ADVERTISEMENT

ദുബായ്∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിലെ ഒന്നാം ക്വാളിഫയറിൽ ഋതുരാജ് ഗെയ്ക്‌വാദ് പുറത്തായതോടെ ജഡേജയല്ല, ധോണി തന്നെ ബാറ്റിങ്ങിന് എത്തുമെന്ന് താൻ മുൻകൂട്ടി പറഞ്ഞിരുന്നതായി ഡൽഹി ക്യാപിറ്റൽസ് പരിശീലകൻ റിക്കി പോണ്ടിങ്. ഗെയ്ക്‌വാദ് പുറത്തായതോടെ അടുത്തത് ആരു വരുമെന്ന ആകാംക്ഷയിലായിരുന്നു ഡൽഹി ക്യാംപെന്ന് പോണ്ടിങ് പറഞ്ഞു. എല്ലാവരും ജഡേജയെ പ്രതീക്ഷിച്ചിരിക്കുമ്പോൾ ധോണി തന്നെ ഇറങ്ങുമെന്ന് താൻ മുൻകൂട്ടി പറഞ്ഞുവെന്ന് പോണ്ടിങ് വെളിപ്പെടുത്തി. ആറു പന്തിൽ 18 റൺസുമായി പുറത്താകാതെ നിന്ന് ധോണി ചെന്നൈയെ വിജയത്തിലെത്തിച്ചിരുന്നു.

മത്സരത്തിൽ ധോണിയുടെ പ്രകടനത്തെ പുകഴ്ത്തിയ പോണ്ടിങ്, എക്കാലത്തെയും മഹാൻമാരായ ക്രിക്കറ്റ് താരങ്ങളുടെ ഗണത്തിലാണ് ധോണിയുടെ സ്ഥാനമെന്നും അഭിപ്രായപ്പെട്ടു. ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷറും ധോണി തന്നെയാണെന്ന് പോണ്ടിങ് ചൂണ്ടിക്കാട്ടി.

‘നോക്കൂ, ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ധോണി. മത്സരത്തിനിടെ ചെന്നൈയുടെ വിക്കറ്റ് നഷ്ടമായപ്പോൾ അടുത്തതായി ആരു വരുമെന്ന ചർച്ചയിലായിരുന്നു ഞങ്ങൾ. ജഡേജയാണോ ധോണിയാണോ അടുത്തത് ഇറങ്ങുക എന്നതായിരുന്നു സംശയം. അടുത്തത് ധോണി തന്നെ വരുമെന്ന് ഞാൻ തറപ്പിച്ചു പറഞ്ഞു. അദ്ദേഹം വന്ന് കളി ജയിപ്പിക്കാൻ ശ്രമിക്കുമെന്നും ഞാൻ പ്രവചിച്ചിരുന്നു’ – പോണ്ടിങ് പിന്നീട് വെളിപ്പെടുത്തി.

‘ധോണി ഇതിനകം രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചു കഴിഞ്ഞു. സജീവ ക്രിക്കറ്റ് വിട്ടാലും ഏറ്റവും മികച്ച ഫിനിഷറായിട്ടാകും ലോകം അദ്ദേഹത്തെ ഓർക്കുക’ – പോണ്ടിങ് ചൂണ്ടിക്കാട്ടി. ധോണിക്കെതിരെ മുൻകൂട്ടി തയാറാക്കിയിരുന്ന പദ്ധതികൾ കളത്തിൽ പുറത്തെടുക്കാൻ ഡൽഹി ബോളർമാർക്ക് സാധിച്ചില്ലെന്ന് പോണ്ടിങ് വെളിപ്പെടുത്തി.

‘അവസാന ഓവറുകളിൽ ധോണിക്കെതിരെ എറിയാൻ ഉദ്ദേശിച്ചിരുന്ന രീതിയിൽ ഞങ്ങളുടെ ബോളർമാർക്ക് ബോൾ ചെയ്യാനായില്ല. ഉദ്ദേശിച്ച രീതിയിൽ എറിഞ്ഞില്ലെങ്കിൽപ്പിന്നെ ധോണിക്കെതിരെ കാര്യമില്ലെന്ന് അറിയാമല്ലോ. ഇത്തരം സാഹചര്യങ്ങളിൽ ധോണി നമ്മുടെ ദൗർബല്യങ്ങൾ മുതലെടുക്കുമെന്ന് നേരത്തേതന്നെ കണ്ടിട്ടുള്ളതല്ലേ’ – പോണ്ടിങ് ചോദിച്ചു.

‘ധോണിക്കെതിരെ ബോൾ ചെയ്യുമ്പോൾ ഞങ്ങളുടെ ബോളർമാർക്ക് ചെറിയ പിഴവു സംഭവിച്ചു. അദ്ദേഹം അതു മുതലെടുത്ത് ബൗണ്ടറികൾ നേടുകയും ചെയ്തു’ – പോണ്ടിങ് പറഞ്ഞു.

English Summary: 'I put my hand up straightaway and said I'm pretty sure Dhoni will come out now': Ponting reveals details of DC dugout

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com