ADVERTISEMENT

ദുബായ്∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിൽ കിരീടം നേടിയതിനു പിന്നാലെ, ഇത്തവണ കിരീടം അർഹിച്ചിരുന്നത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആണെന്നു തുറന്നുപറഞ്ഞ് ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്രസിങ് ധോണി. ആവേശകരമായ ഫൈനലിൽ കൊൽക്കത്തയെ 27 റൺസിനു തോൽപ്പിച്ച് കിരീടം ചൂടിയ ശേഷം സംസാരിക്കുമ്പോഴാണ് ധോണി കൊൽക്കത്തയുടെ പോരാട്ടവീര്യത്തെ പുകഴ്ത്തിയത്. ടൂർണമെന്റിൽ മോശം നിലയിൽനിന്ന് കരുത്തോടെ തിരിച്ചുവന്ന കൊൽക്കത്തയുടെ പ്രകടനമാണ്, ഒയിൻ മോർഗന്റെ ടീമാണ് കിരീടം അർഹിച്ചിരുന്നത് എന്ന ധോണിയുടെ പരാമർശത്തിനു പിന്നിൽ.

ഐപിഎൽ 14–ാം സീസണിന്റെ ആദ്യ പാദത്തിൽ തീർത്തും മോശം പ്രകടനവുമായി പിന്നിലായിരുന്ന കൊൽക്കത്ത, യുഎഇയിൽ നടന്ന രണ്ടാം പാദത്തിൽ ശക്തമായ തിരിച്ചുവരവിലൂടെയാണ് ഫൈനലിന് യോഗ്യത നേടിയത്. ഇന്ത്യയിൽ നടന്ന ആദ്യ പാദത്തിൽ ഏഴിൽ രണ്ടു മത്സരങ്ങൾ മാത്രം ജയിച്ച കൊൽക്കത്ത പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തായിരുന്നു. പിന്നീട് യുഎഇയിൽ നടന്ന ഒൻപതു മത്സരങ്ങളിൽ ഏഴും ജയിച്ചാണ് അവർ ഫൈനലിൽ കടന്നത്.

‘ചെന്നൈ സൂപ്പർ കിങ്സിനെക്കുറിച്ച് സംസാരിക്കും മുൻപ് ഞാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെക്കുറിച്ച് സംസാരിക്കേണ്ടതുണ്ട്. ഈ സീസണിൽ അവർ ചെയ്തതുപോലെ മോശം അവസ്ഥയിൽനിന്ന് തിരിച്ചുവരാനും ഫൈനലിൽ കടക്കാനും ശരിക്കും ബുദ്ധിമുട്ടാണ്. ഈ സീസണിൽ കിരീടമർഹിക്കുന്നൊരു ടീമുണ്ടെങ്കിൽ അത് കൊൽക്കത്തയാണ്’ – ധോണി പറഞ്ഞു.

‘അവരുടെ തകർപ്പൻ പ്രകടനത്തിന്റെ കയ്യടി പരിശീലകർക്കും ടീമിനും പരിശീലക സംഘത്തിലെ മറ്റ് അംഗങ്ങൾക്കുമുള്ളതാണ്. ഐപിഎലിനിടെ വന്ന ഇടവേള കൊൽക്കത്തയെ ശരിക്കും സഹായിച്ചു’ – ധോണി കൂട്ടിച്ചേർത്തു.

കഴിഞ്ഞ സീസണിൽ ലീഗ് ഘട്ടത്തിൽ ഏഴാം സ്ഥാനത്തോടെ പ്ലേഓഫ് കാണാതെ പുറത്തായ ടീമിനെ ഇത്തവണ കിരീടവിജയത്തിലേക്കു നയിച്ചതിനെക്കുറിച്ചും ധോണി സംസാരിച്ചു.

‘ഞങ്ങൾക്ക് ഓരോ മത്സരത്തിലും ഓരോ മാച്ച് വിന്നർമാരെ ലഭിച്ചു. അവരെല്ലാം മികച്ച പ്രകടനവും പുറത്തെടുത്തു. ഓരോ ഫൈനലും ശരിക്കും സ്പെഷലാണ്. കണക്കുകൾ നോക്കൂ, ഫൈനലുകളിൽ തോൽക്കുന്ന കാര്യത്തിലും ഞങ്ങൾ തന്നെയാണ് കൂടുതൽ സ്ഥിരതയുള്ളവർ. തിരിച്ചടികളിൽ പതറാതെ കരുത്തോടെ തിരിച്ചുവരികയെന്നതാണ് പ്രധാനം. പ്രത്യേകിച്ചും നോക്കൗട്ട് മത്സരങ്ങളിൽ’ – ധോണി പറഞ്ഞു.

‘സത്യം പറഞ്ഞാൽ ടീം മീറ്റിങ്ങുകളിലൊന്നും ഞങ്ങൾ കാര്യമായി സംസാരിക്കാറില്ല. പറയേണ്ട കാര്യങ്ങൾ ഓരോരുത്തരോടായി പറയുന്നതാണ് രീതി. പരിശീലന സെഷനുകളിലാണ് ഞങ്ങളുടെ ടീം മീറ്റിങ്ങുകൾ നടക്കുന്നത്. ടീം റൂമിനുള്ളിലെത്തുന്നതോടെ നമുക്ക് സമ്മർദ്ദമുണ്ടാകും. ഞങ്ങളുടെ പരിശീലന സെഷനുകൾ വളരെ മികച്ചതായിരുന്നു’ – ധോണി പറഞ്ഞു.

English Summary: If any team deserved to win the IPL, it's KKR: MS Dhoni's remarks on Kolkata Knight Riders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com