ADVERTISEMENT

ന്യൂഡൽഹി∙ ട്വന്റി20 ലോകകപ്പിൽ ന്യൂസീലൻഡിനെതിരായ മത്സരത്തിൽ ‘ഭയം തോന്നിയെന്ന’ ഇന്ത്യൻ നായകൻ വിരാട് കോലിയുടെ ഏറ്റുപറച്ചിലിനെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ് രംഗത്ത്. വിരാട് കോലിയേപ്പോലൊരു വലിയ താരത്തിന്റെ വായിൽനിന്നു വരേണ്ട വാക്കുകളാണോ ഇതെന്ന് കപിൽ ചോദിച്ചു. ന്യൂസീലൻഡിനെതിരായ നിർണായക മത്സരത്തിൽ എട്ടു വിക്കറ്റിന് തോറ്റ ഇന്ത്യ പുറത്താകലിന്റെ വക്കിലാണ്. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനോട് ഇന്ത്യ 10 വിക്കറ്റിനു തോറ്റിരുന്നു.

ന്യൂസീലൻഡിനെതിരായ മത്സരശേഷം സംസാരിക്കുമ്പോഴാണ്, ‘പേടിച്ചാണ്’ ഫീൽഡിങ്ങിന് ഇറങ്ങിയതെന്ന് കോലി തുറന്നുപറഞ്ഞത്. ‘ഞങ്ങളുടെ ശരീരഭാഷ പരാജിതരുടേതായിരുന്നു. ബാറ്റ് കൊണ്ടോ പന്തുകൊണ്ടോ ധൈര്യം പ്രകടിപ്പിക്കാൻ ഞങ്ങൾക്കു കഴി‍ഞ്ഞില്ല. പ്രതിരോധിക്കാൻ പറ്റിയ സ്കോർ ഞങ്ങൾക്കുണ്ടായിരുന്നില്ല എന്നതു ശരിയാണ്. അതുകൊണ്ടുതന്നെ ഫീൽഡിലേക്കു ഭയപ്പാടോടെയാണു ഞങ്ങൾ ഇറങ്ങിയത്’ – ഇതായിരുന്നു വിരാട് കോലിയുടെ വാക്കുകൾ.

എന്നാൽ, കോലിയുടെ ഈ ഏറ്റുപറച്ചിൽ കപിൽ ദേവിന് ഒട്ടും രുചിച്ചില്ല. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ:

‘വിരാട് കോലിയേപ്പോലൊരു വലിയ താരത്തെ സംബന്ധിച്ച് വളരെ ദുർബലമായ പരാമർശമാണിത്. കളിക്കളത്തിൽ ടീമിന്റെ ശരീരഭാഷ ഇങ്ങനെയാണെങ്കിൽ എന്തു ചെയ്യും? ആ ടീമിന്റെ നായകന്റെ മനസ്സിലെ ചിന്തകൾ ഇതൊക്കെയാണെങ്കിൽ ടീമിനു പ്രചോചദനം നൽകാൻ കഴിയുമോ? കോലിയുടെ ആ വാക്കുകൾ കേട്ട് എനിക്ക് അദ്ഭുതം തോന്നി. കോലി അങ്ങനെയൊരു കളിക്കാരനല്ല’ – കപിൽ ദേവ് ചൂണ്ടിക്കാട്ടി.

‘ഒരു പോരാളിയെന്ന നിലയ്ക്കാണ് നമുക്കൊക്കെ കോലിയെ പരിചയം. പെട്ടെന്നുള്ള എന്തോ തോന്നലിലാണ് കോലി അങ്ങനെ പ‌റഞ്ഞതെന്നു കരുതുന്നു. ഞങ്ങൾക്ക് ധൈര്യമില്ലായിരുന്നു എന്നൊന്നും ഒരു ക്യാപ്റ്റനും പറയാൻ പാടില്ല. ഒരു രാജ്യത്തെ പ്രതിനിധീകരിക്കുന്നവരാണ് താരങ്ങൾ. ആ ചിന്തയും ആവേശവും എപ്പോഴും മനസ്സിൽ വേണം. പക്ഷേ, ഇത്തരത്തിൽ ഓരോന്നു പറ‍ഞ്ഞാൽ നിങ്ങൾക്കെതിരെ ചോദ്യമുയരുമെന്ന് തീർച്ച’ – കപിൽ ദേവ് ചൂണ്ടിക്കാട്ടി.

ഇത്തവണ ലോകകപ്പിൽ ഏറ്റവും കിരീടസാധ്യതയുള്ള ടീമുകളിൽ ഒന്നായിരുന്നെങ്കിലും, ആദ്യ  രണ്ടു മത്സരങ്ങളും തോറ്റ് പുറത്താകലിന്റെ വക്കിലാണ് ഇന്ത്യ. അതേക്കുറിച്ചും കപിൽ മനസ്സു തുറന്നു.

‘എനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ല. എത്രത്തോളം നമുക്കു വിമർശിക്കാൻ പറ്റും? ഐപിഎൽ പോലൊരു വേദിയിൽ കളിച്ചുതെളിഞ്ഞ് ലോകകപ്പിനെത്തിയവർ ഇങ്ങനെ കളിച്ചാൽ വിമർശനം സ്വാഭാവികമാണ്. ഒരു ടീം ജയിക്കുമ്പോൾ അവരെ എത്ര പുകഴ്ത്തിയാലും മതിയാകില്ല. അതുപോലെ ഈ ടീമിന്റെ തോൽവിയിൽ എത്ര വിമർശിച്ചാലും അധികമാകില്ല. കാരണം, പ്രതീക്ഷയോടു നീതി പുലർത്തുന്ന പ്രകടനമല്ല ഇന്ത്യൻ ടീമിന്റേത്. മത്സരത്തിൽ പോരാടി തോൽക്കുന്നത് മനസ്സിലാക്കാം. പക്ഷേ, ഈ മത്സരത്തിൽ നമുക്ക് കൊള്ളാമെന്നു തോന്നിയ ഒരു പ്രകടനം പോലും കണ്ടില്ല’ – കപിൽ പറഞ്ഞു.

English Summary: Kapil Dev reacts to Kohli's 'we were not brave enough' comment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com