ADVERTISEMENT

മുംബൈ∙ മലയാളി താരം സഞ്ജു സാംസണിന്റെ പ്രധാന പ്രശ്നം ഷോട്ട് സിലക്ഷനാണെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും കമന്റേറ്റുമായ സുനിൽ ഗാവസ്കർ. ക്രീസിലെത്തുന്നതു മുതൽ ആക്രമിച്ചു കളിക്കാനുള്ള നീക്കം സഞ്ജു ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് ഗാവസ്കർ ഉപദേശിച്ചു. ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലും സഞ്ജു നിരാശപ്പെടുത്തിയ സാഹചര്യത്തിലാണ് ഷോട്ട് സിലക്ഷനാണ് സഞ്ജു നേരിടുന്ന വെല്ലുവിളിയെന്ന് ചൂണ്ടിക്കാട്ടി ഗാവസ്കർ രംഗത്തെത്തിയത്. ദൈവം തന്ന കഴിവ് ഇങ്ങനെ നശിപ്പിക്കരുതെന്നും ഗാവസ്കർ സഞ്ജുവിനോട് ആവശ്യപ്പെട്ടു.

ഇത്തവണ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കായി കളിക്കാൻ പോലും സാധ്യതയുണ്ടെന്നു കരുതപ്പെട്ടിരുന്ന സഞ്ജുവിന്, ടീം പ്രഖ്യാപിച്ചപ്പോൾ അതിൽ ഇടംപോലും ലഭിച്ചിരുന്നില്ല. ഐപിഎലിൽ ഇടയ്ക്കിടെ മിന്നിത്തിളങ്ങാറുണ്ടെങ്കിലും, ഇന്ത്യൻ ജഴ്സിയിൽ തുടർച്ചയായി പരാജയപ്പെട്ടതാണ് സഞ്ജുവിന് തിരിച്ചടിയായത്. പ്രതിഭയുള്ള താരമെന്ന് ഏവരും വാഴ്ത്തുമ്പോഴും, അസ്ഥിരതയാണ് സഞ്ജുവിന് തിരിച്ചടിയാകുന്നത്.

‘സഞ്ജുവിനെ എല്ലായ്പ്പോഴും ചതിക്കുന്നത് അദ്ദേഹത്തിന്റെ ഷോട്ട് സിലക്ഷനാണ്. രാജ്യാന്തര ക്രിക്കറ്റിലായാൽപ്പോലും സഞ്ജു ഇന്നിങ്സ് ഓപ്പൺ ചെയ്യാറില്ല. അദ്ദേഹം വൺഡൗണോ സെക്കൻഡ് ഡൗണോ ആയിട്ടാണ് ബാറ്റിങ്ങിന് എത്താറുള്ളത്. പക്ഷേ, ക്രീസിലെത്തിയാൽ ആദ്യ പന്തുതന്നെ അതിർത്തി കടത്തണമെന്ന് വാശിയുള്ളതുപോലെയാണ് കളി. അത് ഏറെക്കുറേ അസാധ്യമായ സംഗതിയാണ്’ – ഗാവസ്കർ ചൂണ്ടിക്കാട്ടി.

‘ഏറ്റവും മികച്ച ഫോമിലായിരിക്കുമ്പോൾ പോലും നേരിടുന്ന ആദ്യ പന്ത് അതിർത്തി കടത്തുകയെന്നത് ഏറെക്കുറെ അസാധ്യമാണ്. അതിനു പകരം സിംഗിളുകളും ഡബിളുകളുമെടുത്ത് തുടങ്ങിയശേഷം പതുക്കെ ബൗണ്ടറികൾ ലക്ഷ്യമിടുന്നതാണ് അഭികാമ്യം.’ – ഗാവസ്കർ പറഞ്ഞു.

ഐപിഎൽ 14–ാം സീസണിന്റെ ആദ്യ ഘട്ടം ഇന്ത്യയിൽ നടക്കുമ്പോൾ സഞ്ജു രാജസ്ഥാനായി സെഞ്ചുറി നേടിയിരുന്നു. ഐപിഎലിൽ രാജസ്ഥാൻ നായകനായുള്ള അരങ്ങേറ്റത്തിൽ പഞ്ചാബ് കിങ്സിനെതിരെയായിരുന്നു ഈ സെഞ്ചുറി. എന്നാൽ, യുഎഇയിൽ ആരംഭിച്ച രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തിൽ സഞ്ജുവിന് അതേ പഞ്ചാബിനെതിരെ നേടാനായത് നാലു റൺസ് മാത്രം. ഈ സാഹചര്യത്തിലാണ് ഗാവസ്കറിന്റെ വാക്കുകൾ.

‘ഷോട്ട് സിലക്ഷൻ മെച്ചപ്പെടുത്തി പ്രകടനം നന്നാക്കാൻ സഞ്ജുവിനു കഴിയുമോ എന്നാണ് എല്ലാവരും ഇനി ഉറ്റുനോക്കുക. അല്ലെങ്കിൽ ദൈവം നൽകിയ കഴിവ് പാഴാക്കിക്കളയുന്നതിനു തുല്യമാകും അത്. ക്ഷമയില്ലെങ്കിൽ ഷോട്ട് സിലക്ഷൻ പാളുമെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. കുട്ടിക്കളിയിൽനിന്നു മാറി ഒരാൾ ലക്ഷണമൊത്ത കളിക്കാരനാകുന്നത് ക്ഷമയോടെ കളിക്കുമ്പോഴാണ്. അതുകൊണ്ട് മുന്നോട്ടുള്ള കരിയറിൽ ഇന്ത്യൻ ടീമിന്റെ അവിഭാജ്യ ഘടകമായി മാറാൻ സഞ്ജു ഷോട്ട് സിലക്ഷനിൽ ശ്രദ്ധിച്ചേ മതിയാകൂ’ – ഗാവസ്കർ പറഞ്ഞു.

English Summary: Gavaskar says Samson needs to improve his shot-selection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com