ADVERTISEMENT

ഷാർജ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിന്റെ എലിമിനേറ്ററിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോടു തോറ്റു പുറത്തായതിനു പിന്നാലെ, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ താരങ്ങൾക്കും കുടുംബാംഗങ്ങൾക്കുമെതിരെ രൂക്ഷമായ സൈബർ ആക്രമണം. മത്സരത്തിൽ മോശം ബോളിങ് പ്രകടനവുമായി ബാംഗ്ലൂരിന്റെ തോൽവിക്കു മുഖ്യ കാരണക്കാരനായ ഓസീസ് താരം ഡാൻ ക്രിസ്റ്റ്യനുനേരെയാണ് ഏറ്റവും കടുത്ത ആക്രമണം നടക്കുന്നത്. ക്രിസ്റ്റ്യന്റെ ഗർഭിണിയായ ഭാര്യയ്ക്കുനേരെയും സൈബർ ആക്രമണം കടുത്തതോടെ രൂക്ഷ വിമർശനവുമായി ക്രിസ്റ്റ്യനും ബാംഗ്ലൂരിന്റെ മറ്റൊരു ഓസീസ് താരം ഗ്ലെൻ മാക്സ്‌വെലും രംഗത്തെത്തി. തന്റെ മോശം പ്രകടനത്തിന്റെ പേരിൽ ഭാര്യയെ ഉന്നമിടുന്നത് അവസാനിപ്പിക്കണമെന്ന് ക്രിസ്റ്റ്യൻ ആവശ്യപ്പെട്ടു.

ബാറ്റർമാർ പൊതുവേ നിരാശപ്പെടുത്തിയ മത്സരത്തിൽ നാലു വിക്കറ്റിനാണ് കൊൽക്കത്ത ബാംഗ്ലൂരിനെ തോൽപ്പിച്ചത്. മത്സരത്തിൽ ഒരുവേള ബാംഗ്ലൂർ പിടിമുറുക്കിയിരുന്നെങ്കിലും ഡാൻ ക്രിസ്റ്റ്യന്റെ ഒരു ഓവറിൽ മൂന്നു സിക്സർ നേടിയ കൊൽക്കത്തയുടെ വെസ്റ്റിൻഡീസ് താരം സുനിൽ നരെയ്ൻ അവരെ വിജയത്തിലേക്കു നയിച്ചു. ക്രിസ്റ്റ്യന്റെ തന്നെ അവസാന ഓവറിൽ ഫോറടിച്ച് ഷാക്കിബ് അൽ ഹസൻ കൊൽക്കത്തയുടെ വിജയക്കുതിപ്പ് പൂർത്തിയാക്കി. ഇതിനു പിന്നാലെയാണ് താരത്തെയും അദ്ദേഹത്തിന്റെ ജീവിത പങ്കാളിയേയും ഉന്നമിട്ട് സൈബർ ആക്രമണം കടുത്തത്. 

‘എന്റെ ജീവിതപങ്കാളിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിലെ കമന്റ് സെക്ഷനിലൊന്നു പോയി നോക്കൂ. ഇന്നത്തെ മത്സരത്തിൽ എന്റെ പ്രകടനം മോശമായിരുന്നു എന്നതു ശരിതന്നെ. അത് വെറും കളി മാത്രമല്ലേ. ദയവു ചെയ്ത് അവളെ ഇതിൽനിന്നെല്ലാം ഒഴിവാക്കണം’ – ‍ഡാൻ ക്രിസ്റ്റ്യൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.

ഇതിനു പിന്നാലെ, ബാംഗ്ലൂർ ടീമംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും എതിരായ സൈബർ ആക്രമണത്തിനെതിരെ കടുത്ത വിമർശനവുമായി ഗ്ലെൻ മാക്സ്‌വെലും രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് മാക്സ്‌വെൽ പ്രതികരിച്ചത്.

‘ആർസിബിയെ സംബന്ധിച്ച് വളരെ മികച്ച സീസണായിരുന്നു ഇത്. നിർഭാഗ്യവശാൽ നമ്മൾ മോഹിച്ച സ്ഥലത്ത് എത്തും മുൻപേ പുറത്തായിരിക്കുന്നു. അതുകൊണ്ടു മാത്രം നമ്മുടെ മികച്ച പ്രകടനം ഇല്ലാതാകുന്നുണ്ടോ? സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചില പോസ്റ്റുകൾ തീർത്തും നിരാശപ്പെടുത്തുന്നതാണ്. ഓരോ ദിവസവും ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാൻ ആഗ്രഹിക്കുന്ന, അതിനായി ശ്രമിക്കുന്ന സാധാരണ മനുഷ്യരാണ് ഞങ്ങളും. ഇത്തരം അസഭ്യങ്ങൾ പോസ്റ്റ് ചെയ്യുന്നതിനു പകരം നല്ല മനുഷ്യരായിരിക്കാൻ ശ്രമിക്കൂ’ – മാക്സ്‌വെൽ കുറിച്ചു.

‘കഴിവിന്റെ പരമാവധി കളത്തിൽ പുറത്തെടുത്ത താരങ്ങളോട് നല്ല രീതിയിൽ പ്രതികരിച്ച എല്ലാ ‘യഥാർഥ’ ആരാധകരോടും നന്ദി അറിയിക്കുന്നു. സമൂഹമാധ്യമങ്ങളെ പേടിപ്പെടുത്തുന്ന ഇടമാക്കി മാറ്റുന്ന ഒരു വിഭാഗം ആൾക്കാരുണ്ട്. അത് അംഗീകരിക്കാനാകില്ല. അവരേപ്പോലെയാകരുത്’ – മാക്സ്‌വെൽ കുറിച്ചു.

‘എന്റെ സഹതാരങ്ങളുടെയോ സുഹൃത്തുക്കളുടെയോ സമൂഹമാധ്യമത്തിലെ പോസ്റ്റുകളിൽ അസഭ്യം എഴുതിയാൽ, ഞങ്ങളെല്ലാവരും നിങ്ങളെ ‌ബ്ലോക്ക് ചെയ്യുമെന്ന് അറിയിക്കുന്നു. ഇത്തരത്തിൽ പെരുമാറുന്നതുകൊണ്ട് എന്തു മെച്ചമാണ് ലഭിക്കുന്നത്? ഇത്തരം പെരുമാറ്റം ക്ഷമിക്കാനാകില്ല’ – അദ്ദേഹം മറ്റൊരു പോസ്റ്റിൽ എഴുതി.

English Summary: RCB's Glenn Maxwell, Dan Christian slam social media abusers after loss to KKR in Eliminator

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com