ADVERTISEMENT

ദുബായ്∙ പഞ്ചാബ് കിങ്സിനെതിരായ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) പോരാട്ടത്തിൽ അവിശ്വസനീയ വിജയം നേടിയെങ്കിലും, രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിൽനിന്ന് കനത്ത പിഴ ഈടാക്കി ഐപിഎൽ സംഘാടകർ. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് ശിക്ഷ. ഓവറുകൾ നിശ്ചിത സമയത്ത് എറിഞ്ഞുതീർക്കാത്തതിന് 12 ലക്ഷം രൂപയാണ് സഞ്ജുവിൽനിന്ന് പിഴയായി ഈടാക്കിയത്. ഈ സീസണിൽ രാജസ്ഥാൻ ഇത്തരമൊരു പിഴവ് വരുത്തുന്നത് ആദ്യമായതിനാലാണ് ശിക്ഷ 12 ലക്ഷത്തിൽ ഒതുക്കുന്നതെന്ന് ഐപിഎൽ അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി.

‘സെപ്റ്റംബർ 21ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ പഞ്ചാബ് കിങ്സിനെതിരെ നടന്ന ഐപിഎൽ മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിൽനിന്ന് പിഴയീടാക്കി’ – ഐപിഎൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പിൽ അധികൃതർ വ്യക്തമാക്കി.

‘ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) നിയമത്തിലെ കുറഞ്ഞ ഓവർനിരക്കുമായി ബന്ധപ്പെട്ട് ഈ സീസണിൽ രാജസ്ഥാൻ റോയൽസ് വരുത്തുന്ന ആദ്യ പിഴവായതിനാൽ, സഞ്ജുവിൽനിന്ന് 12 ലക്ഷം രൂപയാണ് പിഴയായി ഈടാക്കുക’ – പത്രക്കുറിപ്പിൽ വിശദീകരിക്കുന്നു.

പഞ്ചാബിനെതിരായ മത്സരത്തിൽ തോൽവി ഉറപ്പിച്ച രാജസ്ഥാൻ, അവസാന ഓവറിൽ കാർത്തിക് ത്യാഗിയുടെ വീരോചിതമായ ബോളിങ്ങിലൂടെ അവിശ്വസനീയമായി വിജയത്തിലെത്തിയിരുന്നു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 185 റൺസിനാണ് പുറത്തായത്. മറുപടി ബാറ്റിങ്ങിൽ 19 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ 182 റൺസെന്ന നിലയിലായിരുന്നു പഞ്ചാബ്. എന്നാൽ, കാർത്തിക് ത്യാഗി എറിഞ്ഞ അവസാന ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടമാക്കിയ പഞ്ചാബിന് ആകെ നേടാനായത് ഒരു റൺ മാത്രം. ഇതോടെ രാജസ്ഥാൻ രണ്ടു റൺസിന് ജയിക്കുകയും ചെയ്തു.

English Summary: Rajasthan Royals captain Sanju Samson fined Rs 12 Lakh for slow over-rate against PBKS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com