‘ഡബിൾ ഹാട്രിക്കു’മായി ഐറിഷ് താരം; മലിംഗയ്ക്കും റാഷിദ് ഖാനും ശേഷം ആദ്യം!

curtis-campher
ഡബിൾ ഹാട്രിക് നേടിയ കർട്ടിസ് കാംഫറിന് (നടുവിൽ) സഹതാരങ്ങളുടെ അഭിനന്ദനം (ഐസിസി ട്വീറ്റ് ചെയ്ത ചിത്രം)
SHARE

അബുദാബി∙ തുടർച്ചയായി നാലു പന്തുകളിൽ നാലു വിക്കറ്റ്.. രാജ്യാന്തര ട്വന്റി20യിൽ ഇതുവരെ ശ്രീലങ്കൻ താരം ലസിത് മലിംഗ, അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ എന്നിവർക്കു മാത്രം സാധ്യമായ നേട്ടത്തിലേക്ക് പന്തെറിഞ്ഞ് വിസ്മയിപ്പിക്കുകയാണ് അയർലൻഡ് താരം കർട്ടിസ് കാംഫർ. യുഎഇയിലും ഒമാനിലുമായി ആരംഭിച്ച ട്വന്റി20 ലോകകപ്പ് യോഗ്യതാ റൗണ്ടിലാണ് കാംഫറിന്റെ വിസ്മയ പ്രകടനം. മത്സരത്തിലാകെ നാല് ഓവറിൽ 26 റൺസ് വഴങ്ങി നാലു വിക്കറ്റ് പിഴുത കാംഫറിന്റെ മികവിൽ അയർലൻഡ് ആദ്യ മത്സരത്തിൽ നെതർലൻഡ്സിനെ തോൽപ്പിച്ചു. കളിയിലെ കേമനും കാംഫർ തന്നെ.

9 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 51 റൺസുമായി ശ്രദ്ധയോടെ തുടക്കമിട്ട നെതർലൻഡ്സിനെതിരെ 10–ാം ഓവറിലാണ് കാംഫർ ഐതിഹാസിക ബോളിങ് പ്രകടനം പുറത്തെടുത്തത്. ഈ ഓവറിലെ രണ്ടാം പന്തിൽ കോളിൻ ആക്കർമാനെ വീഴ്ത്തിയാണ് കാംഫർ വിക്കറ്റ് വേട്ട  തുടങ്ങിയത്. 16 പന്തിൽ ഒരു ഫോർ സഹിതം 11 റൺസെടുത്ത ആക്കർമാനെ നീൽ റോക് പിടികൂടി.

പിന്നാലെ ടെൻ ഡൂഷെയ്റ്റ്, സ്കോട് എഡ്‌വാർഡ്സ്, വാൻഡെർ മെർവ് എന്നിവരെ ഗോൾഡൻ ഡക്കാക്കിയാണ് കാംഫർ നാലു പന്തിൽ നാല് വിക്കറ്റുകളെന്ന അപൂർവ നേട്ടം കൈവരിച്ചത്. രണ്ടിന് 51 റൺസെന്ന ശക്തമായ നിലയിൽനിന്ന് കാംഫറിന്റെ ഓവർ തീരുമ്പോഴേയ്ക്കും ആറിന് 51 റൺസെന്ന നിലയിൽ നെതർലൻഡ്സ് തകരുകയും ചെയ്തു.

കാംഫറിന്റെ അടിയിൽ വീണുപോയ നെതർലൻഡ്സിന് 20 ഓവറിൽ നേടാനായത് 106 റൺസ് മാത്രം. 47 പന്തിൽ ഏഴു ഫോറുകൾ സഹിതം 51 റൺസെടുത്ത ഓപ്പണർ മാക്സ് ഒദോദ് അവരുടെ ടോപ് സ്കോററായി. കോളിൻ ആക്കർമാൻ (16 പന്തിൽ 11), ക്യാപ്റ്റൻ പീറ്റർ സീലാൻ (29 പന്തിൽ 21), വാൻ ബീക് (12 പന്തിൽ 11) എന്നിവർ കൂടി ചേർന്നതോടെയാണ് നെതർലൻഡ് 106 റൺസിൽ എത്തിയത്.

മറുപടി ബാറ്റിങ്ങിൽ ഓപ്പണർ പോൾ സ്റ്റിർലിങ് , ഗാരത് ഡെലാനി എന്നിവർ തിളങ്ങിയതോടെ അയർലൻഡ് 29 പന്തുകളും ഏഴു വിക്കറ്റും ബാക്കിയാക്കി ലക്ഷ്യത്തിലെത്തി. 39 പന്തിൽ ഓരോ സിക്സും ഫോറും സഹിതമാണ് സ്റ്റിർലിങ് 30 റൺസെടുത്തത്. ഡെലാനി 29 പന്തിൽ അഞ്ച് ഫോറും രണ്ടു സിക്സും സഹിതം 44 റൺസുമായി പുറത്താകാതെ നിന്നു.

നേരത്തേ, 2007ലെ പ്രഥമ ട്വന്റി20 ലോകകപ്പിലാണ് ആദ്യമായി ഡബിൾ ഹാട്രിക് നേട്ടവുമായി ലസിത് മലിംഗ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചത്. അന്ന് സൂപ്പർ 8 മത്സരത്തിൽ കരുത്തരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു താരത്തിന്റെ നേട്ടം. 2019ൽ ന്യൂസീലൻഡിനെതിരായ ട്വന്റി20 മത്സരത്തിൽ മലിംഗ നേട്ടം ആവർത്തിച്ചു.

അഫ്ഗാനിസ്ഥാന്റെ മുൻ ക്യാപ്റ്റൻ കൂടിയായ റാഷിദ് ഖാൻ 2019ൽ അയർലൻഡിനെതിരെ ഡെറാഡൂണിലാണ് ഡബിൾ ഹാട്രിക് േനടിയത്. രാജ്യാന്തര ട്വന്റി20യിൽ ഹാട്രിക് നേടുന്ന ആദ്യ ഐറിഷ് താരമാണ് കാംഫർ.

English Summary: Curtis Campher becomes third bowler to pick 4 wickets in 4 balls in T20Is

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA