കശ്മീർ താരം മാലിക്കിന് ‘ലോട്ടറി’; നെറ്റ് ബോളറായി ഇന്ത്യൻ ലോകകപ്പ് ടീമിൽ!

umran-malik-bowling
ഉമ്രാൻ മാലിക്കിന്റെ ബോളിങ് (ട്വിറ്റർ ചിത്രം)
SHARE

ദുബായ്∙ ‘ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ’ എന്ന രജനീകാന്ത് ഡയലോഗ് പോലെയായി ജമ്മു കശ്മീരിൽനിന്നുള്ള ഇരുപത്തൊന്നുകാരൻ താരം ഉമ്രാൻ മാലിക്കിന്റെ കാര്യം! ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിന്റെ രണ്ടാം ഘട്ട മത്സരങ്ങൾക്കായി സൺറൈസേഴ്സ് ഹൈദരാബാദിനൊപ്പം നെറ്റ് ബോളറായി യുഎഇയിലെത്തിയ മാലിക്ക്, ഇപ്പോഴിതാ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. നെറ്റ് ബോളറായെത്തി ഐപിഎലിലെ അവസാന ഘട്ട മത്സരങ്ങളിൽ ടി.നടരാജന്റെ പകരക്കാരനായി സൺറൈസേഴ്സിനായി പന്തെറിഞ്ഞ മാലിക്കിനെ, അദ്ദേഹത്തിന്റെ അതിവേഗ ബോളിങ് പരിഗണിച്ച് നെറ്റ് ബോളറായിട്ടാണ് ഇന്ത്യൻ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയത്.

നിലവിൽ യുഎഇയിലുള്ള മാലിക്കിനോട് ഐപിഎലിനുശേഷം നാട്ടിലേക്കു മടങ്ങേണ്ടതില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) നിർദ്ദേശിച്ചു. പകരം ഐപിഎൽ പൂർത്തിയാകുന്ന മുറയ്ക്ക് ഇന്ത്യൻ ടീമിനൊപ്പം ചേരാനാണ് നിർദ്ദേശം. ഇത്തവണ ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി മൂന്നു മത്സരങ്ങളിൽ മാത്രമാണ് മാലിക്ക് പന്തെറിഞ്ഞത്. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായി ഹൈദരാബാദ് പുറത്തായ സ്ഥിതിക്കാണ് താരത്തോട് നാട്ടിലേക്കു മടങ്ങേണ്ടതില്ലെന്ന് ബിസിസിഐ നിർദ്ദേശിച്ചത്.

സൺറൈസേഴ്സ് ഹൈദരാബാദിന്റെ പ്രധാന ബോളർമാരിൽ ഒരാളായിരുന്ന തമിഴ്നാട് താരം ടി.നടരാജന് യുഎഇയിൽ എത്തിയ ഉടൻ കോവിഡ് ബാധിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തിനു പകരം നെറ്റ് ബോളറായ ഉമ്രാൻ മാലിക്കിനെ സൺറൈസേഴ്സ് ടീമിൽ ഉൾപ്പെടുത്തി. ടീമിന്റെ അവസാന മത്സരങ്ങളിൽ മാത്രമാണ് കളത്തിലിറങ്ങാൻ അവസരം ലഭിച്ചതെങ്കിലും അതിവേഗ ബോളിങ്ങിലൂടെയാണ് മാലിക്ക് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ കവർന്നത്.

ആദ്യ മത്സരത്തിൽത്തന്നെ 150 കിലോമീറ്ററിനു മുകളിൽ വേഗത്തിൽ പന്തെറിഞ്ഞ് ഞെട്ടിച്ച മാലിക്ക്, ഇത്തവണ ഐപിഎലിൽ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ ഇന്ത്യൻ ബോളറായി. തൊട്ടടുത്ത മത്സരത്തിൽ 153 കിലോമീറ്റർ വേഗത്തിലും പന്തെറിഞ്ഞ് ഐപിഎലിലെ വേഗമേറിയ ബോളറായി.

ആകെ മൂന്നു മത്സരങ്ങളിൽ നിന്ന് രണ്ടു വിക്കറ്റാണ് വീഴ്ത്തിയെങ്കിലും, ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ഉൾപ്പെടെയുള്ളവരുടെ കയ്യടി വാങ്ങാൻ മാലിക്കിനായി. മാലിക്കിനേപ്പോലുള്ള അസാമാന്യ പ്രതിഭകളെ കൃത്യമായ നിരീക്ഷണത്തിലൂടെ വളർത്തിക്കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അന്ന് മത്സരശേഷം കോലി സംസാരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് താരം ഇന്ത്യൻ ലോകകപ്പ് ടീമിന്റെ ഭാഗമാകുന്നത്.

English Summary: Jammu and Kashmir pace sensation Umran Malik to stay back in UAE as net bowler for India in T20 World Cup

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA