കുന്നതായിരുന്നു രാജസ്ഥാൻ റോയൽസിന്റെ ഇന്നിങ്സ്. ഓപ്പണർമാരായ എവിൻ ലൂയിസ് (36), യശസ്വി ജയ്‌സ്വാൾ (49) എന്നിവർ മികച്ച തുടക്കം നൽകിയപ്പോൾ മധ്യനിരയിൽ ലയാം ലിവിങ്‍സ്റ്റനും (25) മഹിപാൽ ലോംറോറും (43) അടിച്ചുതകർത്തു. ക്യാപ്റ്റൻ സഞ്ജു സാംസണു (4) തിളങ്ങാനായില്ല. പടുകൂറ്റൻ സ്കോറിലേക്കു കുതിച്ച റോയൽ‍സിനെ പഞ്ചാബ് പിടിച്ചുകെട്ടിയത് 5 വിക്കറ്റു നേടിയ അർഷ്ദീപ് സിങ്ങിന്റെ മികവിലാണ്.

English Summary: 'Greatest last over I've seen' - Graeme Swann, Parthiv Patel laud Kartik Tyagi's match-winning performance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com