ADVERTISEMENT

കഴിഞ്ഞ വർഷത്തെ ഐപിഎൽ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസിന്റെ വിന്നിങ് കോംബോ ചോരുന്നുവോ? ഐപിഎൽ രണ്ടാം പാദത്തിലെ തുടർച്ചയായ മൂന്നാം മത്സരവും തോറ്റ മുംബൈ (8 പോയിന്റ്) പട്ടികയിലെ അവസാന നിരയിലാണിപ്പോൾ.  

സാങ്കേതികമായി പ്ലേ ഓഫ് ഉറപ്പിക്കാൻ, ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിങ്സ്, രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നിവർക്കെതിരെ ഇനിയുള്ള 4 മത്സരങ്ങളും മുംബൈയ്ക്കു ജയിച്ചേ തീരൂ. 3 മത്സരങ്ങൾ എങ്കിലും ജയിക്കാനായാലും പ്ലേ ഓഫ് പ്രതീക്ഷയുണ്ട്. പക്ഷേ, അതു മറ്റു ടീമുകളുടെ പ്രകടനത്തെക്കൂടി ആശ്രയിച്ചിരിക്കും. തകർപ്പൻ ഫോമിൽ കളിച്ച ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവരുടെ പ്രകടനം കഴിഞ്ഞ സീസണിലെ മുംബൈയുടെ കിരീട നേട്ടത്തിൽ പ്രധാന പങ്കു വഹിച്ചിരുന്നു. 

എന്നാൽ ഇത്തവണ ഇവർ കൂട്ടത്തോടെ നിരാശപ്പെടുത്തിയതോടെ മുംബൈ തുടർ തോൽവികളിലേക്കും കോപ്പു കുത്തി. ക്വിന്റൻ ഡി കോക്, ക്യാപ്റ്റൻ രോഹിത് ശർമ, കീറോൺ പൊള്ളാർഡ് എന്നിവർ കളം നിറഞ്ഞു കളിക്കുമ്പോഴും മധ്യനിര പതിവായി നിരാശപ്പെടുത്തുന്നതാണു മുംബൈയുടെ തലവേദന. 

ആർസിബിക്കെതിരായ മത്സരശേഷം സൂര്യകുമാർ യാദവ്. ചിത്രം: ഐപിഎൽ വെബ്സൈറ്റ്
സൂര്യകുമാർ യാദവ്.

∙ 2020ലെ മിന്നും താരങ്ങൾ

കഴിഞ്ഞ വർഷം മുംബൈ ഇന്ത്യൻസ് ഐപിഎൽ കിരീടം സ്വന്തമാക്കിയപ്പോൾ രാജ്യത്തെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളായി പേരെടുത്ത താരമാണ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഇഷാൻ കിഷൻ. കഴിഞ്ഞ ഐപിഎൽ സീസണിൽ 57.33 ശരാശരിയിൽ 516 റൺസ് നേടിയ പ്രകടനം, ഒടുവിൽ 2021 ട്വന്റി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിൽ വരെ ഇഷാനെ എത്തിച്ചു. വ്യത്യസ്ത ബാറ്റിങ് പൊസിഷനുകളിൽ ഇറങ്ങി മുംബൈയ്ക്കായി റൺസ് അടിച്ചു കൂട്ടിയ ഇഷാനെ സിലക്ടർമാർ പോലും പ്രശംസിച്ചു. 

Hardik-Pandya
ഹാർദിക് പാണ്ഡ്യ.

2020 സീസണിൽ മുംബൈയ്ക്കായി 16 കളിയിൽ 40.0 ശരാശരിയിൽ 480 റൺസ് അടിച്ചെടുത്ത സൂര്യകുമാർ യാദവിനെത്തേടിയും പിന്നാലെ ഇന്ത്യൻ ടീമിലേക്കുള്ള വിളിയെത്തി. ശ്രീലങ്കൻ പര്യടനത്തിൽ ഉശിരോടെ കളിച്ച സൂര്യ പിന്നീടു ട്വന്റി20 ലോകകപ്പ് ടീമിലും ഇടം പിടിച്ചു. പരുക്കു പൂർണമായി സുഖപ്പെടാത്തതിനെ തുടർന്ന് ഒറ്റ ഓവർ പോലും ബോൾ ചെയ്യാനായില്ലെങ്കിലും 14 കളിയിൽ 35.12 ശരാശരിയിൽ 280 റൺസ് അടിച്ചു കൂട്ടിയ ഹാർദിക് പാണ്ഡ്യയും കഴിഞ്ഞ സീസണിൽ ആരാധകരുടെ കയ്യടി വാങ്ങിയിരുന്നു. 178.98 ആയിരുന്നു താരത്തിന്റെ സ്ട്രൈക്ക് റേറ്റ്. 

