ADVERTISEMENT

കുറഞ്ഞ ഓവർ നിരക്കിന് പഞ്ചാബിനെതിരായ കളിയിൽ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണ് ഐപിഎൽ സംഘാടകർ വിധിച്ച പിഴ 12 ലക്ഷം രൂപ. ഇന്നലെ ഡൽഹിക്കെതിരായ കളിയിൽ ഓവർ നിരക്കു കുറഞ്ഞപ്പോൾ സഞ്ജുവിനു പിഴ 24 ലക്ഷമായി; ഒപ്പം സഹതാരങ്ങൾക്ക് 6 ലക്ഷം രൂപയോ മാച്ച് ഫീയുടെ 25 ശതമാനമോ പിഴ വേറെയും! കഴി‍ഞ്ഞ ദിവസം കൊൽക്കത്ത നായകൻ ഒായിൻ മോർഗനും വിധിച്ചത് 24 ലക്ഷം രൂപ. ഇതെന്തു കഥയെന്നു സംശയം സ്വാഭാവികം.

ഐപിഎലിൽ ഓവർ‌ നിരക്ക് കണക്കാക്കുന്നത് ഐസിസിയുടെ നിയമാവലി അനുസരിച്ചാണെങ്കിലും പിഴ ഇടാക്കുന്നതിന്  വേറെ മാനദണ്ഡമാണ്. ഓവർ നിരക്ക് ലംഘനം ആവർത്തിച്ചാൽ ഐപിഎലിൽ പിഴത്തുക കൂടും. ഈ സീസണിൽ രണ്ടാം തവണയും കുറഞ്ഞ ഓവർ നിരക്കിന് ശിക്ഷിക്കപ്പെട്ടതിനാലാണ് സഞ്ജുവിന് ഇത്തവണ പിഴ 24 ലക്ഷമായത്. മോർഗൻ ശിക്ഷിക്കപ്പെട്ടതും സീസണിൽ 2–ാം തവണയായിരുന്നു.

∙ ഓവർ നിരക്ക്

ക്രിക്കറ്റ് മത്സരത്തിൽ ബോളിങ് ടീം ഒരു മണിക്കൂറിനുള്ളിൽ എറിഞ്ഞു തീർക്കേണ്ട നിശ്ചിത ഓവറുകളുടെ എണ്ണമാണിത്. ഈ നിരക്കിൽ താഴെ പോകുമ്പോഴാണ് ബോളിങ് ടീമിനെ കുറഞ്ഞ ഓവർ നിരക്കിന് മാച്ച് റഫറി ശിക്ഷിക്കുന്നത്.

∙ നിരക്കിലെ മാറ്റം

ഐസിസിയുടെ നിയമാവലി അനുസരിച്ച് ടെസ്റ്റ് ക്രിക്കറ്റിൽ 15 ഓവറും ഏകദിനത്തിൽ 14.28 ഓവറും ട്വന്റി20യിൽ 14.11 ഓവറുകളുമാണ് ഒരു മണിക്കൂറിൽ പൂർത്തിയാക്കേണ്ടത് (ഓവർ നിരക്ക്). ഏകദിനത്തിൽ 50 ഓവർ പൂർത്തിയാക്കാൻ മൂന്നര മണിക്കൂറും ട്വന്റി20 യിൽ 20 ഓവർ എറിയാൻ ഒരു മണിക്കൂർ 25 മിനിറ്റുമാണു നിശ്ചയിച്ചിട്ടുള്ളത്. ‌അംപയർമാരാണ് ഓവർ നിരക്കിന്റെ റിപ്പോർട്ട് മാച്ച് റഫറിക്കു നൽ‌കുന്നത്.

∙ ഐപിഎൽ നിയമം

ട്വന്റി20 ഓവർനിരക്കായ 14.11 ആണ് ഐപിഎലിലും പിന്തുടരുന്നത്. രണ്ടര മിനിറ്റ് ദൈർഘ്യമുള്ള 2 സ്ട്രാറ്റജിക് ടൈം ഔട്ടുകൾ ഉൾപ്പെടെ ഒരു മണിക്കൂർ 30 മിനിറ്റിലുള്ളിൽ ബോളിങ് ടീം ഇന്നിങ്സ് പൂർത്തിയാക്കണം. മഴ, പരുക്ക്, തേഡ് അംപയർ റഫറൽ എന്നിവ മൂലമുള്ള സമയനഷ്ടവും  ബാറ്റിങ് ടീം പാഴാക്കുന്ന സമയവും ഓവർ നിരക്കിൽനിന്ന് ഒഴിവാക്കും. 

∙ ഐപിഎലിലെ പിഴ

∙ സീസണിൽ ആദ്യമായി ഓവർ നിരക്കിൽ‌ കുറവ് വരുത്തിയാൽ ടീം ക്യാപ്റ്റന് 12 ലക്ഷം രൂപ പിഴ

∙ സീസണിൽ‌ 2–ാം തവണ ഓവർ നിരക്കിന് ശിക്ഷിക്കപ്പെട്ടാൽ ടീം ക്യാപ്റ്റന് 24 ലക്ഷം പിഴ. ടീമിലെ മറ്റു 10 കളിക്കാ‍ർക്ക് 6 ലക്ഷം രൂപയോ മാച്ച് ഫീസിന്റെ 25 ശതമാനമോ പിഴ

∙ മൂന്നാം തവണയും നിയമലംഘനം നടത്തിയാൽ ടീം ക്യാപ്റ്റന് 30 ലക്ഷം പിഴയും ഒരു മത്സരത്തിൽനിന്നു വിലക്കും. ടീമിലെ മറ്റു കളിക്കാർക്ക് 12 ലക്ഷം രൂപയോ മാച്ച് ഫീസിന്റെ 50 ശതമാനമോ പിഴ.

English Summary: IPL Code of Conduct and Fine for Slow Over Rate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com