ADVERTISEMENT

മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിലെ മത്സരങ്ങൾ ഒത്തുകളിയാണെന്ന് പ്രചരിപ്പിക്കുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യയുടെ മുൻ താരം ഇർഫാൻ പഠാൻ. ഐപിഎലിൽ കഴിഞ്ഞ ദിവസം നടന്ന മുംബൈ ഇന്ത്യൻസ് – സൺറൈസേഴ്സ് ഹൈദരാബാദ് മത്സരം ഒത്തുകളിയാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ ഒരുവിഭാഗം ആരാധകർ പ്രചാരണം നടത്തിയിരുന്നു. ഇതിനു പിന്നാലെ, ഒന്നാം ക്വാളിഫയർ പോരാട്ടത്തിൽ ഡൽഹിക്കെതിരെ ചെന്നൈയുടെ വിജയവും ഒത്തുകളിയാണെന്ന് വ്യാപക പ്രചാരണം വന്നതോടെയാണ് രൂക്ഷ വിമർശനവുമായി പഠാൻ രംഗത്തെത്തിയത്.

‘കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസ് തകർത്തടിക്കുമ്പോൾ ആരാധകരിൽ ചിലർ വായിൽ തോന്നിയതൊക്കെ പറഞ്ഞുപരത്തി. കഴിഞ്ഞ ദിവസം ചെന്നൈ ജയിച്ചപ്പോഴും ഒരുവിഭാഗം ആളുകൾ ഭാവനയിൽ തോന്നിയതെല്ലാം വിളിച്ചുപറഞ്ഞു. സുഹൃത്തുക്കളേ, നിങ്ങൾക്ക് ഇഷ്ടമുള്ള ടീമിനെ പിന്തുണയ്ക്കാം. അതിൽ യാതൊരു പ്രശ്നവുമില്ല. പക്ഷേ, എതിർ ടീം ജയിക്കുമ്പോൾ അതുകൂടി ഉൾക്കൊള്ളാന്‍ കഴിയണം. അവർ ജയിച്ച രീതിയെ ബഹുമാനിക്കുക. വായിൽ തോന്നുന്നതെല്ലാം പാടി നടക്കുന്നത് നിർത്തുക’ – പഠാൻ ട്വിറ്ററിൽ കുറിച്ചു.

ഐപിഎലിൽ നിലവിലെ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസ് അവസാന ലീഗ് മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 171 റൺസിനു ജയിച്ചിരുന്നെങ്കിൽ പ്ലേഓഫ് സാധ്യതയുണ്ടായിരുന്നു. ഇതോടെ, അവസാന മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ ബാറ്റർമാർ സൺറൈസേഴ്സ് ബോളർമാരെ കടന്നാക്രമിച്ച് കൂറ്റൻ സ്കോർ നേടിയിരുന്നു. മുംബൈ ആദ്യം ബാറ്റു ചെയ്ത് 235 റൺസടിച്ചതോടെ, സൺറൈസേഴ്സിനെ 65 റൺസിനുള്ളിൽ പുറത്താക്കിയാൽ അവർക്ക് മുന്നേറാൻ സാധ്യതയുണ്ടായിരുന്നു.

ഇതോടെയാണ് മുംബൈയുടെ മത്സരം ഒത്തുകളിയാണെന്ന് വ്യാപക പ്രചാരമുണ്ടായത്. എന്നാൽ, രണ്ടാമതു ബാറ്റു ചെയ്ത സൺറൈസേഴ്സ് താരങ്ങളും സമാനമായ രീതിയിൽ തകർത്തടിച്ചതോടെ ഈ പ്രചാരണത്തിന്റെ മുനയൊടിഞ്ഞു. മത്സരം 46 റണ്‍സിനു ജയിച്ചെങ്കിലും മുംബൈ പ്ലേഓഫ് കാണാതെ പുറത്തായി.

ഇതിനു പിന്നാലെ, ഒന്നാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ തോൽവിയുടെ വക്കിൽനിന്ന ചെന്നൈ സൂപ്പർ കിങ്സിനെ മഹേന്ദ്രസിങ് ധോണി തകർപ്പൻ ഇന്നിങ്സിലൂടെ വിജയത്തിലെത്തിച്ചപ്പോഴും സമാനമായ ആരോപണമുയർന്നു. ആറു പന്തിൽ 18 റൺസെടുത്ത ധോണിയുടെ ഇന്നിങ്സ് ക്രിക്കറ്റ് ആരാധകർക്കിടയിൽ വലിയ തോതിൽ ചർച്ചയാകുകയും ചെയ്തു. ഇതോടെ, ഈ മത്സരവും ഒത്തുകളിയാണെന്ന തരത്തിൽ വ്യാഖ്യാനങ്ങളുണ്ടായി. ചെന്നൈയുടെ വിജയത്തിനായി ഒത്തുകളി നടന്നെന്നായിരുന്നു പ്രചാരണം. ഇത്തരം അസത്യ പ്രചാരണങ്ങൾ തുടർക്കഥയായ സാഹചര്യത്തിലാണ് പരസ്യ വിമർശനവുമായി പഠാന്റെ രംഗപ്രവേശം.

English Summary: Irfan Pathan slams fans questioning the happenings in DC vs CSK Qualifier 1 match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com