sections
MORE

വിറച്ചു, പക്ഷേ വീണില്ല; ഡൽഹിയെ തോൽപ്പിച്ച് കൊൽക്കത്ത ഫൈനലിൽ!

kkr-celebration-1
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന കൊൽക്കത്ത താരങ്ങൾ (ഐപിഎൽ ട്വീറ്റ് ചെയ്ത ചിത്രം)
SHARE

ഷാർജ ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 14–ാം സീസൺ രണ്ടാം പാദത്തിലെ സ്വപ്നതുല്യമായ കുതിപ്പ് കലാശപ്പോരാട്ടത്തിലേക്കു നീട്ടി ‍കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ലീഗ് ഘട്ടത്തിൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്തിന്റെ തലപ്പൊക്കവുമായി എത്തിയ ‍ഡൽഹി ക്യാപിറ്റൽസിന്റെ പോരാട്ടവീര്യത്തെ മൂന്നു വിക്കറ്റിനാണ് കൊൽക്കത്ത മറികടന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡ‍ൽഹിയെ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 135 റൺസിൽ ഒതുക്കിയ കൊൽക്കത്ത, ഒരു പന്തു ബാക്കിനിൽക്കെ ഏഴു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. വെള്ളിയാഴ്ച നടക്കുന്ന ഫൈനലിൽ മഹേന്ദ്രസിങ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സാണ് കൊൽക്കത്തയുടെ എതിരാളികൾ.

അവിശ്വസനീയമായിരുന്നു മത്സരത്തിന്റെ അവസാന നിമിഷങ്ങൾ. 15.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 123 റൺസെന്ന നിലയിലായിരുന്ന കൊൽക്കത്ത അനായാസ വിജയത്തിന്റെ വക്കിലായിരുന്നു. 25 പന്തും ഒൻപതു വിക്കറ്റും കയ്യിലിരിക്കെ കൊൽക്കത്തയ്ക്കു വിജയത്തിലേക്കു വേണ്ടിയിരുന്നത് വെറും 13 റൺസ് മാത്രം. എന്നാൽ, അവിടെനിന്ന് അവിശ്വസനീയമായ രീതിയിൽ തിരിച്ചടിച്ച ഡൽഹി അവരെ തോൽവിയുടെ വക്കിലേക്കു തള്ളിയിട്ടു. 22 പന്തിനിടെ ഏഴു റൺസെടുക്കുമ്പോഴേയ്ക്കും കൊൽക്കത്തയുടെ ആറു വിക്കറ്റുകൾ വീഴ്ത്തിയാണ് ഡൽഹി മത്സരത്തിലേക്കു തിരിച്ചെത്തിയത്. അവസാന രണ്ടു പന്തിൽ മൂന്നു വിക്കറ്റ് കയ്യിലിരിക്കെ വിജയത്തിലേക്ക് ആറു റൺസെന്ന നിലയിലായി കൊൽക്കത്ത. രവിചന്ദ്രൻ അശ്വിന്‍ എറിഞ്ഞ 20–ാം ഓവറിലെ അഞ്ചാം പന്തിൽ സിക്സർ നേടി രാഹുൽ ത്രിപാഠി‌യാണ് കൊൽക്കത്തയെ വിജയത്തിലെത്തിച്ചത്.

അർധസെഞ്ചുറി നേടിയ ഓപ്പണർ വെങ്കടേഷ് അയ്യർ (55), അർധസെഞ്ചുറിക്ക് അരികെ പുറത്തായ മറ്റൊരു ഓപ്പണർ ശുഭ്മൻ ഗിൽ (46) എന്നിവരുടെ പ്രകടനമാണ് കൊൽക്കത്ത വിജയത്തിൽ നിർണായകമായത്. ബാറ്റിങ് ദുഷ്കരമായ പിച്ചിൽ ഓപ്പണിങ് വിക്കറ്റിൽ ആക്രമണവും പ്രതിരോധവും സമാസമം ചേർത്ത് 74 പന്തിൽ 96 റൺസടിച്ചുകൂട്ടി അയ്യർ – ഗിൽ സഖ്യം നൽകിയ മിന്നുന്ന തുടക്കമാണ് കൊൽക്കത്തയ്ക്ക് കരുത്തായത്. അയ്യർ 41 പന്തിൽ നാലു ഫോറും മൂന്നു സിക്സും സഹിതം 55 റൺസെടുത്തു. ഗിൽ 46 പന്തിൽ ഓരോ സിക്സും ഫോറും സഹിതമാണ് 46 റൺസെടുത്തത്.

