മഞ്ജരേക്കറിന് സംശയം; സഞ്ജുവും പന്തുമൊക്കെ എങ്ങനെ ക്യാപ്റ്റൻമാരായി!

rishabh-pant-sanju-samson
ഋഷഭ് പന്തും സഞ്ജു സാംസണും (ട്വിറ്റർ ചിത്രം)
SHARE

മുംബൈ∙ ട്വന്റി20യിൽ സാധാരണ ടീമിനെക്കൊണ്ട് ‘അസാധാരണ’ പ്രകടനങ്ങൾ സാധ്യമാക്കുന്ന സ്പെഷലിസ്റ്റ് ക്യാപ്റ്റൻമാരുടെ കാലമാണ് ഇനിയെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിൽ ഫൈനലിലെത്തിയ ടീമുകളുടെ ക്യാപ്റ്റൻമാരെ ചൂണ്ടിക്കാട്ടിയാണ് മഞ്ജരേക്കർ ഇക്കാര്യം വിശദീകരിച്ചത്. വ്യക്തിഗത പ്രകടനം ശരാശരിക്കും താഴെയായിരുന്നെങ്കിലും ക്യാപ്റ്റൻമാരെന്ന നിലയിൽ തകർപ്പൻ പ്രകടനം പുറത്തെടുത്താണ് ഇത്തവണ മഹേന്ദ്രസിങ് ധോണി ചെന്നൈ സൂപ്പർ കിങ്സിനെയും ഒയിൻ മോർഗൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയും ഐപിഎൽ ഫൈനലിലേക്ക് നയിച്ചത്.

സഞ്ജു സാംസണിനെയും ഋഷഭ് പന്തിനെയും പോലുള്ള യുവതാരങ്ങളെ ഐപിഎൽ ടീമുകളുടെ നായകപദവിയിലേക്ക് പരിഗണിക്കാറായോ എന്നും മഞ്ജരേക്കർ സംശയം പ്രകടിപ്പിച്ചു.

കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ രണ്ടാം ക്വാളിഫയറിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഡൽഹി ക്യാപിറ്റൽസിനെ വീഴ്ത്തുമ്പോൾ ക്യാപ്റ്റൻ ഒയിൻ മോർഗന്റെ തന്ത്രങ്ങൾ നിർണായകമായിരുന്നു. സീസണിന്റെ ആദ്യ പാദത്തിൽ തീർത്തും പിന്നിലായിരുന്ന കൊൽക്കത്ത, രണ്ടാം പാദത്തിലെ മികവുറ്റ പ്രകടനങ്ങളിലൂടെ ഫൈനലിലേക്കു മുന്നേറിയത് മോർഗന്റെ ക്യാപ്റ്റൻസി മികവിന്റെ കൂടി ബലത്തിലാണ്. മറുവശത്ത് ചെന്നൈയുടെ മുന്നേറ്റത്തിൽ ധോണിയുടെ നായകമികവും നിർണായകമായി.

‘ഇത്തവണ ഐപിഎൽ ഫൈനലിലെത്തിയ ടീമുകളെ രണ്ടിനെയും നയിക്കുന്നത് മികവുക്കറ്റ ക്യാപ്റ്റൻമാരാണ് – മഹേന്ദ്രസിങ് ധോണിയും ഒയിൻ മോർഗനും. ഇത്തവണ ഐപിഎലിൽ കണ്ടുപരിചയിച്ച കാര്യങ്ങൾ വച്ചാണ് ഞാൻ ഇതു പറയുന്നത്. മുൻപ് നമ്മൾ ട്വന്റി20 സ്പെഷലിസ്റ്റുകളായ ബാറ്റ്സ്മാൻമാരേയും ബോളർമാരേയും ഓൾറൗണ്ടർമാരേയുമാണ് ഉന്നമിട്ടിരുന്നത്. ഇനിയങ്ങോട്ട് ട്വന്റി20 സ്പെഷലിസ്റ്റുകളായ ക്യാപ്റ്റൻമാരുടെ കൂടി കാലമാണ്’ – മഞ്ജരേക്കർ ചൂണ്ടിക്കാട്ടി.

‘യുവതാരങ്ങളായ ഋഷഭ് പന്ത്, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ തുടങ്ങിയവർക്ക് എങ്ങനെയാണ് ട്വന്റി20 ക്യാപ്റ്റൻമാരാകാൻ അവസരം കിട്ടിയതെന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല. ട്വന്റി20 ടീമിനെ നയിക്കുകയെന്നത് വളരെയേറെ മികവു വേണ്ട കാര്യമാണ്. അവിടെ നായകമികവ് നിർണായകമാണ്. ട്വന്റി20യിൽ ക്യാപ്റ്റൻമാരും പ്രധാനപ്പെട്ടതാണ്. ചെന്നൈ സൂപ്പർ കിങ്സിന്റെ കാര്യം തന്നെ എടുത്തു നോക്കൂ. തീർത്തും സാധാരണമായ ഒരു ടീമിനെയാണ് ധോണി തന്റെ നായകമികവു കൊണ്ട് ഇത്തവണ ഫൈനലിൽ എത്തിച്ചിരിക്കുന്നത്. ഇത്തരം ക്യാപ്റ്റൻമാരെയാണ് ഐപിഎൽ ടീമുകൾക്ക് ആവശ്യം. നേതൃമികവു കൊണ്ടും തന്ത്രപരമായ തീരുമാനങ്ങൾക്കൊണ്ടും മത്സരത്തിന്റെ ഗതി മാറ്റാനാകണം’ – മഞ്ജരേക്കർ പറഞ്ഞു.

English Summary: Beyond me how captaincy is given to youngsters like Rishabh Pant and Sanju Samson: Sanjay Manjrekar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS