ADVERTISEMENT

1960കളിലും 70കളിലും ഇന്ത്യൻ ടീം ലോകോത്തര ബാറ്റ്സ്മാൻമാരെ വട്ടംകറക്കി തിരികെ പവലിയനിലെത്തിച്ചത് മാന്ത്രിക വിരലുകളുള്ള നാലു സ്പിന്നർമാരുടെ മിടുക്കിലാണ്: ഇഎഎസ് പ്രസന്ന, എസ്. വെങ്കിട്ടരാഘവൻ, ഭഗവത് ചന്ദ്രശേഖർ, പിന്നെ ബിഷൻ സിങ് ബേദിയും. ഇവർ നാലുപേരും ഒന്നിച്ചുകളിച്ച കാലമായിരുന്നു ഇന്ത്യൻ സ്പിൻ ബോളിങ്ങിന്റെ സുവർണകാലം എന്ന കാര്യത്തിൽ രണ്ടഭിപ്രായമില്ല. ഇക്കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ താരം ബേദിയായിരുന്നു. ഇവരിൽ അവസാനം രാജ്യാന്തര ക്രിക്കറ്റിലെത്തിയും ബേദി തന്നെ. എന്നാൽ ഇവരിൽ കൂടുതൽ ടെസ്റ്റുകൾ കളിച്ചതും കൂടുതൽ വിക്കറ്റുകൾ സ്വന്തമാക്കിയതും ബേദിയാണ്. സ്പിൻ മന്ത്രങ്ങളിലൂടെ ഇന്ത്യൻ ക്രിക്കറ്റിന് പുതിയ അർഥവും ദിശയും സമ്മാനിച്ച ബിഷൻസിങ് ബേദിക്ക് ഇന്ന് 75 വയസ് പൂർത്തിയാകുന്നു.

1946 സെപ്റ്റംബർ 25ന് അമൃത്‌സറിലായിരുന്നു ബേദിയുടെ ജനനം. 15–ാം വയസിൽ ഉത്തര പഞ്ചാബ് ടീമിലൂടെയായിരുന്നു ക്രിക്കറ്റിൽ അരങ്ങേറ്റം. പിന്നീട് ഡൽഹി ടീമിൽ ഇടംനേടി. നോർത്താംപ്ടൺഷെറിനുവേണ്ടിയും മികച്ച പ്രകനമാണ് കാഴ്ചവച്ചത്. 1966–67ൽ വെസ്റ്റിൻഡീസിനെതിരെയായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഇടതുകൈയ്യൻ സ്‌പിന്നർ എന്ന പേരു സമ്പാദിക്കാൻ അധികം സമയമെടുത്തില്ല. ഇന്ത്യൻ കാണികളുടെ ഏറ്റവും പ്രിയങ്കരനായ ബോളറായിരുന്ന ‘ഫാജി’യുടെ പേരിലായിരുന്നു ഒരു കാലത്ത് ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ഇന്ത്യൻ താരം എന്ന റെക്കോർഡ്. 

bishan-singh-bedi

1985ൽ മാത്രമാണ് കപിൽദേവ് ബേദിയുടെ ഇന്ത്യൻ റെക്കോർഡ് തകർത്തത്. 200 വിക്കറ്റുകൾ തികച്ച ആദ്യ ഇന്ത്യൻ ബോളറും ബേദിതന്നെ. 1966–79 കാലത്ത് 67 ടെസ്‌റ്റുകളിൽനിന്ന് 266 വിക്കറ്റുകൾ പിഴുത ബേദി ക്രിക്കറ്റിനോട് വിടപറയുമ്പോൾ വിക്കറ്റ് വേട്ടയിൽ ലോകത്ത് മൂന്നാം സ്ഥാനത്തായിരുന്നു. ഓസ്ട്രേലിയയുടെ ഫ്രെഡി ട്രൂമാനും വെസ്റ്റിൻഡീസിന്റെ ലാൻസ് ഗിബ്സുമായിരുന്നു അന്ന് ബേദിക്ക് മുന്നിലുണ്ടായിരുന്നത്.

ആകെ പത്ത് ഏകദിന മൽസരങ്ങൾ മാത്രമേ കളിച്ചുവെങ്കിലും ഏകദിന ക്രിക്കറ്റിലെ ഒരു ലോക റെക്കോർഡ് ഇന്നും ബേദിയുടെ പേരിലുണ്ട്. 1975ലെ പ്രഥമ ലോകകപ്പിൽ ഈസ്‌റ്റ് ആഫ്രിക്കയ്‌ക്കെതിരെയുളള ബേദിയുടെ റെക്കോർഡ് ബോളിങ് പ്രകടനം പിന്നീട് ആർക്കും തൊടാനായിട്ടില്ല. 12 ഓവർ– 8 മെയ്‌ഡൻ– 6 റൺസ്– 1 വിക്കറ്റ് (60 ഓവർ ഏകദിന ക്രിക്കറ്റിലെ ലോക റെക്കോർഡാണ് ഈ നേട്ടം). 

1969ൽ ഈഡൻ ഗാർഡൻസിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന ടെസ്‌റ്റ് മത്സരത്തിനു മൂന്നു ദിവസങ്ങൾക്കു മുൻപാണ് ബിഷൻ സിങ് ബേദി വിവാഹിതനായത്. ഓസ്ട്രേലിയൻ പര്യടനവേളയിൽ പരിചയപ്പെട്ട അന്നാട്ടുകാരി ഗ്ലെനിത് മൈൽസ് ആയിരുന്നു ജീവിതസഖി. ആ മൽസരത്തിൽ ഇന്ത്യ തോറ്റെങ്കിലും ആദ്യ ഇന്നിങ്‌സിൽത്തന്നെ ബേദി ഏഴു വിക്കറ്റുകൾ വീഴ്‌ത്തി ഭാര്യയുടെ മുന്നിലും തിളങ്ങി. പിന്നീട് അഞ്ജു ബേദിയെ വിവാഹം ചെയ്തു. 

ബേദി 22 ടെസ്‌റ്റുകളിൽ ഇന്ത്യയെ നയിച്ചു, അതിൽ ആറു വിജയം. ഇന്ത്യ രണ്ടാം തവണ പാക്കിസ്‌ഥാനിലേക്ക് പരമ്പരയ്‌ക്ക് പോയപ്പോൾ ബേദിയായിരുന്നു ഇന്ത്യൻ നായകൻ. എന്നാൽ മൂന്ന് ടെസ്‌റ്റിൽ രണ്ടിലും ഇന്ത്യ തോറ്റപ്പോൾ ബേദിയുടെ ക്യാപ്‌റ്റൻസിയും തെറിച്ചു. 20 വർഷം നീണ്ട കരിയറിനോട് 1981ലാണ് വിടവാങ്ങിയത്. നല്ല രീതിയിലായിരുന്നില്ല അദ്ദേഹം പുറത്തുപോയത്. ബോർഡുമായി അസ്വാരസ്യങ്ങൾ നിലനിൽക്കെയായിരുന്നു വിടവാങ്ങൽ. വിക്കറ്റ് വേട്ടയിൽ ഒന്നാമത് എത്താനുള്ള മോഹം അവസാനിപ്പിച്ചാണ് അദ്ദേഹം പടിയിറങ്ങിയത്. ആഭ്യന്തര ക്രിക്കറ്റിൽ അദ്ദേഹം നേടിയ 1560 വിക്കറ്റുകൾ ഇന്ത്യൻ റെക്കോർഡാണ്.

bishan-singh-bedi-1

കളിക്കാരൻ, നായകൻ എന്നതിലുപരി മറ്റൊരു കാര്യത്തിലും ബിഷൻ സിങ് േബദിക്ക് ഇന്ത്യൻ ക്രിക്കറ്റിൽ സ്ഥാനമുണ്ട്– ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആദ്യ പരിശീലകനാണ് അദ്ദേഹം. 1990ലായിരുന്നു ബേദിയെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി നിയമിച്ചത്. പരിശീലകനായിരിക്കെ ക്യാപ്‌റ്റൻ മുഹമ്മദ് അസ്‌ഹറുദ്ദീനുമായുണ്ടായ അഭിപ്രായ വ്യത്യാസം ബേദിയുടെ തൊപ്പി തെറിപ്പിച്ചു. ന്യുസീലൻഡിൽ ഇന്ത്യ ഒരു മൽസരത്തിൽ തോറ്റപ്പോൾ കോച്ച് ബേദി കളിക്കാർക്കെതിരെ തുറന്നടിച്ചു- ഇവരെ പസഫിക്ക് സമുദ്രത്തിൽ എറിയുക.

പിന്നീട് ഒരിക്കൽ ലോർഡ്‌സിൽ ടോസ് നേടിയിട്ടും കോച്ചിന്റെ ഉപദേശം വകവയ്‌ക്കാതെ അതിനു വിപരീതമായി തീരുമാനെടുത്ത അസ്‌ഹറുമായി ബേദി കൂടുതൽ തെറ്റി. അസ്‌ഹറും വിട്ടുകൊടുത്തില്ല. ഇന്ത്യയിൽ തിരികെയെത്തി പത്രസമ്മേളനത്തിൽ തുറന്നടിച്ചു; ഞങ്ങൾക്ക് ഒരു മാനേജരെ ആവശ്യമില്ല. അതോടെ ബേദി എന്ന കോച്ചിന്റെ അവസാനവുമായി. 

കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുന്ന ബേദിയുടെ രീതി എന്നും വിവാദങ്ങളുടെ തിരമാല ഉയർത്തിയിട്ടുണ്ട്. ക്രിക്കറ്റ് ഭരണാധികാരികൾക്കും ബിസിസിഐക്കും ഉഴപ്പുന്ന ക്രിക്കറ്റ് താരങ്ങൾക്കുമെതിരെ ആഞ്ഞടിച്ച ചരിത്രമാണ് ബേദിയുടേത്. ക്രിക്കറ്റ് വെറുതേ കളിക്കുകയല്ല, അതിലൂടെ ജീവിക്കുകയാണു വേണ്ടതെന്നു പറഞ്ഞുവച്ച താരമാണ്. സമകാലികനും തന്റെ നായകനുമായിരുന്ന സുനിൽ ഗാവസ്‌കറ ഇന്ത്യൻ ക്രിക്കറ്റിലെ ‘നശീകരണ സാന്നിധ്യ’മായി വിശേഷിപ്പിച്ചപ്പോൾ പലരും ഞെട്ടി. ഗാവസ്‌കർ ഉത്തരവാദിത്തമില്ലാത്ത അധികാരം സ്വന്തമാക്കുന്നതിൽ മിടുക്കനാണെന്ന് പറഞ്ഞത് ഏറെ വിവാദമുയർത്തി.

sachin-bedi

മറ്റു  രാജ്യങ്ങളുടെ താരങ്ങളെ വിമർശിച്ചും അദ്ദേഹം ‘പേരെടുത്തിട്ടുണ്ട്’. കൈമടക്കി എറിയുന്ന ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്റെ ‘ദൂസ്‌ര’ ചട്ടവിരുദ്ധമായതിനാൽ നിരോധിക്കണമെന്ന് രാജ്യാന്തര ക്രിക്കറ്റ് അസോസിയേഷനോടു (ഐസിസി) പതിവായി ആവശ്യപ്പെട്ടിരുന്നയാളാണു ബേദി. ‘മുരളിയെ ജാവലിൻ ഏറുകാരനെന്നും ഷോട്ട്പുട്ട് ഏറുകാരനെന്നുമൊക്കെ വിശേഷിപ്പിക്കാൻ ബേദി യാതൊരു മടിയും കാണിച്ചില്ല. ‘ആളുകൾ പറയുന്നു, അദ്ദേഹത്തിന് 800 വിക്കറ്റ് കിട്ടിയെന്ന്. ഞാൻ പറയുന്നു 800 റണ്ണൗട്ടുകളെന്ന്’ – ബേദി മുരളിക്കുനേരെ എറിഞ്ഞ ‘ദൂസ്‌ര’യായിരുന്നു അത്. 

ക്രിക്കറ്റിന് അപകീർത്തിയുണ്ടാക്കിയത് ക്രിക്കറ്റല്ല താരങ്ങളാണെന്ന് എപ്പോഴും പറയാറുള്ള ബേദി, സത്യസന്ധതയിലും ധർമത്തിലും അധിഷ്‌ഠിതമായതാണ് ക്രിക്കറ്റ് എന്ന് ഉറച്ചുവിശ്വസിച്ചിരുന്നു. 1969ൽ അർജുന അവാർഡും 1970ൽ പത്മശ്രീയും നൽകി രാഷ്ട്രം ആദരിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ ക്ഷണപ്രകാരം ഒരിക്കൽ സ്‌പോർട്‌സിലെ വർണവിവേചനത്തിനെതിരെ സംസാരിക്കാൻ അവസരമുണ്ടായി.  

ബിഷൻസിങ് ബേദി എന്ന വൻമരം തലയുയർത്തിനിൽക്കെ രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള വഴി അടയ്ക്കപ്പെട്ട രണ്ടു പ്രതിഭകളുണ്ടായിരുന്നു; രജീന്ദർ ഗോയലും പദ്മാകർ ശിവാൽക്കറും. ബേദിയുടെ രാജവാഴ്ചക്കാലത്ത് ഇന്ത്യൻ ടീമിൽ കളിക്കാൻ അവസരം ലഭിക്കാതെ പോയവരാണ് ഈ രണ്ട് ഇടങ്കയ്യൻ സ്പിന്നർമാരും. ബേദിയുടെ മാന്ത്രികപ്രഭാവത്തിനുമുന്നിൽ ആഭ്യന്തരക്രിക്കറ്റിൽ മാത്രം ഒതുങ്ങിപ്പോയ ശിവാൽക്കർ മുംബൈയുടെയും ഗോയൽ ഹരിയാനയുടെയും താരങ്ങളായിരുന്നു. ഗോയലിന്റെ പേരിലാണ് ര‍ഞ്ജി ട്രോഫിയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ എന്ന നേട്ടം. ഗോയൽ തന്നെക്കാൾ മിടുക്കനായിരുന്നുവെന്നും ഭാഗ്യംകൊണ്ടാണു താൻ ഇന്ത്യൻ ടീമിലേക്ക് എത്തിയതെന്നും ബേദി പറഞ്ഞിട്ടുണ്ട്. 

English Summary: Happy birthday, Bishan Singh Bedi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com