ഓപ്പണർമാർ പുറത്തായശേഷം കൊൽക്കത്തയെ വിറപ്പിക്കാൻ ഡൽഹിക്കായെങ്കിലും വിജയം തടയാനായില്ല. നിതീഷ് റാണ (12 പന്തിൽ ഒരു സിക്സ് സഹിതം 13), ദിനേഷ് കാർത്തിക് (0), ഒയിൻ മോർഗൻ (0), ഷാക്കിബ് അൽ ഹസൻ (0), സുനിൽ നരെയ്ൻ (0) എന്നിവരാണ് പുറത്തായ മറ്റു കൊൽക്കത്ത താരങ്ങൾ. രാഹുൽ ത്രിപാഠി (11 പന്തിൽ പുറത്താകാതെ 12), ലോക്കി ഫെർഗൂസൻ (0) എന്നിവർ പുറത്താകാതെ നിന്നു. ഡൽഹിക്കായി കഗീസോ റബാദ നാല് ഓവറിൽ 23 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ആൻറിച് നോർട്യ നാല് ഓവറിൽ 31 റൺസ് വഴങ്ങിയും രവിചന്ദ്രൻ അശ്വിൻ 3.5 ഓവറിൽ 27 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ആവേശ് ഖാൻ നാല് വറിൽ 22 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടി.

കഴിഞ്ഞ സീസണിൽ റണ്ണേഴ്സ് അപ്പായിരുന്ന ‍ഡൽഹി ഇത്തവണ ലീഗ് ഘട്ടത്തിൽ ഒന്നാമൻമാരായെങ്കിലും രണ്ട് ക്വാളിഫയറിലും കാലിടറി. ഒന്നാം ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിങ്സിനോടു തോറ്റ ഡൽഹി, രണ്ടാം ക്വാളിഫയറിൽ എലിമിനേറ്റർ പരീക്ഷണം ജയിച്ചെത്തിയ കൊൽക്കത്തയോടും തോറ്റു. 2019ലും ഡൽഹി രണ്ടാം ക്വാളിഫയറിൽ തോറ്റാണ് ടൂർണമെന്റിനു പുറത്തായത്. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ബാറ്റിങ് ദുഷ്കരമായ പിച്ചിൽ സ്പിന്നർമാരെ ഇറക്കിയുള്ള കൊൽക്കത്തയുടെ പരീക്ഷണമാണ് ഇക്കുറിയും വിജയിച്ചത്. ഷാർജയിൽ കൊൽക്കത്ത കളിച്ച നാലു മത്സരങ്ങളിൽ എതിരാളികളുടെ പ്രകടനം ഇങ്ങനെ: 127/9, 85, 138/7 & 135/5 !

∙ ‘ഞെരുക്കിയെറിഞ്ഞ്’ കൊൽക്കത്ത

നേരത്തേ, ബാറ്റിങ് ദുഷ്കരമായ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹി, നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 135 റൺസെടുത്തത്. 39 പന്തിൽ 36 റണ്‍സെടുത്ത ശിഖർ ധവാനാണ് ഡൽഹിയുടെ ടോപ് സ്കോറർ. ഡൽഹിക്കായി ശ്രേയസ് അയ്യർ 27 പന്തിൽ ഓരോ ഫോറും സിക്സും സഹിതം 30 റൺസുമായി പുറത്താകാതെ നിന്നു. ശിവം മാവി എറിഞ്ഞ 20–ാം ഓവറിലെ അവസാന പന്ത് സിക്സർ പറത്തിയാണ് ശ്രേയസ് അയ്യർ ഡൽഹി സ്കോർ 135ൽ എത്തിച്ചത്.

കളത്തിലിറങ്ങിയവരെല്ലാം താളം കണ്ടെത്താൻ വിഷമിച്ച ഷാർജ സ്റ്റേഡിയത്തിൽ മറ്റ് ഡൽഹി താരങ്ങളുടെ പ്രകടനം ഇങ്ങനെ: മാർക്കസ് സ്റ്റോയ്നിസ് (23 പന്തിൽ ഒരു ഫോർ സഹിതം 18), ഋഷഭ് പന്ത് (ആറു പന്തിൽ ഒരു ഫോർ സഹിതം ആറ്), ഷിമ്രോൺ ഹെറ്റ്മെയർ (10 പന്തിൽ രണ്ടു സിക്സർ സഹിതം 17). അക്ഷർ പട്ടേൽ നാലു പന്തിൽ നാലു റൺസുമായി പുറത്താകാതെ നിന്നു.

കൊൽക്കത്തയ്ക്കായി വരുൺ ചക്രവർത്തി നാല് ഓവറിൽ 26 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ലോക്കി ഫെർഗൂസൻ നാല് ഓവറിൽ 26 റൺസ് വഴങ്ങിയും ശിവം മാവി നാല് ഓവറിൽ 27 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി. വിക്കറ്റ് ലഭിച്ചില്ലെങ്കിലും നാല് ഓവറിൽ 28 റൺസ് വഴങ്ങിയ ഷാക്കിബ് അൽ ഹസൻ, നാല് ഓവറിൽ 27 റൺസ് വഴങ്ങിയ സുനിൽ നരെയ്ൻ എന്നിവരുടെ ബോളിങ്ങും ശ്രദ്ധേയമായി.

English Summary: Delhi Capitals vs Kolkata Knight Riders, Qualifier 2 - Live Cricket Score

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA