ADVERTISEMENT

ദുബായ്∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിലെ ഏറ്റവും വലിയ ചർച്ചാ വിഷയങ്ങളിലൊന്ന് സൺറൈസേഴ്സ് ഹൈദരാബാദ് നായകനായിരുന്ന ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണറിന്റെ മോശം പ്രകടനവും ടീമിൽനിന്നുള്ള പുറത്താകലുമായിരുന്നു. ഒരുകാലത്ത് ഐപിഎലിലെ മുടിചൂടാ മന്നനായിരുന്ന വാർണർ ആദ്യം ക്യാപ്റ്റൻ സ്ഥാനത്തുനിന്നും പിന്നീട് ടീമിൽനിന്നും പുറത്താകുന്നത് അവിശ്വസനീയതയോടെയാണ് ക്രിക്കറ്റ് ആരാധകർ കണ്ടത്. ഇതിനിടെ, 2016ൽ സൺറൈസേഴ്സിനെ ഐപിഎൽ കിരീടത്തിലേക്കും നയിച്ച വാർണർ ടീമിനു പുറത്താകാൻ കാരണം ഓസ്ട്രേലിയക്കാരൻ തന്നെയായ സൺറൈസേഴ്സ് ക്രിക്കറ്റ് ഡയറക്ടർ ടോം മൂഡിയാണെന്നു റിപ്പോർട്ട് ചെയ്തിരിക്കുകയാണ് ഓസ്ട്രേലിയയിൽ നിന്നുള്ള ഫോക്സ് സ്പോർട്സ്.

എന്താണ് കാരണമെന്നല്ലേ? രവി ശാസ്ത്രിക്കുശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം ഉന്നമിടുന്ന ടോം മൂഡി, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) ശ്രദ്ധ നേടുന്നതിനാണ് വാർണറിനെ തുടർച്ചയായി പുറത്തിരുത്തിയതെന്ന് ഫോക്സ് സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഉടമകളും ടീം മാനേജ്മെന്റിലെ പ്രതിനിധികളും ബിസിസിഐയിൽ ഉന്നത സ്വാധീനമുള്ളവരാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ ഫോമിലല്ലാത്ത വാർണറിനെ പുറത്തിരുത്തി യുവ ഇന്ത്യൻ താരങ്ങൾക്ക് അവസരം നൽകാനും അങ്ങനെ സൺറൈസേഴ്സ് പ്രതിനിധികളിലൂടെ ബിസിസിഐയുടെ ശ്രദ്ധയിലെത്താനുമാണ് മൂഡിയുടെ ശ്രമമെന്ന് ഈ റിപ്പോർട്ട് വിശദീകരിക്കുന്നു.

ട്വന്റി20 ലോകകപ്പിനുശേഷം രവി ശാസ്ത്രി ഇന്ത്യൻ പരിശീലക ചുമതല ഒഴിയുകയാണ്. ഈ സ്ഥാനത്ത് കയറിപ്പറ്റാനാണ് ഓസ്ട്രേലിയയുടെ മുൻ താരം കൂടിയായ ടോം മൂഡിയുടെ ശ്രമമെന്നാണ് ഫോക്സ് സ്പോർട്സ് ചൂണ്ടിക്കാട്ടുന്നത്. 2016ൽ ഡേവിഡ് വാർണറിനു കീഴിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഐപിഎൽ കിരീടം ചൂടുമ്പോൾ ടീമിന്റെ പരിശീലകനായിരുന്നു മൂഡി. പിന്നീട് ഇംഗ്ലണ്ടിന്റെ മുൻ പരിശീലകൻ കൂടിയായ ട്രെവർ ബെയ്‍ലിസ് സൺറൈസേഴ്സ് പരിശീലകനായതോടെ മൂഡിക്ക് സ്ഥാനമൊഴിയേണ്ടി വന്നു. പിന്നീട് ടീമിന്റെ ക്രിക്കറ്റ് ഡയറക്ടറായി മൂഡിയെ നിയമിച്ചിരുന്നു.

English Summary: Tom Moody's desire to become Team India's coach a reason behind David Warner's Fall

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com