ADVERTISEMENT

ദുബായ്∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഡൽഹി ക്യാപിറ്റൽസ് താരം ആവേശ് ഖാനും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം വെങ്കടേഷ് അയ്യരും ഇന്ത്യൻ ലോകകപ്പ് ടീമിലേക്ക്. ഒരാഴ്ചയ്ക്കുള്ളിൽ യുഎഇയിൽ ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നെറ്റ് ബോളർമാരായിട്ടാണ് ഇരുവരെയും ഉൾപ്പെടുത്തിയത്. സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ജമ്മു കശ്മീർ താരം ഉമ്രാൻ മാലിക്കിനോടും നെറ്റ് ബോളറായി ടീമിനൊപ്പം ചേരാൻ ബിസിസിഐ നിർദ്ദേശം നൽകിയിരുന്നു.

അതേസമയം, റിസർവ് താരങ്ങളായി ടീമിനൊപ്പമുള്ള ശ്രേയസ് അയ്യർ, ഷാർദുൽ ഠാക്കൂർ,  ദീപക് ചാഹർ എന്നിവർക്കൊപ്പം ഇവരെ ഉൾപ്പെടുത്തില്ലെന്നാണ് റിപ്പോർട്ട്. പകരം, നെറ്റ്സിൽ പരിശീലനത്തിലാകും ഇവരുടെ സേവനം ഉപയോഗിക്കുക. ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ മാറ്റം വരുത്താനുള്ള സമയപരിധി ഈ മാസം 15 വരെ ഐസിസി ദീർഘിപ്പിച്ച സാഹചര്യത്തിൽ അതിനുശേഷം മാത്രം ഇക്കാര്യത്തിൽ വ്യക്തത വരൂ.

ഐപിഎല്‍ 14–ാം സീസണിന്റെ ആദ്യ പാദത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ആവേശ് ഖാനെ, ഇംഗ്ലണ്ടിൽ പര്യടനം നടത്തിയ ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇംഗ്ലണ്ടിൽവച്ച് പരിശീലനത്തിനിടെ പരുക്കേറ്റതിനെ തുടർന്ന് നാട്ടിലേക്കു മടങ്ങുകയായിരുന്നു.

അതേസമയം, വെങ്കടേഷ് അയ്യരെ നെറ്റ് ബോളറായി ടീമിനൊപ്പം ഉൾപ്പെടുത്തിയ തീരുമാനം ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു. ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓപ്പണിങ് ബാറ്റ്സ്മാനാണ് അയ്യർ. പാർട്ട് ടൈം ബോളർ കൂടിയാണെങ്കിലും താരത്തെ ബോളറായി ടീമിൽ ഉൾപ്പെടുത്തിയതാണ് ആരാധകരെ അമ്പരപ്പിച്ചത്.

ആഭ്യന്തര ക്രിക്കറ്റിൽ മധ്യപ്രദേശിനു കളിക്കുന്ന അയ്യർ, ഐപിഎൽ 14–ാം സീസണിന്റെ രണ്ടാം പാദത്തിലെ കണ്ടെത്തലായാണ് വിശേഷിപ്പിക്കപ്പെടുന്നത്. കൊൽക്കത്തയ്ക്കായി ഇതുവരെ എട്ട് ഇന്നിങ്സുകളിൽനിന്ന് 123.25 സ്ട്രൈക്ക് റേറ്റിൽ 265 റൺസാണ് അയ്യരുടെ സമ്പാദ്യം. 7.3 ഓവറിൽനിന്ന് മൂന്നു വിക്കറ്റുകളും സ്വന്തമാക്കി. ഇതിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ ലീഗ് മത്സരത്തിൽ 29 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയതും ഉൾപ്പെടുന്നു.

ഡൽഹി ക്യാപിറ്റൽസിനായി ഈ സീസണിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച ആവേശ് ഖാൻ, വിക്കറ്റ് വേട്ടയിലും മുന്നിലാണ്. 15 മത്സരങ്ങളിൽനിന്ന് 23 വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം. ഇക്കോണമി റേറ്റ് 7.50. വിക്കറ്റ് വേട്ടയിൽ രണ്ടാം സ്ഥാനത്തുള്ള ഡൽഹി താരമായ അക്ഷർ പട്ടേലിനേക്കാൾ ഏറെ മുന്നിലാണ് ആവേശ് ഖാൻ. 15 വിക്കറ്റുകളാണ് പട്ടേലിന്റെ സമ്പാദ്യം.

നെറ്റ് ബോളരായി മുൻപേ തന്നെ ടീമിനൊപ്പം ചേർത്ത ഉമ്രാൻ മാലിക്ക്, ഈ സീസണിൽ അതിവേഗം കൊണ്ട് ശ്രദ്ധയാകർഷിച്ച താരമാണ്. സൺറൈസേഴ്സ് ഹൈദരാബാദിനായി അവസാന ലീഗ് മത്സരങ്ങളിൽ മാത്രം കളിച്ച താരം, 150 കിലോമീറ്ററിനു മുകളിൽ വേഗത്തിൽ പന്തെറിഞ്ഞാണ് ഞെട്ടിച്ചത്. ഈ സീസണിൽ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ ഇന്ത്യൻ ബോളറും മാലിക് തന്നെ.

English Summary: Avesh Khan and Venkatesh Iyer to join Indian team as net bowlers during T20 World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com