ന്യൂഡൽഹി∙ ആരാധകരുടെ കാത്തിരിപ്പിനും ആകാംക്ഷയ്ക്കും വിരാമമിട്ട് രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക്. ടീമിന്റെ മുഖ്യ പരിശീലകനാകാൻ ആദ്യം വിമുഖത പ്രകടിപ്പിച്ച ദ്രാവിഡ് കടുത്ത സമ്മർദ്ദത്തിനൊടുവിൽ സമ്മതമറിയിച്ചതായാണ് റിപ്പോർട്ട്. ദ്രാവിഡിന്റെ അടുത്ത സുഹൃത്തും മുൻ ഇന്ത്യൻ നായകനുമായിരുന്ന ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ഇടപെടലിനെ തുടർന്നാണ് ദ്രാവിഡ് മനസ്സു മാറ്റിയതെന്നാണ് സൂചന.
ഇപ്പോഴത്തെ പരിശീലകൻ രവി ശാസ്ത്രി വിരമിക്കുന്ന സ്ഥാനത്തേക്കാണ് ദ്രാവിഡ് എത്തുന്നത്. നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമി (എൻസിഎ) അധ്യക്ഷനായ അദ്ദേഹം ട്വന്റി20 ലോകകപ്പിനു ശേഷം പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉടനുണ്ടാകും.
നേരത്തെ പരിശീലക ചുമതല ഏറ്റെടുക്കണമെന്ന ബിസിസിഐയുടെ ആവശ്യം ദ്രാവിഡ് നിരസിച്ചിരുന്നു. കുടുംബപരമായ വിഷയങ്ങളും മക്കളുടെ പഠിത്തവും ചൂണ്ടിക്കാട്ടിയാണ് സീനിയർ ടീമിന്റെ പരിശീലക സ്ഥാനമേൽക്കാൻ താൽപര്യമില്ലെന്ന് രാഹുൽ ബിസിസിഐയെ അറിയിച്ചത്. എന്നാൽ ഇന്നലെ ഐപിഎൽ ഫൈനലിനുശേഷം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ദുബായിൽവച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് ദ്രാവിഡ് സമ്മതം മൂളിയതെന്നാണ് വിവരം.
ഇതോടെ, പുതിയ പരിശീലകനായുള്ള അപേക്ഷാ സമർപ്പണവും പതിവ് അഭിമുഖവുമെല്ലാം വെറും നടപടി ക്രമങ്ങൾ മാത്രമാകും. ‘പുതിയ പരിശീലകനായി ബിസിസിഐ ഉടൻ അപേക്ഷ ക്ഷണിക്കും. ഈ സ്ഥാനത്തേക്ക് വരാൻ രാഹുൽ ദ്രാവിഡിനെ ഏതാണ്ട് പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം ചേർന്ന് സജീവമായി പ്രവർത്തിക്കാൻ അദ്ദേഹം തയാറാണ്’ – ഒരു ബിസിസിഐ പ്രതിനിധി പറഞ്ഞു.
പരിശീലക സ്ഥാനത്തേക്ക് വർഷങ്ങളായി ബിസിസിഐ പ്രഥമ പരിഗണന നൽകിവരുന്ന വ്യക്തിയാണ് രാഹുൽ ദ്രാവിഡ്. 2016ൽ അനിൽ കുംബ്ലെയെ പരിശീലകനായി നിയമിക്കുമ്പോഴും 2017ൽ രവി ശാസ്ത്രി പരിശീലക ജോലിക്ക് തിരിച്ചെത്തുമ്പോഴും ദ്രാവിഡിന്റെ പേരും പരിഗണനയിലുണ്ടായിരുന്നു. അന്ന് അദ്ദേഹം വിസമ്മതിച്ചതോടെയാണ് കുംബ്ലെയ്ക്കും ശാസ്ത്രിക്കും അവസരം ലഭിച്ചത്. സീനിയർ ടീമിന്റെ പരിശീലക ജോലി നിരസിച്ചെങ്കിലും ജൂനിയർ ടീമുകളുടെ പരിശീലകനായും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായും അദ്ദേഹം സേവനം ചെയ്യുകയായിരുന്നു.
ദ്രാവിഡിനു പുറമേ ഓസ്ട്രേലിയയുടെ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്, ഐപിഎൽ ടീമുകൾക്കൊപ്പം പ്രവർത്തിച്ചു പരിചയമുള്ള വി.വി.എസ്. ലക്ഷ്മൺ, വീരേന്ദർ സേവാഗ്, സഹീർ ഖാൻ എന്നിവരുടെ പേരുകളും ഇത്തവണ പരിശീലക സ്ഥാനത്തേക്ക് ഉയർന്നു കേട്ടിരുന്നു. രവി ശാസ്ത്രിയ്ക്കൊപ്പം ബോളിങ് കോച്ച് ഭരത് അരുണിന്റെ കാലാവധിയും അവസാനിക്കും. പരസ് മാംബ്രെ ദ്രാവിഡിനൊപ്പം ഇന്ത്യയുടെ ബോളിങ് പരിശീലകനായി ചേരുമെന്നാണ് റിപ്പോർട്ട്.
English Summary : Rahul Dravid Set To Take Over As Team India Coach After T20 World Cup, Claim Reports