sections
MORE

സഞ്ജുവിനോട് യുഎഇയിൽ തുടരാൻ ബിസിസിഐ നിർദ്ദേശം?; ലോകകപ്പ് ടീമിൽ?

Kohli-Sanju-1248-29
സഞ്ജു സാംസൺ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ വിരാട് കോലിക്കൊപ്പം (ഐപിഎൽ ചിത്രം)
SHARE

ദുബായ്∙ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിനോട് ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിനു പിന്നാലെ യുഎഇയിൽത്തന്നെ തുടരാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) നിർദ്ദേശിച്ചതായി റിപ്പോർട്ട്. ഐപിഎലിൽ രാജസ്ഥാൻ റോയൽസിനെ നയിച്ച സഞ്ജുവിനോട് യുഎഇയിൽ തുടരാൻ ബിസിസിഐ നിർദ്ദേശിച്ചതായി ചില ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ, താരത്തിന് ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ ഇടം ലഭിച്ചേക്കുമെന്ന് അഭ്യൂഹം വ്യാപകമായി. ഐപിഎലിൽ രാജസ്ഥാൻ റോയൽസ് നിരാശപ്പെടുത്തിയെങ്കിലും സഞ്ജുവിന്റെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. ഈ സാഹചര്യത്തിലാണ് താരത്തോട് അവിടെ തുടരാൻ ബിസിസിഐ നിർദ്ദേശിച്ചതെന്നാണ് റിപ്പോർട്ട്.

അതിനിടെ, ദുബായ് എക്സ്പോയുമായി ബന്ധപ്പെട്ട് രാജസ്ഥാൻ റോയൽസിനുള്ള ചില പരസ്യ കരാറുകളുടെ ഭാഗമായാണ് താരം യുഎഇയിൽ തുടരുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനും സ്ഥിരീകരണമില്ല. സഞ്ജുവിനോട് യുഎഇയിൽ തുടരാൻ ബിസിസിഐ നിർദ്ദേശിച്ചതായുള്ള വാർത്തകൾക്കു പിന്നാലെയാണ് രാജസ്ഥാൻ റോയൽസിന്റെ പരസ്യ കരാറുകളുടെ ഭാഗമായാണ് സഞ്ജു യുഎഇയിൽ തുടരുന്നതെന്ന വിശദീകരണം വരുന്നത്. ട്വിറ്ററിൽ ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്.

ട്വന്റി20 ലോകകപ്പിനുള്ള അന്തിമ ടീമിനെ പ്രഖ്യാപിക്കാനുള്ള സമ‌യപരിധി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) കഴിഞ്ഞ ദിവസം നീട്ടിയിരുന്നു. ഒക്ടോബർ 10നകം അന്തിമ പട്ടിക കൈമാറണമെന്നായിരുന്നു ആദ്യ നിർദ്ദേശം. ഇതനുസരിച്ച് പാക്കിസ്ഥാൻ ആദ്യം പ്രഖ്യാപിച്ച ടീമിൽ നാലു മാറ്റങ്ങൾ വരുത്തി അന്തിമ ടീമിനെ പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ അന്തിമ ടീം പട്ടിക കൈമാറാനുള്ള സമയപരിധി ഒക്ടോബർ 15 വരെ നീട്ടിയതായി റിപ്പോർട്ടുകളെത്തി.

യുഎഇയിൽ നടന്ന ഐപിഎൽ 14–ാം സീസണിന്റെ രണ്ടാം ഘട്ടത്തിൽ, ഏഴു മത്സരങ്ങളിൽനിന്ന് 207 റൺസാണ് സഞ്ജു നേടിയത്. 82 റൺസായിരുന്നു ഉയർന്ന സ്കോർ. തൊട്ടടുത്ത മത്സരത്തിൽ പുറത്താകാതെ 70 റൺസുമെടുത്തു. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണെന്നതും സഞ്ജുവിന് അനുകൂല ഘടകമാണ്.

ലോകകപ്പിന് വേദിയൊരുക്കുന്ന യുഎഇയിൽ നടന്ന ഐപിഎൽ മത്സരങ്ങളിൽ, ലോകകപ്പ് ടീമിലുള്ള താരങ്ങളിൽ ചിലർക്ക് തിളങ്ങാനാകാതെ പോയതും ചർച്ചയായിരുന്നു. മുംബൈ ഇന്ത്യൻസ് താരം രാഹുൽ ചാഹർ ഫോംഔട്ടായതിനാൽ ടീമിൽനിന്നു പോലും മാറ്റിനിർത്തപ്പെട്ടു. മാത്രമല്ല, ഹാർദിക് പാണ്ഡ്യയും വരുൺ ചക്രവർത്തിയും ഉൾപ്പെടെയുള്ളവരുടെ കായികക്ഷമതയുമായി ബന്ധപ്പെട്ടും സംശയങ്ങളുയരുന്നുണ്ട്.

ആദ്യം പ്രഖ്യാപിച്ച ടീമിൽ ഇടമില്ലാതിരുന്ന യുസ്‌വേന്ദ്ര ചെഹൽ ഉൾപ്പെടെയുള്ള താരങ്ങളെ ടീമിലേക്കു തിരിച്ചുവിളിച്ചേക്കുമെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ചാഹറിനു‌ പകരം ചെഹലിനെ പരിഗണിക്കുമോയെന്നാണ് ആരാധകരുടെ ആകാംക്ഷ. ഒരു ഐപിഎൽ സീസണിലെ കൂടുതൽ വിക്കറ്റ് നേട്ടമെന്ന ചെന്നൈ സൂപ്പർ കിങ്സിന്റെ വെസ്റ്റിൻഡീസ് താരം ഡ്വെയിൻ ബ്രാവോയുടെ റെക്കോർഡിന് ഒപ്പമെത്തിയ ഹർഷൽ പട്ടേലിനെ ടീമിൽ ഉൾപ്പെടുത്തുന്നതും ചർച്ചകളിലുണ്ട്.

English Summary: India squad speculation begins as Sanju Samson asked to stay back in UAE

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA