ADVERTISEMENT

മുംബൈ∙ ഈ മാസം യുഎഇയിൽ ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പിനുശേഷം രവി ശാസ്ത്രി ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഒഴിയാനിരിക്കെ, പിൻഗാമിയായി വിദേശ പരിശീലകൻ വരാൻ സാധ്യതയില്ലെന്ന് വെളിപ്പെടുത്തൽ. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡുമായി (ബിസിസിഐ) ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന, പേരു വെളിപ്പെടുത്താൻ തയാറാകാത്ത വ്യക്തിയെ ഉദ്ധരിച്ച് ‘ഹിന്ദുസ്ഥാൻ ടൈംസാ’ണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അനിൽ കുംബ്ലെ ഇന്ത്യൻ പരിശീലകനായി തിരിച്ചെത്തിയേക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും, ഇപ്പോഴത്തെ സാഹചര്യത്തിൽ അതിനും സാധ്യതയില്ലെന്ന് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി.

ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) എട്ടു ടീമുകളിൽ ഏഴു ടീമുകൾക്കും വിദേശ പരിശീലകരാണെങ്കിലും, വർഷം മുഴുവനും ടീമിനൊപ്പം തുടരേണ്ടതിനാൽ ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് വിദേശിയെ പരിഗണിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ പരിശീലകനാകാൻ ഓസ്ട്രേലിയയുടെ മുൻ താരം ടോം മൂഡിക്കു താൽപര്യമുണ്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

ഐപിഎലിലെ തന്നെ മികച്ച പരിശീലകരായ മഹേള ജയവർധനെ, റിക്കി പോണ്ടിങ് തുടങ്ങിയവർ മുഴുവൻ സമയ പരിശീലക ജോലിക്ക് തയാറല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്ത്യൻ പരിശീലകനെന്ന നിലയിലുള്ള കടുത്ത സമ്മർദ്ദവും ഇവരുടെ താൽപര്യമില്ലായ്മയ്ക്കു കാരണമാണ്.

അതേസമയം, ഇന്ത്യൻ ക്രിക്കറ്റിൽ ഇതുവരെ നാലു വിദേശ പരിശീലകരാണ് ഉണ്ടായിട്ടുള്ളത്. ജോൺ റൈറ്റ്, ഗ്രെഗ് ചാപ്പൽ, ഗാരി കിർസ്റ്റൺ, ഡങ്കൻ ഫ്ലെച്ചർ എന്നിവരാണ് ഇന്ത്യൻ ടീമിനെ പരിശീലിപ്പിച്ച വിദേശികൾ. ഇതിൽ ഗ്രെഗ് ചാപ്പലിന്റെ കാലഘട്ടം ഇന്ത്യൻ ക്രിക്കറ്റിലെ തന്നെ ഏറ്റവും പ്രശ്നങ്ങൾ നിറഞ്ഞ കാലമായിരുന്നു. ടീം നായകനായിരുന്ന സൗരവ് ഗാംഗുലിയും ചാപ്പലും തമ്മിലുള്ള ബന്ധം വഷളായത് ടീമിന്റെ പ്രകടനത്തെ തന്നെ ബാധിച്ചിരുന്നു. 2007ലെ ഏകദിന ലോകകപ്പിൽ ഇന്ത്യ നേരത്തേ പുറത്തായതോടെ പരിശീലകസ്ഥാനത്തുനിന്ന് ചാപ്പലും തെറിച്ചു.

അതേസമയം, ജോൺ റൈറ്റും ഗാരി കിർസ്റ്റനും പരിശീലകനായിരുന്ന കാലഘട്ടം ഇന്ത്യൻ ക്രിക്കറ്റിന്റെ സുവർണ കാലഘട്ടങ്ങളാണ്. ജോൺ റൈറ്റിനൊപ്പം ക്യാപ്റ്റനായി സൗരവ് ഗാംഗുലിയും ഗാരി കിർസ്റ്റനൊപ്പം മഹേന്ദ്രസിങ് ധോണിയും ഉണ്ടായിരുന്ന കാലത്താണ് ഇന്ത്യൻ ക്രിക്കറ്റ് പുതിയ തലത്തിലേക്ക് ഉയർന്നത്.

വിദേശ പരിശീലകർക്കു പുറമേ, മുൻപ് ഇന്ത്യൻ പരിശീലകനായിരുന്ന അനിൽ കുംബ്ലെയുടെ തിരിച്ചുവരവിനുള്ള സാധ്യതകളും ബിസിസിഐ തള്ളിക്കളഞ്ഞു. ഡ്രസിങ് റൂമിലെ അന്തരീക്ഷം മോശമാകാൻ സാധ്യതയുള്ളൊരു സാഹചര്യം സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് ബിസിസിഐയുടെ നിലപാട്. മുൻപ് ഇന്ത്യൻ പരിശീലകനായിരുന്ന കുംബ്ലെ ക്യാപ്റ്റൻ വിരാട് കോലിയുമായുള്ള ബന്ധത്തിലെ അസ്വാരസ്യങ്ങളെ തുടർന്നാണ് പുറത്തുപോയത്. മാത്രമല്ല, ഐപിഎലിൽ പഞ്ചാബ് കിങ്സ് പരിശീലകനെന്ന നിലയിൽ കുംബ്ലെയുടെ മോശം റെക്കോർഡും അദ്ദേഹത്തിന്റെ തിരിച്ചുവരവിനു തടസമാണ്.

ഐപിഎൽ ടീമുകൾക്കൊപ്പം പ്രവർത്തിച്ചു പരിചയമുള്ള വി.വി.എസ്. ലക്ഷ്മൺ, വീരേന്ദർ സേവാഗ്, സഹീർ ഖാൻ എന്നിവരുടെ പേരുകൾ ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് പറഞ്ഞു കേൾക്കുന്നുണ്ട്. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനായ രാഹുൽ ദ്രാവിഡിന്റെ പേരും പതിവുപോലെ ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും, അദ്ദേഹത്തിന് ഇപ്പോൾ സീനിയർ ടീമിന്റെ ഉത്തരവാദിത്തമേൽക്കാൻ താൽപര്യമില്ലെന്നാണ് റിപ്പോർട്ട്.

English Summary: BCCI unlikely to appoint a foreign coach as Ravi Shastri's replacement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com