ADVERTISEMENT

സിഡ്നി∙ രവി ശാസ്ത്രിയുടെ പിൻഗാമിയായി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനാകാൻ മുൻ ഓസ്ട്രേലിയൻ താരം ടോം മൂഡി താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. ശ്രീലങ്കയുടെയും ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെയും ഡയറക്ടർ ഓഫ് ക്രിക്കറ്റ് ചുമതല വഹിക്കുന്ന മൂഡി നാലാം തവണയാണ് ഇന്ത്യയുടെ പരിശീലകനാകാൻ അപേക്ഷിക്കുന്നത്. 3 തവണയും പരിഗണിക്കപ്പെട്ടില്ല. ഈ മാസം ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പിനുശേഷം ഇന്ത്യൻ പരിശീലക സ്ഥാനമൊഴിയുമെന്ന് രവി ശാസ്ത്രി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ പരിശീലക ജോലിയിൽ കണ്ണുവച്ച് മൂഡിയുടെ വരവ്.

‘മുൻ ലോകകപ്പ് ജേതാവും പ്രശസ്ത പരിശീലകനുമായ ടോം മൂഡി ഇന്ത്യൻ പരിശീലക ജോലി ഉന്നമിടുന്നുണ്ട്. ട്വന്റി20 ലോകകപ്പിനുശേഷം രവി ശാസ്ത്രി സ്ഥാനമൊഴിയുന്നതോടെ ഇന്ത്യൻ പരിശീലകനാകാനാണ് ശ്രമം’ – ഫോക്സ് സ്പോർസ് റിപ്പോർട്ട് ചെയ്തു.

അൻപത്താറുകാരനായ ടോം മൂഡി സൺറൈസേഴ്സ് ഹൈദരാബാദിനു പുറമേ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെയും ക്രിക്കറ്റ് ഡയറക്ടറാണ്. ഇന്ത്യൻ പരിശീലക ജോലിക്കായി മുൻപും താൽപര്യം പ്രകടിപ്പിച്ചിട്ടുള്ള മൂഡി, 2017ലും 2019ലും ഉൾപ്പെടെ ബിസിസിഐ അപേക്ഷ ക്ഷണിച്ച സമയത്ത് രംഗത്തുണ്ടായിരുന്നു. രണ്ടു തവണയും ഇന്ത്യൻ പരിശീലകരെ നിയമിച്ചതോടെ മൂഡി പുറത്തായി.

2013–2019 കാലഘട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ പരിശീലകനായിരുന്നു ടോം മൂഡി. 2016ൽ ഡേവിഡ് വാർണറിനു കീഴിൽ സൺറൈസേഴ്സ് ഐപിഎൽ കിരീടം ചൂടുമ്പോൾ മൂഡിയായിരുന്നു പരിശീലകൻ. പിന്നീട് ട്രെവർ ബെയ്‌ലിസ് പരിശീലകനായി വന്നതോടെ മൂഡി സ്ഥാനമൊഴിഞ്ഞു. അതിനുശേഷമാണ് ക്രിക്കറ്റ് ഡയറക്ടറായി നിയമിതനായത്.

ഇന്ത്യൻ പരിശീലകനാകാനുള്ള മൂഡിയുടെ ആഗ്രഹത്തിന്റെ തുടർച്ചയായാണ് ഡേവിഡ് വാർണർ സൺറൈസേഴ്സ് നായകസ്ഥാനത്തുനിന്നും പിന്നീട് ടീമിൽനിന്നും പുറത്തായതെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ബിസിസിഐയുടെ ശ്രദ്ധ കവരുന്നതിനായി ഇന്ത്യൻ യുവതാരങ്ങൾക്ക് അവസരം നൽകാനാണ് അദ്ദേഹം വാർണറിനെ തഴഞ്ഞതെന്നായിരുന്നു റിപ്പോർട്ട്.

English Summary: Tom Moody interested in coaching Indian team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com