ADVERTISEMENT

ദുബായ് ∙ കുറെക്കാലമായി ബയോ ബബ്‌ളിനുള്ളിൽ കഴിയുന്നതിന്റെ ക്ഷീണം താരങ്ങൾക്കുണ്ടെന്നും തിരിച്ചടികൾക്ക് അതും കാരണമാകാമെന്നും ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര. യുഎഇയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം പരാജയത്തോടെ ഇന്ത്യ പുറത്താകലിന്റെ വക്കിലെത്തിയ സാഹചര്യത്തിലാണ് ബുമ്രയുടെ പ്രതികരണം. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനോട് 10 വിക്കറ്റിനു തോറ്റ ഇന്ത്യ, രണ്ടാം മത്സരത്തിൽ ന്യൂസീലൻഡിനോട് എട്ടു വിക്കറ്റിനും തോറ്റതോടെയാണ് പുറത്താകലിന്റെ വക്കിലായത്. ഇനിയുള്ള മൂന്നു മത്സരങ്ങളിൽ അഫ്ഗാനിസ്ഥാൻ, സ്കോട്‌ലൻഡ്, നമീബിയ ടീമുകളെ തോൽപ്പിച്ചാലും ഇന്ത്യയ്ക്ക് സെമി ഉറപ്പില്ലാത്ത അവസ്ഥയാണ്.

‘ആരാണ് വിശ്രമം ആഗ്രഹിക്കാത്തത്. കുറെക്കാലമായി വീടുകളിൽനിന്ന് അകന്ന് ബബ്‌ളിലാണു ജീവിതം. കളത്തിലിറങ്ങുമ്പോൾ മറ്റു കാര്യങ്ങളൊന്നും ശ്രദ്ധിച്ചെന്നു വരില്ല. പക്ഷേ, അല്ലാത്തപ്പോൾ വീടും നാടുമൊക്കെ മനസ്സിലേക്കു വന്നേക്കാം’ – ബുമ്ര ചൂണ്ടിക്കാട്ടി.

‘എങ്കിലും കോവിഡ് സാഹചര്യത്തിൽ ബബ്ൾ ജീവിതമല്ലാതെ മറ്റു വഴികളില്ലെന്നു ഞങ്ങൾക്കു ബോധ്യമുണ്ട്. അതുണ്ടാക്കുന്ന ക്ഷീണം ചെറുതല്ല. മാനസികമായും ഈ സാഹചര്യം ഞങ്ങളെ ഉലയ്ക്കാറുണ്ട്’ – ബുമ്ര പറഞ്ഞു.

ന്യൂസീലൻഡിനെതിരായ മത്സരത്തിൽ രണ്ടാമതു ബോളിങ് ബുദ്ധിമുട്ടായിരിക്കുമെന്ന ധാരണയിൽ കൂടുതൽ റൺസ് നേടി സുരക്ഷിതരാകാനുള്ള ശ്രമമാണ് ടീമിന്റെ തകർച്ചയ്ക്കു കാരണമായതെന്ന് ബുമ്ര പറഞ്ഞു.

‘രണ്ടാം ഇന്നിങ്സിൽ മഞ്ഞുവീഴ്ചയുള്ളതിനാൽ ബോളിങ് ബുദ്ധിമുട്ടാകുമെന്ന് തീർച്ചയായിരുന്നു. അതുകൊണ്ട് ബാറ്റിങ്ങിൽ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടിയിരുന്നു. കുറച്ചധികം റൺസ് നേടിയാൽ രണ്ടാം ഇന്നിങ്സിൽ നമുക്കു കുറച്ചു മുൻതൂക്കം കിട്ടുമെന്ന് കരുതി. അങ്ങനെയാണ് കൂടുതൽ ആക്രമിച്ചു കളിച്ചത്. അത് നമ്മുടെ ദിവസമല്ലാത്തതുകൊണ്ട് വിക്കറ്റുകൾ തുടർച്ചയായി നിലംപൊത്തി’ – ബുമ്ര ചൂണ്ടിക്കാട്ടി.

English summary: Bumrah on India’s batting approach against New Zealand and fatigue concerns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com