∙ 2021ൽ അമ്പോ തോൽവി

8 മത്സരങ്ങളിൽ 107 റൺസാണ് ഈ ഐപിഎൽ സീസണിൽ ഇഷാൻ കിഷന്റെ സമ്പാദ്യം. 28 റൺസാണ് ഉയർന്ന സ്കോർ. ബാംഗ്ലൂരിനെതിരായ മത്സരത്തിലെ തോൽവിക്കു പിന്നാലെ കരച്ചിലിന്റെ വക്കോളമെത്തിയ ഇഷാനെ ചേർത്തു നിർത്തി ആശ്വസിപ്പിക്കാൻ ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോലി തന്നെയത്തി. 12 പന്തിൽ 9 റൺസെടുത്ത ഇഷാനെ യുസ്‌വേന്ദ്ര ചെഹലാണു പുറത്താക്കിയത്. ഇഷാനെ സമ്മർദത്തിലാക്കില്ലെന്നും കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇഷാനെ സ്വാഭാവികെ ഗെയിം കളിക്കാനാണു സൂര്യകുമാർ യാദവിനു മുൻപു ബാറ്റിങ്ങിന് അയച്ചെതെന്നു പോസ്റ്റ് മാച്ച് പ്രസന്റേഷനിൽ പറഞ്ഞ രോഹിതും ഇഷാനു പിന്തുണയുമായെത്തി. 

10 കളികളിൽ 189 റൺസ് നേടിയ സൂര്യകുമാർ യാദവിനാകട്ടെ, സീസണിൽ ഒരു അർധ സെഞ്ചുറി മാത്രമാണ് ഇതുവരെ പേരിലാക്കാനായത്. ഇന്ത്യൻ ടീമിൽ ഇടം പിടിച്ച സൂര്യയ്ക്ക് ടീം സ്ഥാനം നിലനിർത്താനും ആരാധക പിന്തുണ വീണ്ടെടുക്കാനും ഇനിയുള്ള മത്സരങ്ങളിൽ ഫോം കണ്ടെത്തിയേ മതിയാകൂ. 

സീസണിൽ 8 മത്സരങ്ങളിൽ 55 റൺസ് മാത്രം നേടാനായ ഹാർദിക് പാണ്ഡ്യയാണ് ഏറ്റവും നിരാശപ്പെടുത്തിയത്. കഴിഞ്ഞ കുറച്ചു മാസമായുള്ള ഹാർദികിന്റെ ഫോം നഷ്ടം മുംബൈയ്ക്കു മാത്രമല്ല, ഇന്ത്യൻ ആരാധകർക്കും കനത്ത തിരിച്ചടിയാണ്. ഐപിഎല്ലിലെ ആദ്യ പാദ മത്സരങ്ങളിൽ പരാജയപ്പെട്ട ഹാർദികിന് ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ 3 മത്സരങ്ങളിൽനിന്ന് 19 റൺസ് മാത്രമാണു നേടാനായത്. ട്വന്റി20 പരമ്പരയില ആദ്യ കളിയിലാകട്ടെ, 10 റൺസിനു പുറത്താകുകയും ചെയ്തു. 

krunal-pandya-happy

∙ വീണ്ടും നിരാശപ്പെടുത്തി ക്രുനാൽ

സീസണിലെ 10 മത്സരങ്ങളിൽ 121 റൺസും 3 വിക്കറ്റും പേരിലാക്കിയ ക്രുനാൽ പണ്ഡ്യയുടെ പ്രകടനത്തെയാണ് ആരാധകരും സീനിയർ താരങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ ഏറ്റവും അധികം വിമർശിക്കുന്നത്. 16 കളികളിൽ 109 റൺസും 6 വിക്കറ്റും നേടിയ ക്രുനാലിനു കഴിഞ്ഞ സീസണിലും ഫോമിലേക്ക് ഉയരാനായിരുന്നില്ല.

ഇനിയുള്ള മത്സരങ്ങളിലെങ്കിലും മധ്യനിര മികവിലേക്ക് ഉയർന്നില്ലെങ്കിൽ ഐപിഎല്ലിൽ മുംബൈയുടെ മുന്നോട്ടുള്ള പ്രയാണം കൂടുതൽ ദുഷ്കരമാകും. പോയിന്റ് പട്ടികയിലെ നാലാം സ്ഥാനവും ലക്ഷ്യമിട്ട് കൊൽക്കത്ത, പഞ്ചാബ്, രാജസ്ഥാൻ ടീമുകളും ഐപിഎൽ പ്ലേ ഓഫിൽ കണ്ണു വയ്ക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ച്. 

∙ ‘പഴയ മുംബൈ’ തന്നെ

എന്നാൽ ഇതിലും മോശമായ സാഹചര്യങ്ങളിൽനിന്നുപോലും എതിർടീമുകളുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു മുന്നേറിയ പാരമ്പര്യവും മുംബൈയ് ഇന്ത്യൻസിന് ഉണ്ട്. 2014 സീസണിൽ ആദ്യ 10 കളികളിൽ വെറും 3 കളികൾ മാത്രം ജയിച്ച മുംബൈ ടൂർണമെന്റിലെ ആവസാന 4 മത്സരങ്ങളും ജയിച്ച് നാടകീയമായി പ്ലേ ഓഫിൽ ഇടം പിടിച്ച കാഴ്ചയും ആരാധകർ കണ്ടിട്ടുണ്ട്.

രാജസ്ഥാൻ റോയൽസ് ഉയർത്തിയ 190 റൺസ് വെറും 14.4 ഓവറിൽ പിന്തുടർന്നു 2014ലെ പ്ലേ ഓഫ് യോഗ്യത നേടിയ അതേ പോരാട്ടവീര്യം ഇന്നും കൈമുതലായുള്ള മുംബൈയെ സ്വപ്നത്തിൽപ്പോലും എഴുതിത്തള്ളാൻ ഒരു ടീമും തയ്യാറാകാത്തതിന്റെ കാരണവും ഇതുതന്നെ!

English Summary: Indian captain Virat Kohli consoles Ishan Kishan after RCB thrash MI, what is left for MI now

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com