ADVERTISEMENT

ന്യൂഡൽഹി∙ ജാതീയ പരാമർശത്തിന്റെ പേരിൽ ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം യുവരാജ് സിങ് അറസ്റ്റിൽ. ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍‌വേന്ദ്ര ചെഹലിനെതിരെ നടത്തിയ ജാതീയ പരാമർശത്തിന്റെ പേരിലാണ് അറസ്റ്റ്. ഹാൻസി പൊലീസ് അറസ്റ്റു ചെയ്ത യുവരാജിനെ പിന്നീട് ഇടക്കാല ജാമ്യത്തിൽ വിട്ടു. മൂന്നു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് താരത്തിന് ജാമ്യം അനുവദിച്ചത്. ഇന്ത്യൻ പീനൽ കോഡിലെ എസ്‌സി/എസ്ടി ആക്ട് പ്രകാരമാണ് താരത്തെ അറസ്റ്റ് ചെയ്തത്.

ശനിയാഴ്ചയാണ് താരത്തെ അറസ്റ്റ് ചെയ്തതെന്ന് ഹാൻസി എസ്പി നിതിക ഗേലോട്ട് വ്യക്തമാക്കി. താരത്തിന് പിന്നീട് ജാമ്യം അനുവദിച്ചതായും എസ്പി അറിയിച്ചു. യുവരാജിന്റെ ഫോൺ പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്. ദലിത് ആക്ടിവിസ്റ്റും അഭിഭാഷകനുമായ രജത് കൽസൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് യുവരാജിനെതിരെ കേസെടുത്തത്.

2020 ഏപ്രിലിൽ ഇന്ത്യൻ താരം രോഹിത് ശർമയുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെയാണ് യുവരാജ് വിവാദ പരാമർശം നടത്തിയത്. താഴ്ന്ന ജാതിക്കാരെ പരിഹസിക്കാനായി ഉപയോഗിക്കുന്ന വാക്കാണ് ചെഹലിനെതിരെ യുവരാജ് ഉപയോഗിച്ചത്. നിർദ്ദോഷമായി പറഞ്ഞ തമാശയാണെങ്കിലും പരിഹാസത്തിന് യുവരാജ് തിരഞ്ഞെടുത്ത വാക്കാണ് ദലിത് സംഘടനകളെയും ഒരു വിഭാഗം ആരാധകരെയും കുപിതരാക്കിയത്.

ഇതോടെ, യുവരാജ് മാപ്പു പറയണം എന്നാവശ്യപ്പെടുന്ന ഹിന്ദി ഹാഷ്ടാഗ് (#युवराज_सिंह_माफी_मांगो) സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരുന്നു. അർബുദത്തെപ്പോലും തോൽപ്പിച്ച യുവരാജിന് ജാതീയചിന്തകളെ തോൽപ്പിക്കാൻ ഇനിയുമായിട്ടില്ലെന്നായിരുന്നു വിമർശനം.

കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യം ലോക്ഡൗണിലായതിനു പിന്നാലെ ടിക്ടോക്കിൽ വിഡിയോകൾ ചെയ്ത് സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു യുസ്‍വേന്ദ്ര ചെഹൽ. കുടുംബാംഗങ്ങളെപ്പോലും പങ്കെടുപ്പിച്ചാണ് ചെഹൽ ടിക്ടോക്കിൽ വിഡിയോ ചെയ്തിരുന്നത്. ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെ ഇക്കാര്യം ചർച്ചയായപ്പോഴാണ് ചെഹലിനെ കളിയാക്കാൻ യുവരാജ് വിവാദ പരാമർശം നടത്തിയത്. സംസാരത്തിന്റെ ഒഴുക്കിൽ യുവരാജുപോലും അറിയാതെയാണ് വിവാദ പരാമർശം ഉണ്ടായതെങ്കിലും ആരാധകർ ഇതിനെതിരെ ശക്തമായി രംഗത്തെത്തുകയായിരുന്നു.

സംഭവം വിവാദമായതോടെ യുവരാജ് പരസ്യമായി ഖേദപ്രകടനം നടത്തിയിരുന്നു. ജാതീയമായ തരംതിരിവുകളിൽ താൻ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് താരത്തിനെതിരെ ഹരിയാന പൊലീസിൽ പരാതി ലഭിച്ചത്. യുവരാജിനെ അറസ്റ്റ് ചെയ്താലും ജാമ്യം അനുവദിക്കണമെന്ന് പഞ്ചാബ്–ഹരിയാന ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കാൻ യുവരാജിനും നിർദ്ദേശം നൽകി.

English Summary: Yuvraj Singh arrested for hurling casteist slur against Yuzvendra Chahal, later released on interim bail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com