ADVERTISEMENT

ഐപിഎലിൽ കഴിഞ്ഞ ദിവസം നടന്ന കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്–റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിലെ ശ്രദ്ധാകേന്ദ്രമായത് കൊൽക്കത്തയ്ക്കായി ശുഭ്മാൻ ഗില്ലിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്ത ഇരുപത്തിയാറുകാരൻ പയ്യനായിരുന്നു. അലസമായ ശരീരഭാഷയോടെ എത്തിയ ബാറ്റ്സ്മാനെ കണ്ടപ്പോൾ എല്ലാവരും കരുതിയത് വിൻഡീസ് താരം സുനിൽ നരെയ്ൻ ആണെന്നാണ്. സ്ക്രീനിൽ പേരുതെളിഞ്ഞപ്പോഴാണ് അത് ഐപിഎലിൽ തന്റെ അരങ്ങേറ്റ മത്സരം കളിക്കാനെത്തിയ മധ്യപ്രദേശ് താരം വെങ്കടേഷ് അയ്യരാണെന്ന് പലർക്കും മനസ്സിലായത്.

93 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത 10 ഓവറിൽ ലക്ഷ്യം കണ്ടപ്പോൾ 27 പന്തിൽ പുറത്താകാതെ 41 റൺസുമായി വെങ്കടേഷ് അരങ്ങേറ്റം ഗംഭീരമാക്കി.

ക്രിക്കറ്റ് വിദഗ്ധരുടെ കണ്ണിൽ ഒരു പ്രഫഷനൽ താരത്തിനു ചേർന്ന വസ്ത്രധാരണമോ ബാറ്റിങ് ശൈലിയോ അല്ല വെങ്കടേഷിന്റേത്. ജഴ്സി ടക് ഇൻ ചെയ്യാത്ത, ഫുൾ സ്ലീവ് ഇട്ട് ബാറ്റിങ്ങിനിറങ്ങുന്ന ഓപ്പണർമാർ ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ വളരെ വിരളമാണ്. ക്രിക്കറ്റിൽ അത്ര പ്രഫഷനൽ അല്ലെങ്കിലും ക്രിക്കറ്റിനു പുറത്ത് പക്കാ പ്രഫഷനലാണ് വെങ്കടേഷ്. പഠനത്തിൽ എന്നും നമ്പർ വൺ. സിഎ ഇന്റർമീഡിയറ്റ് പാസായശേഷം ഫൈനൽസിനു വേണ്ടി തയാറെടുക്കുമ്പോഴാണ് പ്രഫഷനൽ ക്രിക്കറ്റിലേക്കുള്ള വിളിവരുന്നത്.

സിഎ പാതിവഴിയിൽ ഉപേക്ഷിച്ചു. ഒരു ബാക്കപ് പ്ലാൻ ആവശ്യമുള്ളതിനാൽ എംബിഎ എടുക്കാൻ തീരുമാനിച്ചു. എംബിഎ ഉയർന്ന മാർക്കോടെ പാസായി ബെംഗളൂരുവിലെ ഒരു ഐടി സ്ഥാപനത്തിൽ ജോലി ലഭിച്ച അതേ ദിവസമായിരുന്നു മധ്യപ്രദേശിന്റെ രഞ്ജി ടീമിലെടുത്തത്. ജോലി ഉപേക്ഷിച്ച് നേരേ ക്രിക്കറ്റിലേക്ക്. ‘ക്രിക്കറ്റർ ആയിരുന്നില്ലെങ്കിൽ തീർച്ചയായും ഐഐടിയിലോ ഐഐഎമ്മിലോ എന്നെ നിങ്ങൾക്ക് കാണാമായിരുന്നു’– വെങ്കടേഷ് പറയുന്നു. തമിഴ്നാട്ടുകാരാണ് വെങ്കിയുടെ കുടുംബം.

English Summary: KKR debutant Venkatesh Iyer makes his mark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com