ADVERTISEMENT

ശ്രീനഗർ∙ യുഎഇയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ പാക്കിസ്ഥാന്റെ വിജയം പടക്കം പൊട്ടിച്ചും മുദ്രാവാക്യങ്ങൾ മുഴക്കിയും ആഘോഷിച്ചവർക്കെതിരെ ജമ്മു കശ്മീരിൽ കേസ്. പാക്കിസ്ഥാന്റെ വിജയമാഘോഷിക്കുന്നവരുടെ വിഡിയോകൾ പുറത്തുവന്ന സാഹചര്യത്തിലാണ് യുഎപിഎ പ്രകാരം കേസ് റജിസ്റ്റർ ചെയ്തത്. ഞായറാഴ്ച നടന്ന മത്സരത്തിൽ പാക്കിസ്ഥാൻ 10 വിക്കറ്റിനാണ് ഇന്ത്യയെ തോൽപ്പിച്ചത്. ലോകകപ്പ് വേദികളിൽ ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന്റെ ആദ്യ വിജയമായിരുന്നു ഇത്.

പാക്കിസ്ഥാന്റെ വിജയമാഘോഷിക്കുന്നവരുടെ വിഡിയോകളുടെ അടിസ്ഥാനത്തിൽ കേസ് റജിസ്റ്റർ ചെയ്തതായി കശ്മീർ ഐജി വിജയ് കുമാർ സ്ഥിരീകരിച്ചു. ശ്രീനഗറിലെ സൗറ, കരൺ നഗർ പൊലീസ് സ്റ്റേഷനുകളിൽ കേസ് റജിസ്റ്റർ ചെയ്തതായി വ്യക്തമായിട്ടുണ്ട്. വിഡിയോകളും സമൂഹമാധ്യമത്തിലെ പോസ്റ്റുകളും മാത്രം അടിസ്ഥാനമാക്കിയല്ല കേസുകളെന്ന് ‌പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

യുഎപിഎ പ്രകാരമുള്ള കേസുകളിൽ മുൻകൂർ ജാമ്യം ലഭിക്കില്ല. മാത്രമല്ല, കുറഞ്ഞത് അഞ്ച് വർഷത്തെ തടവുശിക്ഷയും ലഭിക്കാം. അതിനിടെ, പാക്കിസ്ഥാന്റെ വിജയം ഇന്ത്യൻ മണ്ണിൽ വച്ച് ആഘോഷിച്ചവർക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ താരങ്ങളായ വീരേന്ദർ സേവാഗും ഗൗതം ഗംഭീറും രംഗത്തെത്തിയിരുന്നു.

കശ്മീരിലെ ഒരു വനിതാ ഹോസ്റ്റലിൽ കോളജ് വിദ്യാർഥികൾ പാക്കിസ്ഥാന്റെ വിജയം ആഘോഷിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പടക്കം പൊട്ടിച്ചും നൃത്തം ചെയ്തും പാക്കിസ്ഥാന്റെ വിജയമാഘോഷിച്ച വിദ്യാർഥിനികൾ, ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയതായും റിപ്പോർട്ടുണ്ട്. മറ്റൊരു സ്ഥലത്ത് പാക്കിസ്ഥാൻ പതാക വീശി ലോകകപ്പ് വിജയമാഘോഷിക്കുന്നതും കാണാം.

നേരത്തെ, 2016ലെ ട്വന്റി20 ലോകകപ്പ് സെമിയിൽ ഇന്ത്യ വെസ്റ്റിൻഡീസിനോടു തോറ്റപ്പോൾ ശ്രീനഗർ എൻഐടിയിൽ പ്രദേശവാസികളായ വിദ്യാർഥികളും മറ്റു സ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർഥികളും തമ്മിൽ സംഘർഷമുണ്ടായത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

English Summary: J&K college students, staff booked under UAPA for celebrating Pakistan’s cricket win against India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com